അന്‍വര്‍ ഷാ ഇടുക്കി
ഇതിഹാസതുല്യമായൊരു ജീവിതം നയിച്ച അയ്യങ്കാളിയുടെ 69ാം ചരമവാര്‍ഷിക ദിനമാണിന്ന്. ഇന്ത്യന്‍ സാമൂഹിക-രാഷ്ട്രീയചരിത്രത്തില്‍ സമാനതകളില്ലാത്ത ജൈത്രയാത്ര നടത്തി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുപോയ ജീവിതമാണ് മഹാത്മാ അയ്യങ്കാളിയുടേത്. അനീതിയും അയിത്തവും അടിമത്തവും കൊണ്ടു മൃഗങ്ങളേക്കാള്‍ നികൃഷ്ടമായ ജീവിതസാഹചര്യങ്ങളാണ് അന്നു പുലയര്‍ ഉള്‍പ്പെടെയുള്ള ദരിദ്രജനതയ്ക്ക് അനുഭവിക്കേണ്ടിവന്നിരുന്നത്. പൊതു ഇടങ്ങളിലെവിടെയും അവര്‍ക്കു പ്രവേശനം നിഷേധിക്കപ്പെട്ടിരുന്നു. പണം കൊടുത്താല്‍ പോലും ചായക്കടകളില്‍ നിന്നു ചിരട്ടയിലേ ചായ പകര്‍ന്നുകൊടുക്കൂ. വെള്ള വസ്ത്രങ്ങള്‍ പണം കൊടുത്തു വാങ്ങിയാല്‍ പോലും ഉടുക്കാനുള്ള അവകാശമില്ല. അതു ചാണകവെള്ളത്തിലോ മറ്റ് അഴുക്കുവെള്ളത്തിലോ മുക്കി നിറംകളഞ്ഞിട്ടു വേണമായിരുന്നു ഉപയോഗിക്കാന്‍ .
നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഉണ്ണാനുള്ള ഭക്ഷണ സാധനങ്ങള്‍ അധ്വാനിച്ചുണ്ടാക്കുമ്പോഴും അവര്‍ക്ക് ആഹാരം കൊടുത്തിരുന്നത് മണ്ണില്‍ കുഴിയെടുത്ത് ആ കുഴിയില്‍ വാഴയില ഇറക്കിവച്ച് അതിലാണ്. അധഃസ്ഥിതവിഭാഗത്തിലെ സ്ത്രീകള്‍ക്കു മാറുമറയ്ക്കാനുള്ള അനുവാദവും അവകാശവും സവര്‍ണ തമ്പുരാക്കന്മാര്‍ നിഷേധിച്ചിരുന്നു. അങ്ങനെ മനുഷ്യത്വഹീനമായ വ്യവസ്ഥിതിയുടെ ഇരകളായിരുന്നു അധഃസ്ഥിതര്‍. ഇന്നത്തെ തലമുറയ്ക്കു സങ്കല്‍പ്പിക്കാവുന്നതിനപ്പുറത്തുള്ള അവഹേളനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും തലമുറകളായി നിശ്ശബ്ദരായി വിധേയരാക്കപ്പെട്ട ജനതയുടെ നിസ്സഹായതകളിലേക്കാണ് അയ്യങ്കാളിയുടെ ജനനം. ജാതിവ്യവസ്ഥയുടെ അനാചാരങ്ങള്‍കൊണ്ട് ഇരുള്‍മൂടിക്കിടന്ന തിരുവിതാംകൂറിന്റെ വഴിത്താരകളില്‍ അയ്യങ്കാളിയുടെ ശബ്ദവും സാന്നിധ്യവും മിന്നല്‍പ്പിണര്‍ മാത്രമല്ല, ഇടിമുഴക്കങ്ങളും സൃഷ്ടിച്ചുകൊണ്ടിരുന്നു. മനുഷ്യരായി ജനിച്ചിട്ടും നായ്ക്കളും നരികളും യഥേഷ്ടം വിഹരിക്കുന്ന പൊതുവഴിയിലൂടെ അധഃസ്ഥിതജനവിഭാഗങ്ങള്‍ക്കു സഞ്ചരിക്കാനോ വിദ്യാഭ്യാസം നേടാനോ ഉള്ള അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു അത്. പഴയകാല ആയ് രാജ്യത്തിന്റെ കേന്ദ്രമായിരുന്ന വിഴിഞ്ഞത്തിനും ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തിനും കിഴക്കുള്ള വെങ്ങാനൂര്‍ എന്ന ഗ്രാമത്തിലെ പെരുങ്കാറ്റുവിളയില്‍ പുലയ വിഭാഗത്തില്‍പ്പെട്ട അയ്യന്റെയും മാലയുടെയും മകനായാണ് 1883 ആഗസ്റ്റ് 28ന് അയ്യങ്കാളി ഭൂജാതനാവുന്നത്.
ബാല്യത്തില്‍ തന്നെ തന്റെ സമൂഹം നേരിടുന്ന ഭീകരമായ വിവേചനത്തെക്കുറിച്ചു മനസ്സിലാക്കുന്നതിനും തിരിച്ചറിയുന്നതിനും അയ്യങ്കാളിക്കു കഴിഞ്ഞു. ജാതിയാണ് സാമൂഹികപദവിയുടെ അളവുകോലെന്നു മനസ്സിലാക്കിയ അദ്ദേഹം അതിനെ ശക്തമായി നേരിടാന്‍ തീരുമാനിച്ചു. അധ്വാനിക്കുന്ന ജനത അടിമകളല്ലെന്നും സ്വന്തം കായികശക്തി മറ്റാര്‍ക്കും പണയംവച്ചു കഴിയേണ്ടവരല്ല അവര്‍ണ ജനതയെന്നും അദ്ദേഹം തന്റെ സുഹൃത്തുക്കളെയും സമകാലികരെയും നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
സ്വാഭാവികമായും വ്യവസ്ഥിതിക്കെതിരേ പോരാട്ടത്തിന് ഇറങ്ങിത്തിരിക്കുന്നവര്‍ക്കുണ്ടാവുന്ന എല്ലാ വൈതരണികളും അയ്യങ്കാളിക്കും സഹപ്രവര്‍ത്തകര്‍ക്കും നേരിടേണ്ടിവന്നു. സവര്‍ണ ജാതിഹിന്ദുക്കളില്‍ നിന്നുള്ള ഭീഷണിയും പീഡനങ്ങളുമായിരുന്നു കൂടുതലും. അടിക്ക് തിരിച്ചടി എന്ന കാര്യത്തില്‍ അയ്യങ്കാളിക്ക് സന്ദേഹമുണ്ടായിരുന്നില്ല. അതിന്റെ പരിണതഫലമായിരുന്നു “അയ്യങ്കാളിപ്പട”യുടെ രൂപീകരണം. ജാതിയുടെ പേരിലുള്ള ഏതൊരു വിവേചനത്തെയും അസ്വാതന്ത്ര്യത്തെയും നേരിടുക എന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട പൊതുവഴിയിലൂടെ 1898ല്‍ വെള്ളക്കാളകളെ കെട്ടിയ വില്ലുവണ്ടിയുമായി അദ്ദേഹം കുതിച്ചുപായുമ്പോള്‍ നൂറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെട്ട ഒരു ജനതയുടെ സ്വത്വബോധം സടകുടഞ്ഞെണീക്കുകയായിരുന്നു. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടി സ്വയം സംഘടിക്കണമെന്ന വ്യക്തമായ സന്ദേശമാണ് അയ്യങ്കാളി നല്‍കിയത്.
1898ലെ വില്ലുവണ്ടി സമരത്തോടെ തുടങ്ങിയ സമരപരിപാടി അതേവര്‍ഷം തന്നെ ബാലരാമപുരം ആറാലുംമൂട് പുത്തന്‍ചന്തയില്‍ അരങ്ങേറിയ സായുധകലാപത്തിനും വഴിയൊരുക്കി. 1904 അധഃസ്ഥിതരെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു വര്‍ഷമാണ്. അയ്യങ്കാളിയുടെ ജന്മനാടായ വെങ്ങാനൂരില്‍ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചുകൊണ്ട് അദ്ദേഹം അധഃസ്ഥിതന്റെ വിദ്യാഭ്യാസത്തിന് അടിത്തറയിട്ടു. ശുചിത്വം, അച്ചടക്കം, സാന്മാര്‍ഗികത മുതലായ പ്രാഥമികപ്രശ്‌നങ്ങള്‍ക്കൊപ്പം സഞ്ചാരം, സ്‌കൂള്‍ പ്രവേശനം മുതലായ സ്വാതന്ത്ര്യങ്ങള്‍ നേടുന്നതിനുവേണ്ടി ഇരകളാക്കപ്പെട്ട എല്ലാ ജാതിസമുദായങ്ങളെയും ഒരു പ്രസ്ഥാനത്തിനു കീഴില്‍ കൊണ്ടുവരുകയെന്ന ഉദ്ദേശ്യത്തോടെ “സാധുജന പരിപാലനസംഘം” എന്ന സംഘടന 1907ല്‍ രൂപീകരിച്ചുകൊണ്ട് അതിന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. അയ്യങ്കാളി സാധുജന പരിപാലന സംഘത്തിന്റെ സംഘടിതമായ പ്രവര്‍ത്തനം കൊണ്ട് 1907 ജൂണില്‍ അയിത്തവിഭാഗക്കാര്‍ക്കു സ്‌കൂള്‍ പ്രവേശനം അനുവദിച്ചു സര്‍ക്കാര്‍ ഉത്തരവുണ്ടായി. എന്നാല്‍, ജാതിമേധാവികള്‍ ഉത്തരവിനെതിരേ ശക്തമായി നിലകൊണ്ടു. സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും സ്‌കൂള്‍ പ്രവേശനം ലഭിക്കാതായപ്പോള്‍ അയ്യങ്കാളി “പഞ്ചമി” എന്നൊരു അയിത്തജാതി പെണ്‍കുട്ടിയുമായി 1910ല്‍ ഊരുട്ടമ്പലം സ്‌കൂളിലെത്തി. ചെറുത്തുനില്‍പ്പുകളും അക്രമങ്ങളും തദ്ഫലമായുണ്ടായി. “പഞ്ചമി” കയറി അശുദ്ധമാക്കിയ സ്‌കൂള്‍ അഗ്നിക്കിരയാക്കപ്പെട്ടു.
ഇത്തരം പ്രശ്‌നങ്ങള്‍ അന്നു രാജാവിന്റെ മുന്നില്‍ അവതരിപ്പിക്കാന്‍ അയ്യങ്കാളി മുന്‍കൈയെടുത്തു. രാജാവിനു നിവേദനം നല്‍കി പ്രശ്‌നത്തിനു പരിഹാരമായി. അയ്യങ്കാളിയെന്ന നേതാവ് പ്രസിദ്ധിയിലേക്കുയര്‍ന്നു. 1912ല്‍ ശ്രീമൂലം പ്രജാസഭയില്‍ അദ്ദേഹം നോമിനേറ്റ് ചെയ്യപ്പെട്ടു. അതേവര്‍ഷം ഫെബ്രുവരി 26ന് നിരക്ഷരനായ അയ്യങ്കാളിയുടെ കന്നിപ്രസംഗം പ്രതിനിധിസഭയില്‍ മുഴങ്ങി. നാടിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂള്‍പ്രവേശനത്തിനു വേണ്ടി നടന്ന സമരങ്ങളില്‍ ഏറ്റവും പ്രസിദ്ധമായത് 1913 ജൂണ്‍ മുതല്‍ 1914 മെയ് മാസം വരെ നീണ്ടുനിന്ന കാര്‍ഷിക പണിമുടക്കു സമരമായിരുന്നു. ഇന്ത്യാ ചരിത്രത്തിലെ ആദ്യത്തെ പണിമുടക്കുസമരം; ഒരു വര്‍ഷം തിരുവിതാംകൂറിലെ വയലേലകള്‍ തരിശായിക്കിടന്നു. അയ്യങ്കാളിയുടെ ആജ്ഞാശക്തിയാല്‍ ഒരു അധഃസ്ഥിതനും പാടത്തു പണിക്കിറങ്ങിയില്ല.
കൃഷിഭൂമി നിറയെ മുട്ടിപ്പുല്ലു മൂടിയപ്പോള്‍ സവര്‍ണതമ്പുരാക്കന്‍മാര്‍ ചര്‍ച്ചയ്ക്കു തയ്യാറായി. തങ്ങളുടെ കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം നല്‍കിയാല്‍ മാത്രമേ സമരത്തില്‍ നിന്നു പിന്തിരിയുകയുള്ളൂവെന്ന അയ്യങ്കാളിയുടെയും കൂട്ടരുടെയും തീരുമാനം അംഗീകരിക്കപ്പെട്ടു. പണിമുടക്കു മഹോല്‍സവങ്ങള്‍ക്ക് എന്നും നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അന്ന് ഇന്ത്യയില്‍ രൂപീകരിക്കപ്പെട്ടിട്ടുപോലുമില്ലായിരുന്നു.
പക്ഷേ, പ്രശ്‌നങ്ങള്‍ ഒടുങ്ങുകയായിരുന്നില്ല, തുടങ്ങുകയായിരുന്നു. അധഃസ്ഥിതന്റെ സംഘടിതശക്തിയെ തോല്‍പ്പിക്കാന്‍ സവര്‍ണസമൂഹം തുനിഞ്ഞിറങ്ങി. അയ്യങ്കാളിയെയും സംഘത്തെയും വകവരുത്താന്‍ രഹസ്യനീക്കങ്ങള്‍ പലതും നടന്നു. അയ്യങ്കാളിയെ പിടിച്ചുകൊടുക്കുന്നവര്‍ക്ക് 2000 രൂപയാണ് ജാതിമേലാളന്മാര്‍ പാരിതോഷികമായി പ്രഖ്യാപിച്ചത്. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് 1915 ഒക്‌ടോബര്‍ 24ന് കൊല്ലത്തെ പെരിനാട്ട് യോഗം ചേരുന്നത്. സാധുജന പരിപാലനസംഘത്തിന്റെ യോഗം കലക്കാന്‍ വന്ന ചട്ടമ്പികളെ പുലയസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കൊത്തിനുറുക്കി. സംഘര്‍ഷവും ചോരപ്പുഴകളും പെരിനാട്ടിനെ ചുവപ്പിച്ചു. 1916 ഫെബ്രുവരി 29ന് പ്രജാസഭയില്‍ വച്ചു കൃഷിഭൂമിയില്‍ പണിയെടുക്കുന്നവര്‍ക്ക് നിലങ്ങള്‍ പതിച്ചുനല്‍കണമെന്ന ആവശ്യം അയ്യങ്കാളി ഉയര്‍ത്തി. ആവശ്യം അംഗീകരിക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി അധഃസ്ഥിതര്‍ ഭൂമിയുടെ ഉടമകളായി.
1912 മുതല്‍ തുടര്‍ച്ചയായി 28 വര്‍ഷം പ്രജാസഭാ അംഗം എന്ന നിലയില്‍ അയ്യങ്കാളി നിറഞ്ഞുനിന്നു. തന്റെ സമൂഹത്തിന്റെ വേദനകളും ദൈന്യതകളും അദ്ദേഹം ഉള്‍ക്കൊണ്ടു. നാല്‍പ്പതാമത്തെ വയസ്സു മുതല്‍ അദ്ദേഹം രോഗവിധേയനായിത്തീര്‍ന്നു. അതിസാരവും മറ്റ് അസുഖങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യത്തെ തകര്‍ത്തു. 1941 ജൂണ്‍ 18ന് 77ാമത്തെ വയസ്സില്‍ അധഃസ്ഥിതരുടെ വിമോചകന്‍ മറ്റാര്‍ക്കും നേടാനും തകര്‍ക്കാനും കഴിയാത്ത ചങ്കുറപ്പോടെ തന്റെ കര്‍മപഥത്തില്‍ നിന്നു മറഞ്ഞു. പക്ഷേ, അയ്യങ്കാളിയെന്ന ചരിത്രം സൃഷ്ടിച്ച ഒറ്റയാന്‍ ഇന്ത്യയിലെ അധഃസ്ഥിത ജനതയുടെ എക്കാലത്തെയും അനിഷേധ്യനേതാവായിത്തന്നെ നിലനില്‍ക്കും.
കടപ്പാട് :എം കെ മനോജ്കുമാര്‍, ഡോക്ടര്‍ എം എസ് ജയപ്രകാശ്, കമലാ സുരയ്യ
സഹായം: ഗൂഗിള്‍, വിക്കിപീഡിയ, വേര്‍ഡ്പ്രസ്സ്, ബ്ലോഗര്‍