ന്യൂദല്‍ഹി: കോറോണ വൈറസ് ബാധയെ തടയാന്‍ ഹോമിയോപ്പതി, യുനാനി മരുന്നുകള്‍ നല്ലതാണെന്ന് നിര്‍ദേശിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയം. ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതിയിലെ സയന്റിഫിക് അഡൈ്വസറി ബോര്‍ഡ് അംഗങ്ങളുമായി നടന്ന ചര്‍ച്ചക്ക് ശേഷമാണ് ആയുഷ് മന്ത്രാലയം ഈ നിര്‍ദേശമടങ്ങിയ പ്രസ്താവന പുറപ്പെടുവിച്ചത്.
ഹോമിയോപ്പതി മരുന്നായ ആര്‍സീനിയം ആല്‍ബം 30 മൂന്നു ദിവസം തുടര്‍ച്ചയായ വെറുംവയറ്റില്‍ കഴിക്കുന്നത് വൈറസ് ബാധയെ തടയുമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. വൈറസ് ബാധ വീണ്ടും സമൂഹത്തില്‍ നിലനില്‍ക്കുന്നുവെങ്കില്‍ ഒരു മാസത്തിന് ശേഷം അതേ ഡോസില്‍ തന്നെ വീണ്ടും കഴിക്കണമെന്നും നിര്‍ദേശമുണ്ട്.
ചില ആയുര്‍വേദ മരുന്നുകള്‍, യുനാനി വിധികള്‍, ചില വീട്ടു വൈദ്യം എന്നിവയും വളരെ ഉപകാരപ്രദമാണെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയം തോന്നിയാല്‍ ഉടനെ തന്നെ മാസ്‌ക് ധരിക്കുകയും അടുത്തുള്ള ആശുപത്രിയിലെത്തണമെന്നും നിര്‍ദേശമുണ്ട്.