| Wednesday, 22nd March 2017, 5:54 pm

അയ്യങ്കാളിയുടെ വില്ലുവണ്ടിയും വിനായകന്റെ ഫെറാറിയും; സണ്ണി. എം കപിക്കാട് പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലയാള സിനിമയുടെ ചരിത്രത്തില്‍ എന്നും അടയാളപ്പെടുത്തിയ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനമാണ് ഇത്തവണ ഉണ്ടായത്. മലയാള സിനിമയിലെ ദലിത് സാന്നിധ്യത്തെ എടുത്തു കാണിക്കുന്ന മറ്റൊരു സംഭവം ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മറ്റെല്ലാ അവാര്‍ഡുകളേക്കാളുപരി മികച്ച നടനുള്ള അവാര്‍ഡ് നേടിയ വിനായകനാണ് ദിവസങ്ങളോളം വാര്‍ത്തകളില്‍ നിറഞ്ഞത്. വലിയ “പാരമ്പര്യ”മില്ലാത്ത നടന് അവാര്‍ഡ് കിട്ടുമ്പോള്‍ സമൂഹം ചര്‍ച്ച ചെയ്യുന്നത് സ്വാഭാവികമാണ്.

സമൂഹമാധ്യമങ്ങളിലെ ആരാധകര്‍ ഒന്നടങ്കം ആഘോഷിച്ചെങ്കിലും വിനായകന്റെ അവാര്‍ഡ് നേട്ടത്തിന്റെ വാര്‍ത്ത ജനങ്ങളെ പലതരത്തിലാണ് ചിന്തിപ്പിച്ചത്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് അവാര്‍ഡ് വാര്‍ത്ത പുറത്ത് വന്നതിന് ശേഷം വിനായകന്‍ മാധ്യമങ്ങളുടെ മുന്നിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടത് ജീവിതത്തില്‍ അഭിനയിക്കാനായിരുന്നു. മോഹന്‍ലാലിനെ പോലെ ഒരു മുഖ്യധാരാ “താര”ത്തിനായിരുന്നു അവാര്‍ഡ് കിട്ടിയിരുന്നത് എങ്കില്‍, ഉറപ്പാണ്, മാധ്യമപ്രവര്‍ത്തകര്‍ ഇങ്ങനെയൊരു കാര്യം ആവശ്യപ്പെടുമായിരുന്നില്ല. ജീവിതത്തില്‍ താന്‍ അഭിനയിക്കില്ല എന്ന വിനായകന്റെ മറുപടി അദ്ദേഹത്തെ വളര്‍ച്ചയെത്തിയ നടനായി അദ്ദേഹത്തെ കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

സാധാരണഗതിയില്‍ ദളിത് വ്യക്തിത്വമുള്ള ഒരാള്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ അവരുടെ ദാരിദ്ര്യമാണ് സാധാരണ ആഘോഷിക്കപ്പെടാറ്. അതുകൊണ്ട് തന്നെ ജാതിയില്‍ നിന്ന് ഉയര്‍ന്ന് വരുന്നവര്‍ തങ്ങളുടെ സ്വത്വം ഒളിപ്പിക്കാറാണ് പതിവ്. അതിന് കാരണങ്ങളുമുണ്ട്. എന്നാല്‍ മുന്‍ധാരണകളെ പൊളിച്ചുകൊണ്ട് താന്‍ ഒരു പുലയനാണെന്ന് തുറന്ന് പറയുകയാണ് വിനായകന്‍ ചെയ്തത്.

ജാതിയുടേയും നിറത്തിന്റേയും അടിസ്ഥാനത്തില്‍ പലരേയും മാറ്റി നിര്‍ത്തിയ പാരമ്പര്യമാണ് മലയാള സിനിമയ്ക്ക് ഉള്ളത്. കറുത്ത ശരീരങ്ങള്‍ക്ക് സാധാരണ ജീവിതം കൊടുക്കുന്ന പതിവ് നമ്മുടെ സിനിമയ്ക്ക് ഇല്ല. “അബ്‌നോര്‍മലായ” വേഷങ്ങളില്‍ മാത്രമേ നമുക്ക് അവരെ സിനിമകളില്‍ കാണാനാകൂ. അവാര്‍ഡ് ലഭിക്കുന്നത് നായകന്‍മാര്‍ക്ക് മാത്രമായതിനാല്‍ അവര്‍ക്ക് അവാര്‍ഡും കിട്ടാക്കനി തന്നെയായിരുന്നു.


Also Read: കുമ്പസാരക്കൂട്ടില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞ് വൈദികരെ പ്രകോപിപ്പിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കുന്നുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി


ഈ ഘട്ടത്തിലാണ് പാര്‍ശ്വവല്‍ക്കരിച്ച, കറുത്ത നിറമുള്ള വിനായകന് അവാര്‍ഡ് ലഭിക്കുന്നത്. താന്‍ പുലയ സമുദായത്തില്‍ പെട്ടയാളാണെന്നും എറണാകുളത്തുള്ള കമ്മട്ടിപ്പാടത്തെ കോളനിയിലാണ് ജനിച്ച് വളര്‍ന്നതെന്നും പറയാന്‍ വിനായകന് മടിയുണ്ടായിരുന്നില്ല. അത് മാത്രമായിരുന്നില്ല, തനിക്ക് ഈ വ്യവസ്ഥയില്‍ വിശ്വാസമില്ലെന്നും തുറന്ന് പറഞ്ഞു അദ്ദേഹം.

താന്‍ അയ്യന്‍കാളിയില്‍ വിശ്വസിക്കുന്നു എന്ന് വിനായകന്‍ പറഞ്ഞതിന്റെ രാഷ്ട്രീയം പക്ഷേ ആരും ചര്‍ച്ച ചെയ്തില്ല. ഫെറാറി കാറില്‍ കയറി പോകുമെന്ന് വിനായകന്‍ പറഞ്ഞതിനെ വെറുമൊരു ആഗ്രഹമോ അത്യാഗ്രഹമോ ആയാണ് പലരും കണ്ടത്. ഈ ഘട്ടത്തിലാണ് അയ്യങ്കാളിയെ നാം ഓര്‍ക്കേണ്ടത്.

വിനായകന്‍ പറഞ്ഞ ഫെറാറി വെറുമൊരു കാറായിരുന്നില്ല, അതൊരു പ്രതീകമായിരുന്നു. സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരെ അയ്യങ്കാളി പോരാടിയതെങ്ങനെയാണെന്ന് അറിയാമെങ്കില്‍ മാത്രമേ വിനായകന്‍ പറഞ്ഞ ഫെറാറിയുടെ രാഷ്ട്രീയം മനസിലാക്കാന്‍ കഴിയൂ. അക്കാലത്തെ സാധാരണക്കാര്‍ക്ക് സ്വപ്‌നം കാണാന്‍ കഴിയാത്ത വില്ലുവണ്ടി വാങ്ങി അതില്‍ സഞ്ചരിച്ചാണ് അയ്യങ്കാളി പോരാടിയത്. വില്ലുവണ്ടി മാത്രമായിരുന്നില്ല, അക്കാലത്തെ ആധുനിക വസ്ത്രങ്ങള്‍ ധരിച്ച അയ്യങ്കാളി ഇതൊക്കെ ഒരു വിഭാഗത്തിന് മാത്രമുള്ളതല്ല എന്നാണ് പറയാതെ പറഞ്ഞത്.

അന്നത്തെ അയ്യങ്കാളിയുടെ പോരാട്ടത്തിന്റെ ഇന്നത്തെ രൂപമാണ് വിനായകന്‍. അന്ന് വില്ലുവണ്ടിയില്‍ കയറി അയ്യങ്കാളി പോരാടിയതെന്തിനാണ് അതിന് വേണ്ടി തന്നെയാണ് വിനായകനും നിലകൊള്ളുന്നത്. വില്ലുവണ്ടിയുടെ പ്രതീകമാണ് ഫെറാറി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ഇല്ല.

വഴിനടക്കാന്‍ വേണ്ടി പോരാടിയെന്നത് പോലെ തന്നെ പ്രാധാന്യമുള്ള കാര്യമാണ് അയ്യങ്കാളി വില്ലുവണ്ടി വാങ്ങി എന്നതും. ജാതീയ നിയമങ്ങളെ ഞെരിച്ചുകൊണ്ടാണ് അയ്യങ്കാളിയുടെ വില്ലുവണ്ടി ഉരുണ്ടത്. വിനായകന്റെ ഫെറാറിയുടെ ചക്രമുരുളാന്‍ പോകുന്നതും ഇന്നും നിലനില്‍ക്കുന്ന ഇത്തരം വ്യവസ്ഥകളെ ഞെരിച്ചു കൊണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.

ഏറ്റവും മുന്നില്‍ എത്തുക എന്നതാണ് വിനായകന്റെ സ്വപ്‌നം എന്ന് തുറന്നു പറയുകയാണ് വിനായകന്‍. എന്നാല്‍ അത് വിനായകന്റെ മാത്രം സ്വപ്‌നമല്ല. താഴ്ന്ന സമുദായങ്ങളില്‍ നിന്നുള്ള പുതു തലമുറയുടെ സ്വപ്‌നമാണ്. വിനായകന്‍ കൊളുത്തിയ തീ അവരകിലൂടെ പടരുമെന്ന് ഉറപ്പാണ്.


Don”t Miss: മഹാഭാരതത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് കമല്‍ഹാസനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി


എങ്കില്‍ കൂടി പലതരം “നിഷ്‌കളങ്കത”കളെ നവമാധ്യമങ്ങളില്‍ ധാരാളം കാണാം. എന്തിന് ജാതി പറയുന്നു എന്നാണ് ഇവരുടെ പ്രധാന ചോദ്യം. എന്നാല്‍ ജാതിയല്ല, മറിച്ച് അതിനെ പറ്റി സമൂഹം പുലര്‍ത്തുന്ന മനോഭാവങ്ങളെ പറ്റിയാണ് എന്ന് മനസിലാക്കാതെയുള്ള ഇത്തരം ചോദ്യങ്ങള്‍ നിരുപദ്രവകരമായ നിഷ്‌കളങ്കതകളല്ല. വിനായകന്റെ വിജയത്തിന്റെ മാനങ്ങളെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

താന്‍ ഗ്യാലറിയിലിരുന്ന് കളി കാണുകയായിരുന്നുവെന്നും വിനായകനാണ് ഗോളുകള്‍ മുഴുവന്‍ അടിച്ചത് എന്നുമാണ് വിനായകനുമായി ചാനലില്‍ അഭിമുഖം നടത്തിയ അഭിമുഖകാരന്‍ പറഞ്ഞത്. പലരേയും ഇരുത്തി വിറപ്പിച്ച ആ ഹോട്ട് സീറ്റില്‍ ഇരുന്ന വിനായകന് പക്ഷേ പൊള്ളിയില്ല. കാരണം അയാള്‍ ഒരു സാധാരണക്കാരനാണ്. വിനായകന്റെ വിലാപമായിരുന്നില്ല ആ അഭിമുഖത്തില്‍ ഉണ്ടായിരുന്നത്. ഒരു ക്ലാസിക് ഉദാഹരണമായി എടുത്തുകാട്ടാവുന്ന അഭിമുഖമാണ് അത്.


Related News: ‘ഞാന്‍ ചോദ്യ പുസ്തകം മടക്കി ഫുട്ബോള്‍ ഗ്യാലറിയിലെ കാഴ്ചക്കാരനായി; പിന്നെ ഗോള്‍വല നിറച്ചത് വിനായകനാണ്’; വിനായകനുമായി അഭിമുഖം നടത്തിയ ജിമ്മി ജെയിംസ് പറയുന്നു


അഭിമുഖത്തിലേതെന്ന പോലെ ജീവിതത്തിലും തുറന്ന് പറച്ചിലുകള്‍ നടത്തുന്ന വിനായകന്റെ ഭാവി സംബന്ധിച്ച ആശങ്കകള്‍ അവാര്‍ഡ് പ്രഖ്യാപിച്ച ദിനം മുതല്‍ തന്നെ ഉയര്‍ന്നിട്ടുള്ളതാണ്. എന്നാല്‍ മലയാള സിനിമയില്‍ ഇന്നുണ്ടായിട്ടുള്ള മാറ്റങ്ങള്‍ കാണാതിരുന്നുകൂടാ. മുഖ്യധാരയിലുള്ളവര്‍ ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തമായി സിനിമ ചെയ്യുന്നവരാണ് ഇന്ന് മലയാള സിനിമയിലുള്ള പലരും. അതിന്റെ ഉല്‍പ്പന്നമാണ് വിനായകന്‍.

തന്റെ ശരീരത്തേയും ശബ്ദത്തേയും സിനിമയില്‍ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണയുള്ളയാളാണ് വിനായകന്‍. അത് തന്നെയാണ് അദ്ദേഹത്തിന്റെ വിജയരഹസ്യവും. മുന്നനുഭവങ്ങള്‍ കണ്ട സമൂഹം വിനായകന്റെ ഭാവി സംബന്ധിച്ച് ആശങ്കപ്പെടുന്നെങ്കില്‍ അതില്‍ ന്യായമുണ്ട്. എന്നാല്‍ തന്റെ കഴിവുകളില്‍ പൂര്‍ണ്ണ വിശ്വാസമുള്ള വിനായകനെ മലയാള സിനിമ ഇനിയും ഉപയോഗിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

വിനായകനുമായി ജിമ്മി ജെയിംസ് നടത്തിയ അഭിമുഖം കാണാം: 

We use cookies to give you the best possible experience. Learn more