ന്യൂദല്‍ഹി: അയ്യപ്പ വിഗ്രഹത്തിന് നിയമപരിരക്ഷയുണ്ടെന്ന് അഡ്വ. സായ് ദീപക് സുപ്രീം കോടതിയില്‍. പീപ്പിള്‍ ഫോര്‍ ധര്‍മ്മയ്ക്കുവേണ്ടി ഹാജരായതായിരുന്നു അദ്ദേഹം.
അയ്യപ്പ വിഗ്രഹത്തിന് നിയമപരിരക്ഷയുണ്ട്. അതുകൊണ്ടുതന്നെ വിഗ്രഹത്തിന് ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശം, വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, ആരാധനാ സ്വാതന്ത്ര്യത്തിനുള്ള അവകാശം എന്നിവയുണ്ടെന്നാണ് അദ്ദേഹം കോടതിയില്‍ പറഞ്ഞത്.
“നൈഷ്ഠിക ബ്രഹ്മചാരിയായി” നിലനില്‍ക്കാനുള്ള അയ്യപ്പന്റെ അവകാശം ആര്‍ട്ടിക്കിള്‍ 25 പ്രകാരം അദ്ദേഹത്തിന് ലഭിച്ചിട്ടുള്ള സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കോടതിയില്‍ അഭിപ്രായപ്പെട്ടു.
Also Read:“കൊച്ചിയിലെത്തിയാലുടന്‍ ഹനാനെ കാണും”; പിന്തുണയുമായി സംസ്ഥാന വനിതാ കമ്മീഷന്‍
“ഇത് ക്ഷേത്രവും സ്ത്രീകളും തമ്മിലുള്ള അല്ലെങ്കില്‍ പുരുഷനും സ്ത്രീകളും തമ്മിലുള്ള അല്ലെങ്കില്‍ പുരുഷനും പുരുഷനും തമ്മിലുളള അല്ലെങ്കില്‍ സ്ത്രീയും സ്ത്രീയും തമ്മിലുള്ള വിഷയമല്ല. നാളെ 41 ദിവസത്തെ വ്രതമെടുക്കുന്നതില്‍ ഇളവുനേടി പുരുഷന്മാര്‍ സമീപിച്ചേക്കും” എന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ടുളള ഹരജി ക്ഷേത്രത്തിന്റെ പ്രശസ്തി തകര്‍ക്കാനുള്ള നീക്കമാണെന്നാണ് പന്തളം കുടുംബാംഗങ്ങള്‍ സുപ്രീം കോടതിയില്‍ പറഞ്ഞത്.
പബ്ലിസിറ്റിക്കു വേണ്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്. ഹരജിക്കാര്‍ അയ്യപ്പ ഭക്തരോ വിശ്വാസികളോ അല്ലെന്നും പന്തളം രാജകുടുംബം സുപ്രീം കോടതിയില്‍ പറഞ്ഞു.
ശബരിമലയിലെ ആചാരങ്ങള്‍ ക്ഷേത്ര പ്രതിഷ്ഠയുടെ കാലം മുതല്‍ ഉള്ളതാണെന്ന് ഇവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.രാധാകൃഷ്ണന്‍ പറഞ്ഞു. തലമുറകളായി തുടരുന്ന മതപരമായ ആചാരത്തില്‍ കോടതി ഇടപെടരുത്. ഹര്‍ജിക്കാര്‍ ഹിന്ദു വിശ്വാസത്തെയാണ് ഉന്നം വയ്ക്കുന്നതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
തന്നെ കാണാനെത്തുന്നവര്‍ക്കു നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതം വേണമെന്നത് പ്രതിഷ്ഠയുടെ ഇച്ഛയാണ്. അതിനെ മാനിക്കേണ്ടതുണ്ട്. ഇത് മാനിച്ച് സ്ത്രീകള്‍ ശബരിമലയില്‍നിന്ന് സ്വയം മാറിനില്‍ക്കുകയാണെന്നും ഇവര്‍ കോടതിയെ അറിയിച്ചു.
സ്ത്രീകള്‍ക്കു 41 ദിവസത്തെ വ്രതം എടുക്കാനാവില്ല. ഇതു വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കാന്‍ കോടതി തയാറാവണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത്തരം രേഖകള്‍ പരിശോധിക്കേണ്ടതില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ ഭാഷയില്‍ മാത്രമാണ് കോടതിക്കു സംസാരിക്കാനാവുകയെന്നും മറ്റൊന്നും പരിഗണിക്കില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രതികരിച്ചു.