| Saturday, 31st August 2024, 5:11 pm

ഗെയ്ല്‍ സ്‌റ്റോം ഇനി രണ്ടാമത്, ഇതിഹാസത്തിന്റെ സിംഹാസനം സ്വന്തമാക്കി ഇന്ത്യയുടെ 24കാരന്‍; അടിച്ചുപറത്തിയത് 19 സിക്‌സറുകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ആയുഷ് ബദോനിയടിച്ച ഓരോ സിക്‌സറുകളും ക്രിസ് ഗെയ്‌ലിന്റെ സിംഹാസനം ഇളക്കിക്കൊണ്ടിരുന്നു. ഒടുവില്‍ 165 റണ്‍സില്‍ പുറത്താകും മുമ്പ് ഗ്യാലറിയിലെത്തിച്ച 19ാം സിക്‌സര്‍ ഗെയ്‌ലിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താന്‍ കെല്‍പുള്ളതായിരുന്നു.

ദല്‍ഹി പ്രീമിയര്‍ ലീഗില്‍ നോര്‍ത്ത് ദല്‍ഹി സ്‌ട്രൈക്കേഴ്‌സ് – സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ് മത്സരത്തിലാണ് എസ്.ഡി.എസ് നായകന്‍ ആയുഷ് ബദോനി വെടിക്കെട്ട് പുറത്തെടുത്തത്. 55 പന്ത് നേരിട്ട് 165 റണ്‍സാണ് ബദോനി നേടിയത്. ക്യാപ്റ്റന് പുറമെ യുവതാരം പ്രിയാന്‍ഷ് ആര്യയും സെഞ്ച്വറി നേടിയിരുന്നു.

ഇരുവരുടെയും കരുത്തില്‍ 308 റണ്‍സ് നേടിയാണ് സൗത്ത് ദല്‍ഹി ചരിത്രം കുറിച്ചത്. ടി-20 ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ ടോട്ടലാണ് സൗത്ത് ദല്‍ഹി പടുത്തുയര്‍ത്തിയത്.

19 സിക്‌സറും എട്ട് ഫോറും അടങ്ങുന്നതായിരുന്നു ബദോനിയുടെ ഇന്നിങ്‌സ്. 300.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ഈ വെടിക്കെട്ടിന് പിന്നാലെ ഒരു ചരിത്ര നേട്ടവും ബദോനി സ്വന്തമാക്കി. ഒരു ടി-20 ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് ബദോനി തന്റെ പേരില്‍ കുറിച്ചത്. 2017ല്‍ ക്രിസ് ഗെയ്ല്‍ അടിച്ചുകൂട്ടിയ 18 സിക്‌സറിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ഒരു ടി-20 ഇന്നിങ്‌സില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – ടീം – എതിരാളികള്‍ – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

ആയുഷ് ബദോനി – സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ് – നോര്‍ത്തേണ്‍ ദല്‍ഹി സ്‌ട്രൈക്കേഴ്‌സ് – 19 – 2024*

ക്രിസ് ഗെയ്ല്‍ – രംഗപൂര്‍ റൈഡേഴ്‌സ് – ധാക്ക ഡോമിനേറ്റേഴ്‌സ് – 18 – 2017

സഹില്‍ ചൗഹാന്‍ – എസ്‌റ്റോണിയ – സൈപ്രസ് – 18 – 2024

ക്രിസ് ഗെയ്ല്‍ – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – പൂനെ വാറിയേഴ്‌സ് ഇന്ത്യ – 17 – 2013

പുനീത് ബിഷ്ത് – മേഘാലയ – മിസോറാം – 17 – 2021

ഗ്രഹാം നേപ്പിയര്‍ – എസക്‌സ് – സസക്‌സ് – 16 – 2008

മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ദല്‍ഹിക്ക് ടീം സ്‌കോര്‍ 13ല്‍ നില്‍ക്കവെ ആദ്യ വിക്കറ്റ് നഷ്ടമായിരുന്നു. 11 പന്തില്‍ 11 റണ്‍സ് നേടിയ സാര്‍ത്ഥക് റായ്‌യുടെ വിക്കറ്റാണ് എസ്.എഡി.എസ്സിന് നഷ്ടമായത്.

എന്നാല്‍ വണ്‍ ഡൗണായി ക്യാപ്റ്റന്‍ ആയുഷ് ബദോനി ക്രീസിലെത്തുന്നത് വരെ മാത്രമായിരുന്നു നോര്‍ത്ത് ദല്‍ഹിയുടെ ആഘോഷങ്ങള്‍ക്ക് ആയുസുണ്ടായിരുന്നത്.

ഒരുവശത്ത് നിന്ന് ക്യാപ്റ്റന്‍ ബൗളര്‍മാരെ തല്ലിയൊതുക്കുമ്പോള്‍ മറുവശത്ത് നിന്ന് ആര്യയും തന്റെ റോള്‍ ഗംഭീരമാക്കി. ഇരുവരും സെഞ്ച്വറി നേടിയാണ് കളം വിട്ടത്.

50 പന്തില്‍ 120 റണ്‍സാണ് പ്രിയാന്‍ഷ് ആര്യ സ്വന്തമാക്കിയത്. പത്ത് സിക്‌സറും പത്ത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഒരു ഓവറില്‍ പറത്തിയ ആറ് സിക്‌സര്‍ അടക്കമാണ് ആര്യ ബൗളര്‍മാരെ ഒരു ദയവുമില്ലാതെ അടിച്ചുകൂട്ടിയത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ടീം 308/5 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ഇതോടെ ഒരു ചരിത്ര നേട്ടവും സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിനെ തേടിയെത്തി. ടി-20 ചരിത്രത്തില്‍ ഏറ്റവുമുയര്‍ന്ന രണ്ടാമത് ഉയര്‍ന്ന ടീം ടോട്ടല്‍ എന്ന നേട്ടമാണ് എസ്.ഡി.എസ് നേടിയത്. ഒരുപക്ഷേ ബദോനിയോ ആര്യയോ പുറത്തായിരുന്നില്ലെങ്കില്‍ ഈ റെക്കോഡ് നേട്ടത്തില്‍ ഒന്നാം സ്ഥാനവും ഇവര്‍ സ്വന്തമാക്കുമായിരുന്നു.

ടി-20 ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീം 300 കടക്കുന്നത്.

അതേസമയം, 309 എന്ന റണ്‍മല താണ്ടിയിറങ്ങിയ എന്‍.ഡി.എസ് ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ 52ന് മൂന്ന് എന്ന നിലയിലാണ്, എട്ട് പന്തില്‍ 14 റണ്‍സുമായി യജസ് ശര്‍മയും ഒരു പന്തില്‍ ഒരു റണ്‍സുമായി ക്ഷിതിസ് ശര്‍മയുമാണ് ക്രീസില്‍.

Content highlight: Ayush Badoni surpassed Chris Gayle in most sixes in an T20 sixes

We use cookies to give you the best possible experience. Learn more