ആയൂര്‍ദൈര്‍ഘ്യം
ആയുര്‍വേദം എന്നത് ആയുസ്സിന്റെ വേദമാണ്, അഥവാ ആയുസിന്റെ അറിവാണ്. അഥര്‍വ്വവേദത്തിലാണ് അതിന്റെ വേദസ്ഥാനം. പുരാതനമായ ഇന്ത്യന്‍ ആരോഗ്യ/വൈദ്യ രംഗമായിരുന്നു അത്. ശുശ്രുതനും ചരകനും ഇന്ത്യന്‍ മെഡിക്കല്‍ സിസ്റ്റത്തിന് ശക്തമായ അടിത്തറപാകി. ഇന്ന് ലോകത്തു തന്നെ സമാന്തരം ആരോഗ്യ പരിപാലന സംവിധാനമായി ആയുര്‍വേദം വികസിച്ചുവരുന്നുണ്ട്.
ഒരു ചികിത്സാ സംവിധാനത്തിലുപരി ആയുര്‍വേദം ഒരു ജീവിത ചര്യയാണ്. വ്യത്യസ്തതരത്തിലുള്ള അറിവുകള്‍ അത് സ്വാംശീകരിച്ചിരുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് ഈ മേഖലയില്‍ പുതിയ ഗവേഷണങ്ങള്‍ നടന്നുവരുന്നു. ഇതിന് കേരളത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി ചേര്‍ന്നുകൊണ്ട് ഡൂള്‍ന്യൂസ് ഒരുക്കുന്ന പംക്തി…
ഭാഗം6
വ്യായാമം
കായികാദ്ധ്വാനമില്ലാത്ത ജോലികള്‍ ചെയ്യുന്നവരും സ്ഥൂലശരീര പ്രകൃതിയുള്ളവരും സ്ഥിരമായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. ശരീരത്തിന് ലഘുത്വം, ജോലിചെയ്യുവാനുള്ള ഉത്സാഹം, ശരിയായ ദഹനം, ദുര്‍മ്മേദസ്സില്ലാത്ത വടിവൊത്ത ശരീരം എന്നിവ വ്യായാമം വേണ്ടവിധത്തില്‍ ചെയ്യുന്നവര്‍ക്ക് പ്രാപ്തമാകുന്നു. ഓരോരോ കാലാവസ്ഥയിലും വ്യായാമത്തിന്റെ രീതിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് തണുപ്പുകാലത്ത് (ഒക്‌ടോബര്‍ മുതല്‍ ജനുവരി വരെ) ദേഹബലം പൊതുവേ കൂടിയിരിക്കും. ദഹനശക്തിയും അതുമൂലം വിശപ്പും ഈ കാലത്ത് കൂടുതലായി അനുഭവപ്പെടും. അതുകൊണ്ടുതന്നെ ഭക്ഷണം കൂടുതല്‍ കഴിക്കുകയും ചെയ്യും. പൊതുവേ തണുപ്പായതിനാല്‍ നല്ല ഉറക്കവും കിട്ടും, വിയര്‍പ്പ് കുറഞ്ഞുമിരിക്കും. ഈ കാലത്ത് ദേഹം നന്നായി വിയര്‍ക്കുന്നതുവരെ നിത്യവും വ്യായാമം ചെയ്യാനാണ് നിര്‍ദ്ദേശിക്കുന്നത്. മറ്റു കാലങ്ങളില്‍ കുറഞ്ഞതോതില്‍ വ്യായാമം ചെയ്യുവാനാണ് നിര്‍ദ്ദേശം. കടുത്ത വേനല്‍ക്കാലത്താവട്ടെ ദേഹബലം വളരെ കുറഞ്ഞിരിക്കുന്ന അവസ്ഥയായതിനാല്‍ വ്യായാമം ചെയ്യണമെന്നില്ല. ചുരുക്കത്തില്‍ ദേഹപ്രകൃതി, ചെയ്യുന്ന ജോലിയുടെ സ്വഭാവം, ആഹാരരീതി, കാലം ഇവയ്ക്കനുസൃതമായി ശക്തിക്കൊത്തവണ്ണം വ്യായാമത്തെ ചിട്ടപ്പെടുത്തുകയാണ് വേണ്ടത്.
ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ വളരെ പ്രധാനമായി നിര്‍വ്വഹിക്കേണ്ട ഒരു ചിട്ടയാണ് വ്യായാമം. ശരീരത്തിലെ അന്തരഗ്‌നി ശരിയായി നിലനിര്‍ത്താനും ദുര്‍മ്മേദസ്സ് കുറയ്ക്കാനും ദേഹത്തിന്റെ ലഘുത്വവും അവയവങ്ങളുടെ കര്‍മ്മ സാമര്‍ത്ഥ്യവും വര്‍ദ്ധിക്കുന്നതിനും വ്യായാമം അത്യാവശ്യമാണ്. ദോഷധാതുക്കളെല്ലാം യഥാവിധി ചലിച്ചുകൊണ്ടിരിക്കാനും സ്വാഭാവികമായിത്തന്നെ മാലിന്യങ്ങള്‍ ദൂരീകരിക്കാനും വ്യായാമം സഹായിക്കുന്നു. ശരീരത്തിന്റെ ശക്തിക്കനുസരിച്ച വ്യായാമങ്ങളേ പാടുള്ളൂ. കഠിനമായ വ്യായാമമുറകള്‍ അപകടത്തിലേക്കാണ് നയിക്കുക. അടുക്കളത്തോട്ടത്തില്‍ പണിയെടുക്കുക, ഓടുക, നടക്കുക തുടങ്ങിയ ലഘുവായ വ്യായാമങ്ങള്‍തന്നെ നമുക്ക് ആരോഗ്യം നിലനിര്‍ത്താന്‍ പര്യാപ്തമാണ്. ശുദ്ധവായു ധാരാളം ലഭിക്കുന്ന തുറസ്സായ സ്ഥലങ്ങളില്‍ ദിവസവും ഒരുമണിക്കൂര്‍ നടക്കുന്നതാണ് എളുപ്പം ചെയ്യാവുന്ന വ്യായാമം.
ശരീരം ഇളകിയുള്ള പ്രവൃത്തികള്‍ കുറഞ്ഞുവരുന്ന ഇക്കാലത്ത് പലരോഗങ്ങളുടേയും മൂലകാരണം വ്യായാമമില്ലാത്തതുതന്നെയാണെന്ന് കാണാം. പ്രമേഹം, രക്തസമ്മര്‍ദ്ദം, അതിസ്ഥൗല്യം തുടങ്ങിയ ഒട്ടേറെ രോഗാവസ്ഥകളില്‍ ഒരു പ്രധാനചികിത്സയായിത്തന്നെ വ്യായാമത്തെ നിര്‍ദ്ദേശിക്കാറുണ്ട്.