| Saturday, 6th December 2014, 7:00 am

ആയൂര്‍ദൈര്‍ഘ്യം- ബ്രഹ്മചര്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ആയൂര്‍ദൈര്‍ഘ്യം

ആയുര്‍വേദം എന്നത് ആയുസ്സിന്റെ വേദമാണ്, അഥവാ ആയുസിന്റെ അറിവാണ്. അഥര്‍വ്വവേദത്തിലാണ് അതിന്റെ വേദസ്ഥാനം. പുരാതനമായ ഇന്ത്യന്‍ ആരോഗ്യ/വൈദ്യ രംഗമായിരുന്നു അത്. ശുശ്രുതനും ചരകനും ഇന്ത്യന്‍ മെഡിക്കല്‍ സിസ്റ്റത്തിന് ശക്തമായ അടിത്തറപാകി. ഇന്ന് ലോകത്തു തന്നെ സമാന്തരം ആരോഗ്യ പരിപാലന സംവിധാനമായി ആയുര്‍വേദം വികസിച്ചുവരുന്നുണ്ട്.
ഒരു ചികിത്സാ സംവിധാനത്തിലുപരി ആയുര്‍വേദം ഒരു ജീവിത ചര്യയാണ്. വ്യത്യസ്തതരത്തിലുള്ള അറിവുകള്‍ അത് സ്വാംശീകരിച്ചിരുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് ഈ മേഖലയില്‍ പുതിയ ഗവേഷണങ്ങള്‍ നടന്നുവരുന്നു. ഇതിന് കേരളത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി ചേര്‍ന്നുകൊണ്ട് ഡൂള്‍ന്യൂസ് ഒരുക്കുന്ന പംക്തി…

ഭാഗം 5

  ബ്രഹ്മചര്യം

ബ്രഹ്മചാരി എന്നു കേട്ടാല്‍ അവിവാഹിതന്‍ എന്നാണ് പെട്ടെന്ന് തോന്നുന്ന അര്‍ത്ഥം. അതു ശരിയല്ല. വിദ്യ അഭ്യസിക്കുന്നവന്‍ എന്നേ അതിനര്‍ത്ഥം ഉണ്ടായിരുന്നുള്ളു. വിദ്യാഭ്യാസത്തിനുള്ള കാലം അവിവാഹിതമായ ബാല്യമായതിനാല്‍ ഈ അര്‍ത്ഥം പിന്നീട് വന്നതാവാനാണിട.

ബ്രഹ്മചര്യത്തെ സന്തുഷ്ടജീവിതത്തിന്റെ മൂന്നാം തൂണായിട്ടാണ് ആയുര്‍വേദം കണക്കാക്കിയിരിക്കുന്നത്. ലൈംഗികവൃത്തിയിലുള്ള മിതത്വമാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ആരോഗ്യകരമായ ലൈംഗികജീവിതം സമ്പുഷ്ടമായ വ്യക്തിജീവിതത്തിന്റെ ലക്ഷണമാണ്. ജീവിതപങ്കാളികളായ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തമ്മില്‍ മാത്രമേ ലൈംഗികബന്ധം പാടുള്ളൂ.  സാമൂഹികവും സാംസ്‌കാരികവും സദാചാരത്തിലധിഷ്ഠിതവുമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മനസ്സിനിണങ്ങിയ വ്യക്തിയെയായിരിക്കണം ജീവിതപങ്കാളിയായി തിരഞ്ഞെടുക്കേണ്ടത്. പരസ്പരവിശ്വാസമുള്ളവരും ആത്മാര്‍ത്ഥതയുള്ളവരുമായിരിക്കണം ദമ്പതികള്‍. തുല്യമനസ്‌കരായ പങ്കാളികള്‍ക്കുമാത്രമേ പൂര്‍ണ്ണസുഖം ലഭിക്കുകയുള്ളൂ. ഇത്തരത്തിലുള്ള ബന്ധത്തിലൂടെ മാത്രമേ പൂര്‍ണ്ണാരോഗ്യമുള്ള ശിശു ജന്മം കൊള്ളുകയുള്ളൂ. വ്യക്തിയുടെ സ്വഭാവരൂപീകരണം ഗര്‍ഭപാത്രത്തില്‍നിന്ന് ആരംഭിക്കുന്നു. രക്തബന്ധമുള്ളവര്‍ തമ്മിലുള്ള ബന്ധത്തിലൂടെ ഉണ്ടാവുന്ന കുഞ്ഞുങ്ങളില്‍ ജനിതകരൂപീകരണത്തില്‍ തകരാറുകള്‍ ഉണ്ടാകുന്നു. ദമ്പതികള്‍ പരസ്പരവിശ്വാസത്തോടും പുരുഷന്‍ ലിംഗഹര്‍ഷത്തോടും പ്രേമപൂര്‍വ്വമായും ഏകാന്തതയില്‍ ഏകമനസ്സോടെയും ആയിരിക്കണം ബന്ധപ്പെടേണ്ടത്. അതിനുമുന്‍പ് മലം, മൂത്രം തുടങ്ങിയ വേഗങ്ങള്‍ ഉണ്ടാകുന്നുവെങ്കില്‍ അവയെ പ്രവര്‍ത്തിപ്പിക്കണം. ആഹാരം തീരെ കഴിക്കാതെയും അമിതമായി കഴിച്ചും ബന്ധപ്പെടുന്നത് ശരിയല്ല. ശുക്ലവൃദ്ധിയെ ഉണ്ടാക്കുന്ന ആഹാരങ്ങളും ഔഷധങ്ങളും മൂന്നുദിവസം മുമ്പേ ശീലിച്ചുതുടങ്ങണം.  അമൃതപ്രാശഘൃതം, അശ്വഗന്ധാദിഘൃതം, അശ്വഗന്ധാദിലേഹം, ച്യവനപ്രാശം, നാരസിംഹരസായനം, ദശമൂലാരിഷ്ടം, കുമാര്യാസവം, സാരസ്വതാരിഷ്ടം തുടങ്ങിയ ഔഷധങ്ങള്‍ ശുക്ലവൃദ്ധിയെ ഉണ്ടാക്കുന്നവയാണ്. ദേഹപ്രകൃതിയും അഗ്നിബലവുമനുസരിച്ച് വൈദ്യനിര്‍ദ്ദേശപ്രകാരം യുക്തമായത് ഉപയോഗപ്പെടുത്താം.

വസന്തഋതുവില്‍ രണ്ടുദിവസത്തിലൊരിക്കലും ഗ്രീഷ്മകാലത്തും വര്‍ഷകാലത്തും പതിനഞ്ചു ദിവസത്തിലൊരിക്കലും ഹേമന്തശിശിരഋതുക്കളില്‍ ബലത്തിനനുസരിച്ചും ശാരീരികബന്ധമാകാം. വൃഷ്യങ്ങളായ ആഹാരങ്ങളും ഔഷധങ്ങളും ശീലിക്കുന്നവര്‍ക്ക് ശരീരബലം നിലനിര്‍ത്തിക്കൊണ്ട് എല്ലാകാലത്തും ലൈംഗികസുഖമനുഭവിക്കാം. പരസ്പരബന്ധത്തിനുശേഷം ഉണ്ടായേക്കാവുന്ന ശരീരക്ഷീണം പരിഹരിക്കുന്നതിനായി കുളിക്കുകയും തണുത്തകാറ്റേല്‍ക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ്. ശുക്ലവൃദ്ധിയുണ്ടാക്കുന്ന ആസവങ്ങള്‍, ക്ഷീരം, മാംസരസം, മറ്റ് ഔഷധങ്ങള്‍, മാംസം എന്നിവയും ഉപയോഗപ്പെടുത്താം. ആഹാരങ്ങള്‍ മധുരരസപ്രധാനമാക്കുന്നതാണ് നല്ലത്.

Latest Stories

We use cookies to give you the best possible experience. Learn more