മോദിയുടെ ആയുഷ്മാന്‍ ഭാരത് പരാജയമാകുന്നു; സ്വകാര്യ ആശുപത്രികള്‍ സഹകരിക്കുന്നില്ല; സംസ്ഥാനങ്ങളില്‍ ചികിത്സാച്ചെലവ് തോന്നുംപടി
national news
മോദിയുടെ ആയുഷ്മാന്‍ ഭാരത് പരാജയമാകുന്നു; സ്വകാര്യ ആശുപത്രികള്‍ സഹകരിക്കുന്നില്ല; സംസ്ഥാനങ്ങളില്‍ ചികിത്സാച്ചെലവ് തോന്നുംപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st July 2019, 8:45 am

ന്യൂദല്‍ഹി: ആരോഗ്യരംഗത്തെ മോദിസര്‍ക്കാരിന്റെ പരീക്ഷണപദ്ധതിയായ ആയുഷ്മാന്‍ ഭാരത് അഥവാ പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കനത്ത തിരിച്ചടി. കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ആരംഭിച്ച പദ്ധതിയോട് സ്വകാര്യ ആശുപത്രികള്‍ സഹകരിക്കാത്തതാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്. കൂടാതെ പല സംസ്ഥാനങ്ങള്‍ക്കും അവരുടെ സൗകര്യാര്‍ഥം ചികിത്സാച്ചെലവ് വഹിക്കാമെന്നതും പദ്ധതിയെ പരാജയമാക്കുന്നു.

പദ്ധതിക്കു കീഴില്‍ വരുന്ന ചികിത്സകള്‍ക്കു ചെലവ് കുറയുമെന്നതിനാലാണ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും വന്‍കിട സ്വകാര്യ ആശുപത്രികളും അതിനോടു സഹകരിക്കാത്തത്. ‘ദ ക്വിന്റ്’ ആണ് ഇക്കാര്യം വെളിച്ചത്തുകൊണ്ടുവന്നത്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്കു കീഴിലുള്ള ചെലവും മറ്റു കാര്യങ്ങളും വിശകലനം ചെയ്യാനും പ്രത്യേക സമിതികളുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ ആരായാനും ഒരു കമ്മിറ്റി രൂപീകരിക്കാന്‍ മെയ് 30-ന് ദേശീയ ആരോഗ്യ അതോറിറ്റി ഡെപ്യൂട്ടി സി.ഇ.ഒ ദിനേഷ് അറോറ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അറോറ തന്നെയാണ് ഈ കമ്മിറ്റിയുടെ ചെയര്‍മാനും.

ആയുഷ്മാന്‍ ഭാരത് മുന്നോട്ടുവെയ്ക്കുന്ന ചികിത്സാച്ചെലവിലെ വന്‍ കുറവാണ് സ്വകാര്യ ആശുപത്രികളെ ചൊടിപ്പിക്കുന്നത്. ഉദാഹരണത്തിന് നെഞ്ചിലെ മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് സ്വകാര്യ ആശുപത്രികള്‍ നാല്‍പ്പതിനായിരം രൂപ വാങ്ങുമ്പോള്‍ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുന്നവരില്‍ നിന്ന് ഇരുപതിനായിരം മാത്രമേ വാങ്ങാന്‍ പാടുള്ളൂ. 30 ശതമാനത്തിന്റെ ചെലവ് കുറവാണ് ശരാശരി വരുന്നത്. ഇത് 50 ശതമാനം വരെയും ചില ചികിത്സകളിലുണ്ട്.

പദ്ധതിയോട് സഹകരിക്കാന്‍ ദല്‍ഹി സര്‍ക്കാരും വിസ്സമതിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം ആശുപത്രികളുള്ള ഇടം കൂടിയാണ് ദല്‍ഹിയെന്നതാണു ശ്രദ്ധേയം. ആയിരത്തോളം സ്വകാര്യ ആശുപത്രികളും നഴ്‌സിങ് ഹോമുകളുമുള്ള ദല്‍ഹിയിലെ 20 സ്വകാര്യ ആശുപത്രികള്‍ മാത്രമാണു പദ്ധതിക്കു കീഴില്‍ വന്നിട്ടുള്ളത്.

ഇന്ത്യയിലൊട്ടാകെ രണ്ടായിരത്തോളം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളാണുള്ളത്. എന്നാല്‍ അതില്‍ ഒരുശതമാനം മാത്രമാണ് പദ്ധതിയോട് സഹകരിക്കാന്‍ തയ്യാറായത്. പ്രശസ്ത സ്വകാര്യ ആശുപത്രികളായ മാക്‌സ്, മേദാന്ത, ഫോര്‍ട്ടിസ്, അപ്പോളോ തുടങ്ങിയവര്‍ സഹകരിക്കാന്‍ തയ്യാറായിട്ടില്ല. നഴ്‌സിങ് ഹോമുകളുടെയും സ്ഥിതി വ്യത്യസ്തമല്ല.

നിലവില്‍ 7,800-ഓളം സ്വകാര്യ ആശുപത്രികളാണ് പദ്ധതിയിലുള്ളത്. എന്നാല്‍ ഇവരൊക്കെ പദ്ധതിയില്‍ ആദ്യം ഉള്‍പ്പെട്ടത് സംസ്ഥാന ആരോഗ്യ പദ്ധതികളുടെ കീഴിലാണ് എന്നതാണ് വസ്തുത. ഇവയില്‍ ഭൂരിഭാഗത്തിലും 25-30 കിടക്കകളുണ്ട്. അതിനാല്‍ത്തന്നെ അവര്‍ സ്വാഭാവികമായും ആയുഷ്മാന്‍ ഭാരതിനു കീഴിലേക്കു മാറപ്പെട്ടതാണ്.

ദല്‍ഹിയെ മാറ്റിനിര്‍ത്തിയാല്‍, ഒഡിഷ, തെലങ്കാന സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ ബി.പി.എല്ലുകാര്‍ക്കായി സംസ്ഥാനാടിസ്ഥാനത്തില്‍ നടപ്പിലാക്കിവന്ന ആരോഗ്യ പദ്ധതികള്‍ ആയുഷ്മാന്‍ ഭാരതുമായി ലയിപ്പിച്ചുകഴിഞ്ഞു.

എന്നാല്‍ ഈ സംസ്ഥാനങ്ങളില്‍ അവരുടെ ആരോഗ്യ പദ്ധതികള്‍ പ്രകാരമുള്ള തുക ഈടാക്കാമെന്ന് ആയുഷ്മാന്‍ ഭാരത് അറിയിച്ചിട്ടുമുണ്ട്. എന്നാല്‍ ഇതേറെ ആശയക്കുഴപ്പത്തിലേക്കു കാര്യങ്ങള്‍ എത്തിച്ചു. സംസ്ഥാന ആരോഗ്യ പദ്ധതികളില്‍ സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ആയുഷ്മാന്‍ ഭാരത് മുന്നോട്ടുവെച്ച കുറഞ്ഞ ചെലവ് എന്ന ആശയം ഇവിടങ്ങളില്‍ നടപ്പിലാകുന്നില്ല. പലപ്പോഴും രോഗികള്‍ തങ്ങള്‍ ഏത് പദ്ധതിയുടെ കീഴിലാണു ചികിത്സ തേടുന്നത് എന്നുപോലും അറിയുന്നില്ല.

ആയുഷ്മാന്‍ ഭാരതിനു കീഴില്‍ പേസ്‌മേക്കര്‍ വെയ്ക്കുന്നതിന് ചെലവാകുന്നത് അയ്യായിരം രൂപയാണ്. എന്നാല്‍ തെലങ്കാനയുടെ ആരോഗ്യപദ്ധതി പ്രകാരം അത് 13,000 രൂപയാണ്. എന്നാല്‍ അത് തമിഴ്‌നാട്ടിലെത്തുമ്പോള്‍ എണ്‍പതിനായിരം ആയിമാറും.