തിരുവനന്തപുരം: ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വലഞ്ഞ് അയ്യപ്പഭക്തര്‍. ഇന്നലെ നട തുറന്നശേഷം ദര്‍ശനം കഴിഞ്ഞ് മലയിറങ്ങിയ അയ്യപ്പഭക്തര്‍ക്ക് നിലയ്ക്കലില്‍ നിന്ന് പുറപ്പെട്ടെങ്കിലും വാഹനത്തില്‍ ഇന്ധനമില്ലാത്തതിനാല്‍ വഴിയില്‍ കുടുങ്ങികിടക്കുകയാണ്.
ശബരിമലയിലേക്ക് പുറപ്പെട്ട ഭക്തരും യാത്രാമധ്യേ കുടുങ്ങിക്കിടക്കുകയാണ്. പലയിടത്തും ഹര്‍ത്താല്‍ അനുകൂലികളുടെ നേതൃത്വത്തില്‍ ശബരിമല തീര്‍ത്ഥാടകരുടേതുള്‍പ്പടെയുള്ളവരുടെ വാഹനം തടയുകയാണ്.
പെട്രോള്‍പമ്പുകള്‍ അടച്ചിടുന്നതിനാല്‍ തീര്‍ത്ഥാടകരുടെ വാഹനം വഴിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. വൈകുന്നേരം ഹര്‍ത്താല്‍ അവസാനിച്ചശേഷമേ പമ്പ് തുറക്കൂ എന്നതിനാല്‍ വാഹനങ്ങള്‍ പാതിവഴിയില്‍ യാത്ര അവസാനിച്ചിരിക്കുകയാണ്.
ഹോട്ടലുകള്‍ തുറക്കാത്തതിനാല്‍ ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ഭക്തര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. നിലയ്ക്കലില്‍ തടഞ്ഞില്ലെങ്കിലും അതിന് ശേഷം വഴിയില്‍ തങ്ങളുടെ വണ്ടി തടഞ്ഞെന്നും ഭക്തര്‍ പറയുന്നു.
ഹര്‍ത്താലിനോടനുബന്ധിച്ച് കെ.എസ്.ആര്‍.ടി.സിയും സര്‍വീസ് നിര്‍ത്തിയതോടെ പത്തനംതിട്ടയില്‍ നിന്നുള്ള അയ്യപ്പഭക്തരുടെ തീര്‍ത്ഥാടനത്തേയും ബാധിച്ചു.
സാധാരണഗതിയില്‍ മണ്ഡല-മകരവിളക്ക് ദിവസങ്ങളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ പത്തനംതിട്ട ജില്ലയെ തീര്‍ത്ഥാടനസീസണ്‍ കണക്കിലെടുത്ത് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഹിന്ദു ഐക്യവേദിയും ശബരിമലകര്‍മസമിതിയും പ്രഖ്യാപിച്ച ഹര്‍ത്താല്‍ പത്തനംതിട്ട ജില്ലയെ ഒഴിവാക്കിയിരുന്നില്ല. മാത്രമല്ല ശശികലയെ വിട്ടയക്കാത്തപക്ഷം ഹര്‍ത്താല്‍ തുടരുമെന്ന് ബി.ജെ.പി പറഞ്ഞിട്ടുണ്ട്.
അതേസമയം കെ.പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.
തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.
വയനാട്ടില്‍ പൊലീസ് അകമ്പടിയില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് എത്തി കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ കുടുങ്ങിയവരുമായി യാത്ര തിരിച്ച അഞ്ച് കെ.എസ്.ആര്‍.ടി.സി ബസുകളാണ് ബത്തേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്.
WATCH THIS VIDEO: