ആയുസ്സിനെപ്പറ്റിയുള്ള അറിവാണ് ആയുര്‍വേദം. അത് ഒരു ചികിത്സാ പദ്ധതി മാത്രമല്ല, ഒരു ജീവിതരീതി കൂടിയാണ്. ആയുര്‍വേദത്തിന്റെ അടിസ്ഥാനം ജീവിതത്തേപ്പറ്റിയുള്ള സവിശേഷമായ കാഴ്ചപ്പാടാണ്. Ayurveda is a way of life based on a view of life. ഇന്നത്തെ ജീവിതത്തില്‍ ഈ ദര്‍ശനത്തിന് വളരെ പ്രാധാന്യമുണ്ട്.
പ്രകൃതിയും മനുഷ്യനും
ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടനുസരിച്ച് പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്‍. ഭൂമി, ജലം, അഗ്നി, വായു, ആകാശം – ഇവയാണ് പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങള്‍. ഈ പഞ്ചഭൂതങ്ങള്‍തന്നെയാണ് മനുഷ്യനിലുമുള്ളത്. ഓരോ ശരീരത്തിലും ഇവയുടെ ചേര്‍ച്ചയുടെ അനുപാതം ഭിന്നമാണ്. ശരീരത്തിന്റെ അടിസ്ഥാനഘടകങ്ങളായ വാതം, പിത്തം, കഫം എന്നിവയും പഞ്ചഭൂതങ്ങളില്‍നിന്നുണ്ടാവുന്നവയാണ്. ഇവയെ ത്രിദോഷങ്ങള്‍ എന്നു വിളിക്കുന്നു. പഞ്ചഭൂതങ്ങളില്‍നിന്ന് അന്യമായി പ്രപഞ്ചത്തിലൊന്നുമില്ല, അതുപോലെ ത്രിദോഷങ്ങള്‍ പെടാതെ ശരീരത്തില്‍ ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല.
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം സംഭരിക്കുന്നത് ധാതുക്കളാണ്. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം ഇങ്ങനെ ഏഴാണ് ധാതുക്കള്‍. ആഹാരത്തിലെ ഉപകാരപ്രദങ്ങളായ ഭാഗങ്ങളെല്ലാം ധാതുക്കളെ സര്‍വ്വദാ പോഷിപ്പിച്ചുകൊണ്ടിരിക്കുന്നു.
ത്രിദോഷങ്ങള്‍ സമതുലിതമാകുമ്പോള്‍ ആരോഗ്യമുണ്ടാകുന്നു. ഇവയുടെ നില തെറ്റിയാല്‍ രോഗമുണ്ടാകുന്നു. ആഹാരം, വിഹാരം തുടങ്ങിയവയെക്കൊണ്ട് ശരീരത്തിന്റെ ഭൂതഘടകങ്ങളുടെ ഗുണത്തിലും അളവിലും കുറവോ കൂടുതലോ ഉണ്ടായാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനം താളം തെറ്റും. ദോഷങ്ങളുടെ ഗുണത്തിലും അളവിലുമുള്ള ഏറ്റക്കുറച്ചിലുകള്‍ പരിഹരിച്ച് പൂര്‍വ്വാവസ്ഥയിലേക്കു കൊണ്ടുവരികയാണ് ചികിത്സയുടെ ലക്ഷ്യം.
ആരോഗ്യം
ത്രിദോഷങ്ങള്‍, സപ്തധാതുക്കള്‍, അന്തരഗ്നി ഇവ ശരിയായ അളവിലും ഗുണത്തിലും സംരക്ഷിക്കപ്പെടുന്നവനും മലനിര്‍ഗമനം വേണ്ടവിധമുള്ളവനും ആത്മാവ്, മനസ്സ്, ഇന്ദ്രിയങ്ങള്‍ ഇവ പ്രസന്നതയോടെയിരിക്കുന്നവനുമാണ് ആരോഗ്യവാന്‍. രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, പ്രസന്നമായ അവസ്ഥയാണ് ആരോഗ്യം.
ആയുര്‍വേദത്തിന്റെ പ്രവര്‍ത്തനതലങ്ങളെ രണ്ടായി തിരിക്കാം.
i. രോഗങ്ങളില്ലാത്തവരുടെ ശരീരം സംരക്ഷിക്കുകയും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുക. ഇതിന് സ്വസ്ഥവൃത്തം എന്നുപറയുന്നു.
ii. രോഗത്തിന്റെ ബുദ്ധിമുട്ടുകളില്‍നിന്ന് രോഗിയെ സംരക്ഷിക്കുകയോ രോഗശമനം വരുത്തുകയോ ചെയ്യുന്നത് ആതുരവൃത്തം.
സ്വസ്ഥവൃത്തം
മനുഷ്യന്റേയും സമൂഹത്തിന്റേയും പരിസരത്തിന്റേയും ശുചിത്വവും ആരോഗ്യവും നിലനിര്‍ത്തുവാന്‍ ഒരാള്‍ അനുഷ്ഠിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം എന്ന് ആയുര്‍വേദത്തില്‍ വിവരിക്കുന്നു. ജീവിതചര്യയും പ്രതിരോധമുറയുമാണിത്. നമ്മുടെ ആഹാരവും ചെയ്തികളും പ്രകൃതിയോടിണക്കി രോഗങ്ങളില്ലാതെ എങ്ങനെ ജീവിക്കാം എന്നതാണ് സ്വസ്ഥവൃത്തത്തിന്റെ വിഷയം.
“സുഖാര്‍ത്ഥാഃ സര്‍വഭൂതാനാം മതാഃ സര്‍വാ പ്രവൃത്തയഃ
സുഖം ച ന വിനാ ധര്‍മ്മാത്തസ്മാദ്ധര്‍മ്മപരോ ഭവേല്‍”
അഷ്ടാംഗഹൃദയം
എല്ലാ ജീവികളുടേയും എല്ലാ പ്രവൃത്തികളും സുഖത്തിനുവേണ്ടിയുള്ളവയാണ്. സുഖമാകട്ടെ ധര്‍മ്മത്തെ കൂടാതെ ഉണ്ടാകുന്നില്ല. അതുകൊണ്ട് പ്രവൃത്തികള്‍ ധര്‍മ്മത്തില്‍ അധിഷ്ഠിതമായിരിക്കണം.