തൃശ്ശൂര്‍: ആധുനിക കേരളത്തിന്റെ പിതാവ് മഹാത്മാ അയ്യങ്കാളിയെ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം വംശീയമായി അപമാനിച്ച കുറ്റത്തിന് യുവാവ് അറസ്റ്റില്‍. എറണാകുളം കുറുമശ്ശേരി സ്വദേശി അഖില്‍ ജെ.ആര്‍. ആണ് പിടിയിലായത്.
അയങ്കാളിയെ വംശീയമായും അശ്ലീല ചുവ കലര്‍ന്ന വാക്കുകള്‍ കൊണ്ടും അധിക്ഷേപിക്കുന്ന നിരവധി പോസ്റ്റുകളാണ് ഇയാള്‍ അഡ്മിനായ ഗ്രൂപ്പില്‍ പങ്കുവെച്ചിരുന്നത്. ഇതിനെതിരെ ഭീം ആര്‍മി കേരള ഘടകമാണ് പൊലീസിന് പരാതി നല്‍കിയത്.
‘Kukucha’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്റെ അഡ്മിനായ അഖിലിനെ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് ഡിപ്പാര്‍ട്‌മെന്റിന് കൈമാറുകയായിരുന്നു. അതേസമയം, ഈ കേസിലെ മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യാതെ പ്രതിഷേധങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ഭീം ആര്‍മി കേരള യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.
അയ്യങ്കാളിയേയും ദളിതരെയും അപമാനിക്കുന്ന ജാതീയമായ പോസ്റ്റുകള്‍ക്ക് പുറമേ സ്ത്രീകളുടെ സ്വകാര്യ ചിത്രങ്ങളും, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തും അല്ലാതെയും പ്രചരിപ്പിക്കുന്നതായി ഭീം ആര്‍മി നേതാക്കള്‍ ആരോപിച്ചു. അഖിലിന് പുറമെ സാമൂഹ്യവിരുദ്ധരായ നിരവധി അംഗങ്ങളാണ് ഈ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ഉള്ളതെന്നും കേരളത്തില്‍ ഒരു കലാപ ശ്രമം തന്നെയാണ് ഇവര്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതെന്നും സംഘടന വിമര്‍ശിച്ചു.
അറസ്റ്റിലായ അഖില്‍ ജെ.ആര്‍. തൃശ്ശൂര്‍ മാളയിലെ മെട്‌സ് എന്‍ജിനീയറിങ് കോളേജിലാണ് പഠിക്കുന്നതെന്നാണ് ഫേസ്ബുക്ക് പ്രൊഫൈലില്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് ഫേക്ക് ആണെന്നാണ് റിപ്പോര്‍ട്ട്.
‘കുകുച’ ഗ്രൂപ്പ് അഡ്മിന്‍ കുറുമശ്ശേരി സ്വദേശി ജെ.ആര്‍. അഖിലിനെതിരെ ബഹുജന്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് അഖില്‍ജിത്ത് കല്ലറയും വയനാട് എസ്.പിക്ക് പരാതി നല്‍കിയിരുന്നു. ഒപ്പം ഡിജിറ്റല്‍ തെളിവുകളും കൈമാറി. കേരള പൊലീസ് പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി. പദം സിങ് ഉറപ്പുനല്‍കി.
KuKuCha എന്ന ഗ്രൂപ്പില്‍ അയ്യങ്കാളി ചിത്രം പോസ്റ്റ് ചെയ്ത് അധിക്ഷേപം തുടര്‍ക്കഥയായിരുന്നു. ഇതിനെതിരെ കുറേ ദിവസങ്ങളായി ദളിത്, ആദിവാസി, ബഹുജന സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.
ഈ ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത് അശ്വന്ത് കോക്ക് എന്ന ഒരു വ്യക്തിയുടെ പേരും ഫോട്ടോയും വെച്ചുകൊണ്ടാണ്. എന്നാല്‍ നാളിതുവരെ അശ്വന്ത് കോക്ക് ഫേസ്ബുക്ക് ലൈവിലോ ഒരു പോസ്റ്റ് കൊണ്ടോ ഈ അധിക്ഷേപം അല്ലങ്കില്‍ ഈ ഗ്രൂപ്പ് ആയോ യാതൊരു ബന്ധവും ഇല്ല എന്നുള്ളത് വ്യക്തമാക്കിയിട്ടില്ല.
ഏതാണ്ട് 167 പോസ്റ്റുകള്‍ ഒരു ദിവസവും 6000 അടുത്ത് ഒരു മാസം പോസ്റ്റുകള്‍ വരികയും 27,000 അംഗങ്ങളുള്ള ഒരു ഗ്രൂപ്പ് ആണിത്.
Content Highlights: ayyankali was racially abused by facebook group members, one person arrested