ആയൂര്‍ദൈര്‍ഘ്യം
ആയുര്‍വേദം എന്നത് ആയുസ്സിന്റെ വേദമാണ്, അഥവാ ആയുസിന്റെ അറിവാണ്. അഥര്‍വ്വവേദത്തിലാണ് അതിന്റെ വേദസ്ഥാനം. പുരാതനമായ ഇന്ത്യന്‍ ആരോഗ്യ/വൈദ്യ രംഗമായിരുന്നു അത്. ശുശ്രുതനും ചരകനും ഇന്ത്യന്‍ മെഡിക്കല്‍ സിസ്റ്റത്തിന് ശക്തമായ അടിത്തറപാകി. ഇന്ന് ലോകത്തു തന്നെ സമാന്തരം ആരോഗ്യ പരിപാലന സംവിധാനമായി ആയുര്‍വേദം വികസിച്ചുവരുന്നുണ്ട്.
ഒരു ചികിത്സാ സംവിധാനത്തിലുപരി ആയുര്‍വേദം ഒരു ജീവിത ചര്യയാണ്. വ്യത്യസ്തതരത്തിലുള്ള അറിവുകള്‍ അത് സ്വാംശീകരിച്ചിരുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് ഈ മേഖലയില്‍ പുതിയ ഗവേഷണങ്ങള്‍ നടന്നുവരുന്നു. ഇതിന് കേരളത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി ചേര്‍ന്നുകൊണ്ട് ഡൂള്‍ന്യൂസ് ഒരുക്കുന്ന പംക്തി…
ഭാഗം8
സംശയങ്ങള്‍
1. ആയുര്‍വേദചികിത്സയുടെ അടിസ്ഥാനസമീപനമെന്ത്?
ആയുസ്സിനെക്കുറിച്ചുള്ള അറിവാണ് ആയുര്‍വേദം. ശരീരം, ഇന്ദ്രിയങ്ങള്‍ (ജ്ഞാനേന്ദ്രിയങ്ങളും കര്‍മ്മേന്ദ്രിയങ്ങളും), മനസ്സ് ഇവയുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് ആയുസ്സിന് കാരണം. ഇവയില്‍ ഏതെങ്കിലും ഒന്ന് വേര്‍പെട്ടാല്‍ ശരീരവും ആയുസ്സും ഇല്ല. ശരീരത്തെ രോഗരഹിതമായി നിലനിര്‍ത്തുക, പ്രാണനെ സംരക്ഷിക്കുക, ക്ഷണികമായ കാലങ്ങളെ പിന്നിലേക്ക് തള്ളിക്കൊണ്ട് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോവുക എന്നിവ ആയുസ്സിന്റെ വിവിധധര്‍മ്മങ്ങളാണ്.
ആയുസ്സിന്റെ പരിപാലനത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ആയുര്‍വേദത്തിലുള്ളത്. രോഗമില്ലാത്തവരുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും രോഗികളെ ചികിത്സിച്ച് അരോഗാവസ്ഥയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും സഹായിക്കുന്ന ഉപദേശങ്ങളാണ് ഇതിലുള്ളത്. പ്രകൃതിയില്‍നിന്ന് ലഭിക്കുന്നതെന്തും ഔഷധഗുണമുള്ളതാണ്. പ്രപഞ്ചത്തിലുള്ളതെല്ലാം ആകാശം, ഭൂമി, ജലം, വായു, അഗ്നി എന്നീ പഞ്ചഭൂതങ്ങളില്‍നിന്നാണുണ്ടാവുന്നത്. അതിനാല്‍ പ്രകൃതിയില്‍ വരുന്ന മാറ്റത്തിനനുസരിച്ച് ശരീരത്തിനുണ്ടാവുന്ന തകരാറുകള്‍ പ്രകൃതിയില്‍നിന്നുതന്നെ ലഭിക്കുന്ന ദ്രവ്യങ്ങള്‍കൊണ്ട് പരിഹരിക്കുവാന്‍ സാധിക്കും.
ആഹാരം, നിദ്ര, ബ്രഹ്മചര്യം എന്നിവയുടെ ശരിയായ വിധത്തിലുള്ള ഒരുമയാണ്, വീടിനെ തൂണുകള്‍ എന്നപോലെ, ശരീരത്തേയും താങ്ങിനിര്‍ത്തുന്നത്.ആഹാരം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് അന്തരഗ്നിയെ സംരക്ഷിക്കുന്ന വ്യായാമത്തിനും തുല്യപങ്കുണ്ട്. പചനം, ആഗിരണം, വിസര്‍ജ്ജനം എന്നിവ യഥാസമയം നടന്നാല്‍ മാത്രമേ ആരോഗ്യം നിലനിര്‍ത്താനാവുകയുള്ളൂ.മനുഷ്യന്റെ സുഖദുഃഖങ്ങളും അരോഗ-രോഗാവസ്ഥകളും നിദ്രയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. മാനസികപിരിമുറുക്കങ്ങളും ശാരീരികവ്യഥകളും ഉറക്കം കെടുത്തുന്നു. സദാചാരത്തിലധിഷ്ഠിതമായ ഭാര്യാഭര്‍തൃബന്ധമാണ് വംശത്തെയും സമൂഹത്തേയും നിലനിര്‍ത്തുന്നത്. എല്ലാവരുടേയും എല്ലാ പ്രവൃത്തികളും സുഖത്തിനുവേണ്ടിയുള്ളതാണ്. സുഖമാകട്ടെ, ധര്‍മ്മത്തിലധിഷ്ഠിതമായ പ്രവൃത്തികളില്‍നിന്നുമാത്രമാണുണ്ടാകുന്നത്. അതിനാല്‍ ധര്‍മ്മപരരായിരിക്കുകയാണ് വേണ്ടത്. ആയുര്‍വേദത്തിന്റെ സമീപനം സമഗ്രമാണ്, ചികിത്സയുടെ മാത്രമല്ല, അനുഷ്ഠാനത്തിന്റെകൂടി തത്ത്വങ്ങള്‍ അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നു.
2. ആയുര്‍വേദമരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളില്ല എന്ന് പറയുന്നത് ശരിയാണോ?
സസ്യൗഷധികള്‍, ധാതുക്കള്‍, ലവണങ്ങള്‍, ലോഹങ്ങള്‍ എന്നിങ്ങനെ പ്രകൃതിയില്‍നിന്ന് ലഭിക്കുന്നവയെല്ലാം ആയുര്‍വേദത്തില്‍ ഔഷധങ്ങളായി ഉപയോഗപ്പെടുത്തിവരുന്നു. ഇവയില്‍ ഗുഗ്ഗുലു, ചേര്‍ക്കുരു, കൊടുവേലി തുടങ്ങിയ സസ്യൗഷധികള്‍ക്കും ധാതുക്കള്‍, ലവണങ്ങള്‍, ലോഹങ്ങള്‍ എന്നിവയ്ക്കും പ്രത്യേകം പ്രത്യേകം ശുദ്ധിക്രമങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ശരിയായ വിധത്തില്‍ ശുദ്ധിചെയ്ത് ഉപയോഗിക്കുകയാണെങ്കില്‍ ഇവയ്‌ക്കൊന്നിനുംതന്നെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയില്ല; രസായനഗുണം ഉണ്ടാവുകയും ചെയ്യും. ജൈവസമ്പന്നമാകയാല്‍ ആയുര്‍വേദമരുന്നുകള്‍ ശരീരത്തോടിണങ്ങിച്ചേരുന്നു. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് പറയുന്നത് ഇതുകൊണ്ടാണ്. വ്യക്തിഗതമായ ശാരീരികപ്രത്യേകതകളാല്‍ ചിലരില്‍ അലര്‍ജിയുണ്ടായിക്കാണാറുണ്ട്.
3. അലോപ്പതിമരുന്നുകള്‍ക്ക് പത്ഥ്യമില്ല. ആയുര്‍വേദചികിത്സയില്‍ പത്ഥ്യം വരുന്നതെന്തുകൊണ്ട്?
മരുന്ന് കഴിക്കുമ്പോള്‍ രോഗകാരണമായ സാഹചര്യങ്ങളില്‍നിന്ന് വിട്ടുനിന്ന് രോഗശമനത്തിനനുകൂലമായ ആഹാരങ്ങളും ചര്യകളും ശീലമാക്കുന്നതിനെയാണ് പത്ഥ്യാചരണമെന്ന് പറയുന്നത്. അന്തരഗ്നിയുടെ മന്ദതയാണ് പലപ്പോഴും രോഗത്തിന് കാരണമായിത്തീരുന്നത്. വിവിധകാരണങ്ങള്‍കൊണ്ടാണ് അഗ്നിബലം കുറയുന്നത്.
ഈ കാരണങ്ങളെ ഒഴിവാക്കലാണ് പത്ഥ്യത്തില്‍ ചെയ്യുന്നത്. ഉദാഹരണമായി പനിയുണ്ടാകുമ്പോള്‍ രോഗിയുടെ ശക്തിക്കനുസരിച്ച് പറ്റുമെങ്കില്‍ ഉപവസിക്കുവാനും തണുത്തതും ദഹിക്കാന്‍ പ്രയാസമുള്ളതുമായ ആഹാരങ്ങള്‍ തീര്‍ത്തും ഒഴിവാക്കുവാനും തണുപ്പേല്പിക്കാതെ വിശ്രമിക്കുവാനും നിര്‍ദ്ദേശിക്കുന്നു. പത്ഥ്യാചരണത്തോടെതന്നെ ദഹനശക്തി വീണ്ടെടുക്കുവാന്‍ കഴിയുന്നു. ജ്വരഹരങ്ങളായ ഔഷധങ്ങള്‍കൂടി നല്‍കുമ്പോള്‍ അഗ്നിബലം സാധാരണനിലയിലാവുകയും നഷ്ടമായ ശക്തി തിരിച്ചുകിട്ടുകയും ചെയ്യുന്നു.
ഔഷധവീര്യം വേണ്ടപോലെ പ്രവര്‍ത്തിച്ച് രോഗമുക്തി ലഭിക്കുന്നതിന് സഹായിക്കുന്ന ആഹാരം, ചര്യകള്‍ ഇവയുടെ ക്രമീകരണമാണ് പത്ഥ്യം. പത്ഥ്യം രോഗിക്കുവേണ്ടിയുള്ളതാണ്; മരുന്നിനുവേണ്ടിയുള്ളതല്ല. രോഗശമനത്തിന് നല്‍കുന്ന ഔഷധം പ്രവര്‍ത്തിക്കുന്നതിനനുകൂലമായ സാഹചര്യെമാരുക്കുകയാണ് പത്ഥ്യമാചരിക്കുന്നതിലൂടെ രോഗി ചെയ്യുന്നത്. രോഗം മാറിയ ശേഷവും പ്രതിരോധമെന്ന നിലക്ക് പത്ഥ്യം തുടരുകയാണ് വേണ്ടത്. പ്രമേഹപത്ഥ്യത്തിലും മറ്റും അതാണ് ചെയ്തുവരുന്നത്.
4. എല്ലാ രോഗങ്ങള്‍ക്കും ആയുര്‍വേദത്തില്‍ പ്രതിവിധി ഉണ്ടോ?
രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു സമീപനമാണ് ആയുര്‍വേദത്തിലുള്ളത്. രോഗം വന്നുചികിത്സിക്കുന്നതിനേക്കാള്‍ രോഗം വരാതെ സൂക്ഷിക്കുന്നതിനുവേണ്ട നിര്‍ദ്ദേശങ്ങളാണ് ദിനചര്യയിലും ഋതുചര്യയിലും വിവരിക്കുന്നത്. ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ജീവിതം നയിക്കുന്നവര്‍ തീര്‍ത്തും ആരോഗ്യമുള്ളവരായിരിക്കും.
കാലാനുസൃതമായുണ്ടായ മാറ്റങ്ങള്‍, ജീവിതരീതിയെ മാറ്റിമറിക്കുകയും ജീവിതത്തിലെ കൃത്യനിഷ്ഠ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത് പല ശാരീരിക-മാനസികരോഗങ്ങള്‍ക്കും കാരണമായിത്തീര്‍ന്നിട്ടുമുണ്ട്. പ്രത്യേകാവസ്ഥയില്‍ ഏതൊരു വൈദ്യശാസ്ത്രത്തിനും അതിന്റേതായ പരിമിതികള്‍ ഉണ്ട്. ആയുര്‍വേദത്തില്‍ പ്രത്യേകിച്ചും. രോഗകാരണങ്ങളെ ഒഴിവാക്കിനിര്‍ത്തിക്കൊണ്ട് ഔഷധങ്ങള്‍ പ്രയോഗിക്കുകയും ഔഷധവീര്യം വേണ്ടവിധത്തില്‍ പ്രയോജനപ്പെടുന്നതിനുവേണ്ട പത്ഥ്യങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നതാണ് ആയുര്‍വേദരീതി. ശാരീരികപ്രവര്‍ത്തനങ്ങളിലുള്ള തകരാറുകള്‍ ഒന്നാകെ പരിപാലിക്കാനുതകുന്ന തരത്തിലുള്ളതും ശരീരബലം വര്‍ദ്ധിപ്പിക്കുന്നവയുമാണിത്. ആന്തരികവും ബാഹ്യവുമായ ഔഷധപ്രയോഗങ്ങളിലൂടെ രോഗശമനം വരുത്തിയശേഷം ശരീരത്തെ ശുദ്ധീകരിക്കുന്ന ശോധനചികിത്സകള്‍ (പഞ്ചകര്‍മ്മങ്ങള്‍) ചെയ്യുന്നു.
ശാസ്ത്രം നിര്‍ദ്ദേശിക്കുന്ന പ്രകാരമുള്ള ചികിത്സയിലൂടെ പൂര്‍ണ്ണാരോഗ്യം വീണ്ടെടുക്കാന്‍ രോഗിക്കു സാധിക്കും. പാര്‍ശ്വഫലങ്ങളില്ല എന്നുള്ള നേട്ടവുമുണ്ട്. ചികിത്സയില്‍ നിഷ്‌കര്‍ഷിക്കുന്ന കാര്യങ്ങള്‍ നടപ്പില്‍വരുത്താന്‍ സാധിക്കാതെ വരുമ്പോള്‍ ചികിത്സകൊണ്ടുള്ള പ്രയോജനം പരിമിതമായിത്തീരുകയും ചിലപ്പോള്‍ രോഗം വര്‍ദ്ധിക്കാന്‍തന്നെ കാരണമായിത്തീരുകയും ചെയ്യുന്നു. കാന്‍സര്‍ തുടങ്ങിയ ജനിതകരോഗങ്ങളില്‍ മറ്റേതു ശാസ്ത്രത്തിലുമെന്നപോലെ ആയുര്‍വേദത്തിലും പൂര്‍ണ്ണമായി ഭേദമാക്കത്തക്കവിധത്തിലുള്ള ചികിത്സ ഇനിയും നിലവില്‍വന്നിട്ടില്ല. ഇത്തരം രോഗങ്ങളില്‍ മറ്റുചികിത്സകളോടൊപ്പം സാന്ത്വനചികിത്സയാണ് (supportive therapy) ആയുര്‍വേദത്തില്‍ ചെയ്യുന്നത്.
രോഗാവസ്ഥകളെ, സുസാദ്ധ്യം (എളുപ്പം ചികിത്സിച്ചുഭേദമാക്കാവുന്നത്), കൃച്ഛ്രസാദ്ധ്യം (വളരെ നിഷ്‌കര്‍ഷിച്ച് ചികിത്സിച്ചാല്‍ ഭേദപ്പെടുത്താവുന്നത്), യാപ്യം (ചികിത്സയും പത്ഥ്യവും കൊണ്ടും ജീവിതം നിലനിര്‍ത്തിപ്പോകാവുന്നത്), അസാദ്ധ്യം (ചികിത്സിച്ചുമാറ്റാന്‍ സാധിക്കാത്തത്) എന്നിങ്ങനെ നാലായി തിരിക്കാം. വൈദ്യന് രോഗിയുടെ ആയുസ്സ് നീട്ടിക്കൊടുക്കുവാന്‍ സാധിക്കുകയില്ലെങ്കിലും രോഗിയില്‍ പ്രാണന്‍ അവശേഷിക്കുന്ന അവസാനനിമിഷംവരേയും ചികിത്സിക്കണമെന്നാണ് ആയുര്‍വേദശാസ്ത്രം ഉപദേശിക്കുന്നത്.
5. ആയുര്‍വേദമരുന്നുകള്‍ വൈദ്യനിര്‍ദ്ദേശം കൂടാതെ ഉപയോഗിക്കാമോ?
ഏതൊരൗഷധവും വൈദ്യനിര്‍ദ്ദേശത്തോടെ ഉപയോഗിക്കുന്നതാണ് ശരിയായ രീതി. ആയുര്‍വേദമരുന്നുകളില്‍ പലതും ആഹാരമായിത്തന്നെ ഉപയോഗിക്കുന്നവയായതിനാല്‍ (ചുക്ക്, കുരുമുളക്, വെളുത്തുള്ളി മുതലായവ) അവ ഉപയോഗിച്ച ചിലമരുന്നുകള്‍ വീട്ടില്‍ത്തന്നെ ഉപയോഗിച്ചുതുടങ്ങാമെന്നുമാത്രം. രോഗം വര്‍ദ്ധിക്കാതിരിക്കാനിതു സഹായിക്കും. പാര്‍ശ്വഫലങ്ങളെ ഭയപ്പെടാനുമില്ല.
6. സുഖചികിത്സ എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്?
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിനും ജരാനരകളെ അകറ്റി യൗവനാവസ്ഥ നീട്ടിക്കൊണ്ടുപോകുവാനും സുഖചികിത്സ സഹായിക്കും. പ്രത്യക്ഷത്തില്‍ രോഗമൊന്നുമില്ലാത്തവരിലും കാലാവസ്ഥയിലുള്ള മാറ്റം, ജോലിയുടെ സ്വഭാവം, സാമൂഹികമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവയാല്‍ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ ഏറെ നാള്‍ തുടര്‍ന്നുനിന്നാല്‍ രോഗമായി മാറിയേക്കാം. അതിനാല്‍ അതതുകാലത്തുണ്ടാവുന്ന വ്യതിയാനങ്ങള്‍ മനസ്സിലാക്കി അതിനുവേണ്ട പരിഹാരം ചെയ്യുകയാണെങ്കില്‍ രോഗപ്രതിരോധശക്തി വര്‍ദ്ധിക്കുന്നതിനും ആരോഗ്യം നിലനിര്‍ത്തുന്നതിനും സാധിക്കും.
ഉദാഹരണത്തിന് കാലാവസ്ഥയിലുള്ള മാറ്റത്തെ അതിജീവിച്ച് ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ് ദിനചര്യയില്‍ വിവരിക്കുന്നത്. ഈരണ്ടു മാസങ്ങള്‍ ചേര്‍ന്ന ആറ് ഋതുക്കളാണ് മാറിമാറി വരുന്നത്. ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം, വസന്തം എന്നിവയാണവ. ഗ്രീഷ്മം, വര്‍ഷം, ശരത് എന്നീ ഋതുക്കളില്‍ യഥാക്രമം വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. എങ്കിലും രോഗമുണ്ടാകത്തക്കവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ വര്‍ഷത്തില്‍ വാതവും, ശരത്തില്‍ പിത്തവും വസന്തത്തില്‍ കഫവും ഏതെങ്കിലും കാരണമുണ്ടായാല്‍ രോഗമായിത്തീരാവുന്ന അവസ്ഥയിലായിരിക്കും. ത്രിദോഷങ്ങളായ വാതപിത്തകഫങ്ങളുടെ കാലാനുസൃതമായ മാറ്റങ്ങള്‍ മുന്നില്‍കണ്ടുകൊണ്ട് ശോധനചികിത്സകള്‍ (പഞ്ചകര്‍മ്മങ്ങള്‍) നടത്തുകയാണെങ്കില്‍ രോഗങ്ങളെ തടയുവാനും രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുവാനും സാധിക്കും. വേണ്ടവിധത്തില്‍ ശുദ്ധമായിത്തീര്‍ന്ന ശരീരത്തിന് ജരാനരകളെ അകറ്റിനിര്‍ത്താനും യൗവനാവസ്ഥ നിലനിര്‍ത്താനും സാധിക്കും.
ശോധനകര്‍മ്മം ശരിയായ രീതിയില്‍ ചെയ്തുകഴിഞ്ഞാല്‍ ബുദ്ധിശക്തി വര്‍ദ്ധിക്കുകയും കാഴ്ചശക്തി, കേള്‍വിശക്തി, ചര്‍മ്മകാന്തി, ഗ്രഹണശക്തി, രുചി എന്നിവ വര്‍ദ്ധിക്കുകയും ദഹനശക്തിയും ദേഹബലവും കൂടുകയും ചെയ്യുന്നു. ഇതൊക്കെകൊണ്ട് യൗവനം നിലനിര്‍ത്താന്‍ സുഖചികിത്സയ്ക്കു കഴിയുന്നു.