ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വെച്ച ആയുഷ്മാൻ ഭാരത് പദ്ധതി കടലാസിൽ മാത്രം ഒതുങ്ങി പോയെന്ന വിമർശനവുമായി ദൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ്. മുൻ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്രത്തിൻ്റെ ആയുഷ്മാൻ ഭാരത് പദ്ധതിയെ വിമർശിച്ചതിന് തൊട്ടുപിന്നാലെയാണ് സൗരഭ് ഭരദ്വാജിന്റെയും വിമർശനം
ദൽഹിയിലെ ജിബി പന്ത് ആശുപത്രിയിൽ രോഗികളെ സന്ദർശിച്ച അദ്ദേഹം ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ 80 ശതമാനവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതി സമ്പൂർണ്ണ പരാജയമായതിനാലാണ് ഈ രോഗികൾ ദൽഹിയിലേക്ക് വന്നതെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച ദീപാവലി പരിപാടിയുടെ ഭാഗമായി ഭരദ്വാജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗം സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ അദ്ദേഹം രോഗികളുടെ ആരോഗ്യ വിവരങ്ങൾ അന്വേഷിക്കുകയും അവർക്ക് പഴങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ഒപ്പം ദീപാവലി ആശംസകൾ നേരുകയും ചെയ്തു. കാർഡിയോളജി വിഭാഗത്തിലെ 80 ശതമാനം രോഗികളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്, അവർ ചികിത്സയ്ക്കായി ദീർഘദൂരം യാത്ര ചെയ്തവരാണെന്നും അദ്ദേഹം പറഞ്ഞു.
ദൽഹി നിവാസികൾക്കും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ളവർക്കും യാതൊരു വിവേചനവുമില്ലാതെ ദൽഹി സർക്കാർ സൗജന്യ ആരോഗ്യ സംരക്ഷണം നൽകുന്നുണ്ടെന്ന് ഭരദ്വാജ് പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതിയെ കേന്ദ്രസർക്കാർ പതിവായി പ്രശംസിക്കുമ്പോൾ ദൽഹിയിലെ ആശുപത്രികളിലെ രോഗികളിൽ ഭൂരിഭാഗവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് എ.എപി മന്ത്രി ചൂണ്ടിക്കാട്ടി.
ആയുഷ്മാൻ ഭാരത് പദ്ധതി ഏറെക്കുറെ ഫലപ്രദമല്ലെന്ന് ഭരദ്വാജ് പറഞ്ഞു, ഇത് കടലാസിൽ മാത്രമുള്ളതാണെന്നും പാവപ്പെട്ടവർക്ക് യഥാർത്ഥ ആനുകൂല്യങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു.
Content Highlight: Ayushman Bharat scheme exists only on paper: Delhi health minister