[]ന്യൂദല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് അലോപ്പതി പ്രാക്ടീസിന് അനുമതി നല്‍കിയേക്കും. ആയുര്‍വേദ ഡോക്ടര്‍മാരടക്കമുള്ളവര്‍ക്ക് അലോപ്പതി പ്രാക്ടീസ് ചെയ്യുന്നതിനുവേണ്ടി പാഠ്യപദ്ധതി തയ്യാറാക്കാന്‍ ആയുഷ് വകുപ്പിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
രാജ്യത്തെ വിവിധ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇത്തരമൊരു നീക്കം തുടങ്ങിയത്. []
അലോപ്പതി പ്രാക്ടീസ് ചെയ്യാന്‍ ആയുര്‍വേദ ഡോക്ടര്‍മാരെയും മറ്റും അനുവദിക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി തത്ത്വത്തില്‍ ആയുഷ് വകുപ്പിന് ലഭിച്ചിട്ടുണ്ട്.
അലോപ്പതി ചികിത്സ ഏതുവരെയാകാമെന്ന് പരിശോധിക്കാന്‍ ഒരു ഉപസമിതിയെ നിയമിച്ചിരുന്നു. ഈ സമിതി തയ്യാറാക്കിയ മാര്‍ഗരേഖ ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
നിലവില്‍ എം.ബി.ബി.എസ്. പാസാകുന്ന ഡോക്ടര്‍മാരെ മാത്രമേ സംസ്ഥാന മെഡിക്കല്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്താറുള്ളൂ. ഭാരതീയ ചികിത്സാരീതികള്‍ പ്രാക്ടീസ് ചെയ്യുന്നവരെ കൂടി രജിസ്റ്റര്‍ ചെയ്യുന്നതിന് അവസരമൊരുക്കി ഭേദഗതി ചെയ്യണമെന്നാണ് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രാലയത്തിലെ ജോയന്റ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയച്ചിട്ടുണ്ട്.
സംസ്ഥാന മെഡിക്കല്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയാല്‍ ഭാരതീയ ചികിത്സാരീതികള്‍ പിന്തുടരുന്നവര്‍ക്ക് അലോപ്പതി ചികിത്സ പ്രാക്ടീസ് ചെയ്യാന്‍ അനുമതി നല്‍കാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. മെഡിക്കല്‍ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിന് വേണ്ട യോഗ്യതകള്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിശ്ചയിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.