നവദമ്പതികളടക്കം പതിനെട്ടാം പടികയറി ശബരിമലയിലെത്തിയതിന് തെളിവുകള്‍ പുറത്ത്
Kerala News
നവദമ്പതികളടക്കം പതിനെട്ടാം പടികയറി ശബരിമലയിലെത്തിയതിന് തെളിവുകള്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 10:01 am

 

കൊച്ചി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ശബരിമലയില്‍ നേരത്തെ യുവതികള്‍ പ്രവേശിച്ചിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം സ്ഥിരീകരിച്ച് ദേവസ്വംബോര്‍ഡും അയ്യപ്പസേവാ സംഘവും 1993ല്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ശബരിമലയില്‍ കഴിഞ്ഞ 60 വര്‍ഷമായി മലചവിട്ടുന്ന താന്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള യുവതികള്‍ പതിനെട്ടാം പടി ചവിട്ടുന്നത് പലതവണ കണ്ടിട്ടുണ്ടെന്നാണ് അന്നത്തെ അയ്യപ്പസേവാസംഘം സെക്രട്ടറി കെ.പി.എസ് നായര്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. ന്യൂസ് 18 കേരളയാണ് ഇതുസംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്.

Also Read:സ്‌കൂളില്‍ മതവൈരം വളര്‍ത്താന്‍ ശ്രമം: അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

ഇതരസംസ്ഥാനത്തില്‍ നിന്നടക്കം നിരവധി ഭക്തര്‍ സന്നിധാനത്തെത്തിയിരുന്നു. ഇവര്‍ക്കൊപ്പം യുവതികളുമുണ്ടായിരുന്നു. നവദമ്പതികളും ധാരാളമായി മലചവിട്ടിയിരുന്നു. യുവതികളെ മലചവിട്ടാന്‍ അനുവദിക്കരുതെന്ന് ഡ്യൂട്ടിയിലുള്ള പൊലീസുകാരോട് പലതവണ അയ്യപ്പസേവാസംഘം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ നടപടിയെടുത്തിരുന്നില്ല. യുവതീ പ്രവേശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് അയ്യപ്പസേവാസംഘം പ്രമേയം പാസാക്കിയിരുന്നു.

മണ്ഡല മകരവിളക്ക്, വിഷുവിളക്ക് ഒഴികെയുള്ള സമയങ്ങളില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

ചങ്ങനാശ്വേരി സ്വദേശി എസ്. മഹേന്ദ്രന്‍ നല്‍കിയ ഹര്‍ജിയില്‍ സാക്ഷിഭാഗമായി വിസ്തരിച്ചതാണ് കെ.പി.എസ് നായരെ.

ശബരിമലയില്‍ സ്ത്രീ പ്രവേശനം നിരോധിച്ചത് പതിറ്റാണ്ടുകളായുള്ള ആചാരത്തിന്റെ ഭാഗമാണിതെന്ന പ്രതിഷേധക്കാരുടെ വാദമാണ് ഇതോടെ പൊളിയുന്നത്.