| Monday, 24th October 2022, 2:35 pm

സച്ചിന് മാത്രമല്ല, കോഹ്‌ലിക്കും ഇന്ത്യയില്‍ ടൈം ഫ്രീസ് ചെയ്ത് നിര്‍ത്താന്‍ സാധിക്കും; അന്ന് ട്രെയ്ന്‍ ആണെങ്കില്‍ ഇന്ന് ഫ്‌ളൈറ്റ് എന്ന വ്യത്യാസം മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ കുറിച്ച് ഓസ്‌ട്രേലിയന്‍ ജേര്‍ണലിസ്റ്റ് പീറ്റര്‍ റോബെക്ക് ഒരിക്കല്‍ പറഞ്ഞത് ‘ദിസ് ജീനിയസ് കാന്‍ സ്റ്റോപ് ടൈം ഇന്‍ ഇന്ത്യ’ എന്നായിരുന്നു.

ഒരു മത്സരത്തിനിടെ സച്ചിന്‍ 98ല്‍ ബാറ്റിങ് തുടരുമ്പോള്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന ട്രെയ്‌നിലെ യാത്രക്കാരും ലോക്കോ പൈലറ്റും ഉദ്യോഗസ്ഥരും എല്ലാം തന്നെ സച്ചിന്‍ സെഞ്ച്വറി തികക്കുന്നത് കാണാന്‍ വേണ്ടി സ്‌റ്റേഷനില്‍ കാത്തിരുന്നപ്പോഴാണ് റോബെക്ക് സച്ചിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്.

അന്ന് സച്ചിന്‍ ടൈം സ്റ്റോപ് ചെയ്ത് നിര്‍ത്തിയതുപോലെ മറ്റൊരാളും കാലങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ സമയം ഫ്രീസ് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം മെല്‍ബണില്‍ നടന്ന ഇന്ത്യ – പാകിസ്ഥാന്‍ ടി-20 മത്സരത്തില്‍ വിരാടിന്റെ ഇന്നിങ്‌സാണ് ഇന്ത്യയില്‍ ഒരിക്കല്‍ കൂടി ടൈം ഫ്രീസ് ചെയ്ത് നിര്‍ത്തിയത്.

ബോളിവുഡ് സൂപ്പര്‍ താരം ആയുഷ്മാന്‍ ഖുറാനയാണ് ഇക്കാര്യം പറയുന്നത്. വിരാടിന്റെ ഇന്നിങ്‌സ് കാരണം തന്റെ ഫ്‌ളൈറ്റ് അഞ്ച് മിനിട്ടിലധികം വൈകിയെന്നും എന്നാല്‍ ഒറ്റയാളും പരാതിപ്പെടാതെ വിരാടിന്റെ കളി കണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ട്വിറ്ററിലൂടെയായിരുന്നു വിരാടിന്റെ ഗംഭീര പ്രകടനത്തെ പ്രകീര്‍ത്തിച്ച് ഖുറാനയെത്തിയത്.

‘ഈ കഥ എന്റെ ഭാവി തലമുറക്ക് വേണ്ടിയുള്ളതാണ്. മത്സരത്തിന്റെ അവസാന രണ്ട് ഓവര്‍ മുംബൈ – ചണ്ഡിഗഢ് ഫ്‌ളൈറ്റിനുള്ളില്‍ ഇരുന്നുകൊണ്ടാണ് ഞാന്‍ കണ്ടത്. ഞാന്‍ മാത്രമായിരുന്നില്ല, ഒപ്പമുണ്ടായിരുന്ന എല്ലാവരും ഫോണില്‍ തന്നെ കണ്ണും നട്ടിരിക്കുകയായിരുന്നു.

ക്രിക്കറ്റ് ഭ്രാന്തനായ പൈലറ്റ് ബോധപൂര്‍വം അഞ്ച് മിനിട്ട് വൈകിപ്പിച്ചതാണെന്ന് എനിക്കുറപ്പാണ്, പക്ഷേ ഒരാള്‍ പോലും പരാതി പറയുന്നുണ്ടായിരുന്നില്ല,’ എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

അക്ഷരാര്‍ത്ഥത്തില്‍ വിരാട് കോഹ്‌ലി കളം നിറഞ്ഞാടിയ മത്സരമായിരുന്നു മെല്‍ബണിലേത്. തോറ്റു എന്നുറപ്പിച്ചിടത്ത് നിന്നുമാണ് വിരാട് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത്.

സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കൊപ്പം ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയായത്. മുന്‍ നിരയാകെ തകര്‍ന്നടിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ ജയിപ്പിക്കാനവതരിച്ചത് വിരാട് മാത്രമായിരുന്നു.

19ാം ഓവറില്‍ പാരിസ് റൗഫിനെ തുടരെ തുടരെ സിക്‌സറിന് തൂക്കി തന്റെ ക്ലാസ് പെര്‍മെനന്റാണെന്ന് കോഹ്‌ലി ഒരിക്കല്‍ക്കൂടി തെളിയിക്കുകയായിരുന്നു.

ലോകകപ്പ് വിന്നിങ് മൊമെന്റ് പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നുതന്നെയായിരുന്നു വിരാടിന്റെ ഇന്നിങ്‌സ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 159 റണ്‍സ് നേടിയിരുന്നു. 160 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അവസാന പന്തില്‍ ആര്‍. അശ്വിന്റെ സിംഗിളിലൂടെ വിജയം പിടിച്ചടക്കുകയായിരുന്നു.

ഒക്ടോബര്‍ 27നാണ് ഇന്ത്യയുടെ അടുത്ത മത്സരം. നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.

Content highlight: Ayushman Khurana about Virat Kohli and his brilliant innings

We use cookies to give you the best possible experience. Learn more