ദിനചര്യ
രാവിലെ ഉണരുന്നതുമുതല്‍ രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ ഒരു വ്യക്തി ചെയ്യേണ്ട കാര്യങ്ങളാണ് ദിനചര്യയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉണരേണ്ട സമയം ശരീരസ്ഥിതി, ദേഹപ്രകൃതി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ബ്രാഹ്മമൂഹൂര്‍ത്തത്തില്‍ ഉണരണമെന്നാണ് പൊതുനിര്‍ദ്ദേശം. പുലരാന്‍ ഏഴരനാഴിക ഉള്ള സമയമാണ് ബ്രാഹ്മമുഹൂര്‍ത്തം (ഒരുനാഴിക = 24 മിനുട്ട്). ഉണര്‍ന്നാല്‍ ശരീരത്തില്‍നിന്ന് മലങ്ങളെ ദൂരീകരിക്കുകയാണ് ആദ്യം ചെയ്യേണ്ടുന്ന പ്രവൃത്തി.
ശരീരത്തിന്റെ ചെറുതും വലുതുമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ട ഊര്‍ജ്ജം ലഭിക്കുന്നത് ആഹാരത്തില്‍നിന്നാണ്. ആഹാരത്തോടൊപ്പം ആവശ്യമായ ദഹനരസങ്ങള്‍ ചേര്‍ന്ന് ശരിയായ പചനപ്രക്രിയയിലൂടെ അത് സാരാംശമായി മാറുന്നു. അഗ്നിബലത്തിനനുസരിച്ചാണ് ആഹാരസാരം വേര്‍തിരിഞ്ഞുകിട്ടുന്നത്. ദഹനശക്തിയാണ് അഗ്നിയുടെ ബലമെന്നുദ്ദേശിക്കുന്നത്. ശരിയായ പചനത്തിലൂടെയുണ്ടാകുന്ന ആഹാരസാരത്തില്‍നിന്നും ഓരോ അവയവങ്ങളുടേയും പ്രവര്‍ത്തനത്തിനാവശ്യമായ ഘടകങ്ങള്‍ ശരീരം ആഗിരണം ചെയ്യുന്നു. ശേഷിക്കുന്നവ മലഭാഗമായി പുറത്തു കളയേണ്ടവയാണ്. ഉണര്‍ന്നെഴുന്നേറ്റാല്‍ ഇവയെ യഥാസമയം ശരീരത്തില്‍നിന്ന് പുറത്തുകളയണം.
ശരീരാവയവങ്ങളുടെ പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജ്ജം ലഭിക്കാതെ വരുമ്പോള്‍ ആ അവയവം മാത്രമല്ല, അതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെടുന്ന മറ്റു ഭാഗങ്ങളും ക്ഷീണിക്കുന്നു. തത്ഫല മായി അനാരോഗ്യവും ഗുരുതരമായ രോഗാവസ്ഥതന്നെയും ഉണ്ടാകുന്നു.
ചുരുക്കത്തില്‍ ശരീരത്തെ നിലനിര്‍ത്തുന്നതിന് ആഹാരംതന്നെ മുഖ്യമെന്നുവരുന്നു.
ആഹാരത്തിന്റെ പചനം, ആഗിരണം, മലവിസര്‍ജ്ജനം തുടങ്ങിയവ യഥാസമയം വേണ്ടപോലെ നടക്കുന്നതാണ് അരോഗാവസ്ഥ.
ദന്തധാവനം
ബ്രഷ് ഉപയോഗിച്ചാണ് ഇന്ന് അധികമാളുകളും പല്ലുതേയ്ക്കുന്നത്. പേസ്റ്റുകളും ധാരാളമുണ്ട്. ആയുര്‍വേദരീതിയില്‍ ശാസ്ത്രീയമായി നിര്‍മ്മിച്ച ചൂര്‍ണമാണ് ദശനകാന്തിചൂര്‍ണം. മോണയെ സംരക്ഷിക്കുന്നതിന്നും വായില്‍ സുഗന്ധം നല്‍കുന്നതിനും ഇതിന് കഴിവുണ്ട്. പല്ലുവേദന വരികയുമില്ല. രാവിലെയും രാത്രി കിടക്കുന്നതിന് മുന്‍പും പല്ലുതേക്കേണ്ടതാണ്.
അഞ്ജനം
കണ്ണെഴുതുന്നത് കാഴ്ചശക്തിയും കണ്ണിന്റെ സൗന്ദ്യര്യവും നിലനിര്‍ത്തുന്നു. മാത്രമല്ല, അത് പീള മുതലായ മലങ്ങളെ ഒഴുക്കിക്കളയുകയും ചെയ്യുന്നു. ദിവസവും കണ്ണെഴുതുന്നതിനുള്ള കണ്‍മഷി പലരും വീട്ടില്‍തന്നെ ഉണ്ടാക്കാറുണ്ട്.
പുതിയ ഈരിഴത്തോര്‍ത്തിന്‍ തുണി പൂവാംകുറുന്നിലനീരും ചെറുനാരങ്ങനീരും ചേര്‍ത്തതില്‍ പല പ്രാവശ്യം മുക്കി തണലിലുണക്കിയെടുത്ത് തിരികളാക്കിയെടുക്കുന്നു. ഒരു ചിരാതില്‍ ത്രിഫലപ്പൊടിയിട്ടു മൂപ്പിച്ച ശുദ്ധമായ എള്ളെണ്ണയൊഴിച്ച് അതില്‍ ഈ തിരികള്‍ മുക്കിവച്ച് കത്തിക്കുന്നു. ഇതിനെ ഒരു പുതിയ കലംകൊണ്ട് മൂടിവെയ്ക്കുന്നു. തിരി കത്തിയ കരി കലത്തിന്റെ ഉള്‍ഭാഗത്ത് പിടിക്കും. ഈ കരി ചുരണ്ടിയെടുത്ത് സ്വല്പം പച്ചക്കര്‍പ്പൂരവും അഞ്ജനവും നന്നായി പൊടിച്ചുചേര്‍ത്ത് മൂപ്പിച്ച നല്ലെണ്ണ ചേര്‍ത്തുരസി കണ്ണെഴുതാന്‍ പാകത്തില്‍ ആക്കിയെടുക്കുന്നു.
പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും കണ്ണെഴുതാന്‍ ഈ കണ്‍മഷിയാണ് പണ്ടുമുതലേ കേരളീയര്‍ ഉപയോഗിക്കുന്നത്. ഇത് കഫത്തെ ശമിപ്പിക്കുന്നതും അണുക്കളെ നശിപ്പിക്കുന്നതുമാണ്. അതിനാല്‍ ഈ കണ്‍മഷി ഉപയോഗിക്കുന്നവര്‍ക്ക് കണ്ണില്‍ ചൊറിച്ചിലോ പഴുപ്പോ ഉണ്ടാവുന്നില്ല. കണ്ണിനുണ്ടാകുന്ന ഏതസുഖത്തിനും പൂവാംകുറുന്നിലനീര് ഒഴിക്കുന്നത് ഉത്തമമാണുതാനും. ഇതുപോലെതന്നെ ഇളനീര്‍കുഴമ്പും പതിവായി കണ്ണിലെഴുതുന്നത് നല്ലതാണ്. അത് കണ്ണിന് കുളിര്‍മ്മ നല്‍കുകയും ചെയ്യും.
ആഴ്ചയിലൊരിക്കല്‍ രസാഞ്ജനങ്ങള്‍ നിര്‍ബന്ധമായും കണ്ണിലെഴുതണമെന്ന് ആയുര്‍വേദം ഉപദേശിക്കുന്നു. പ്രകാശമുള്ളപ്പോഴെല്ലാം തന്നെ തുറന്നിരിക്കുന്ന ഇന്ദ്രിയമെന്ന നിലയില്‍ പൊടിപടലങ്ങളും അണുബാധയും കണ്ണില്‍ എപ്പോഴുമുണ്ടാവാം. ഏറെനേരം ടി.വി.യില്‍ നോക്കിയിരിക്കുന്നതും കണ്ണുകളുടെ പ്രവര്‍ത്തനശേഷി കുറക്കുന്നു. ആഴ്ചയിലൊരിക്കല്‍ രസാഞ്ജനമെഴുതി ശുദ്ധിയാക്കുന്നത് നേത്രരോഗങ്ങളെ തടയുവാന്‍ സഹായിക്കുകയും ചെയ്യും.
നസ്യം
നാസാദ്വാരങ്ങളില്‍ മരുന്നൊഴിക്കുന്നതിനെയാണ് നസ്യമെന്ന് പറയുന്നത്. ചികിത്സയുടെ ഭാഗമായി നസ്യം ചെയ്യുമ്പോള്‍ പ്രത്യേകവിധിയോടെയാണ് ചെയ്തുവരുന്നത്. എന്നാല്‍ അങ്ങനെയല്ലാതെ ആരോഗ്യമുള്ള ഒരാള്‍ ദിവസേന നസ്യം ചെയ്യുമ്പോള്‍ പ്രത്യേക നിഷ്‌കര്‍ഷയൊന്നും വേണ്ടതില്ല. അണുതൈലം രണ്ടുതുള്ളി വീതം ഓരോ നാസാദ്വാരത്തിലും ഉറ്റിക്കുക. മൂക്കിനുള്ളിലേക്ക് മരുന്നൊഴിച്ചശേഷം പതുക്കെ വലിച്ചുകയറ്റണം. കൈത്തലങ്ങള്‍ കൂട്ടിത്തിരുമ്മി ചൂടാക്കി മൂക്കിന്റെ ഇരുവശവും തടവുന്നത് മരുന്ന് മൂക്കിന്നിരുവശത്തുമുള്ള വായുഅറകളിലേക്ക്(sinuses) എത്തുവാനും അവിടെയുള്ള കഫത്തെ മൂക്കിലൂടെ പുറത്തേക്ക് കളയുന്നതിനും സഹായിക്കുന്നു. മുഖത്തുള്ള വിവിധ വായുഅറകളില്‍ കഫം കെട്ടിനിന്ന് ദുര്‍ഗന്ധത്തോടൂകുടിയ കഫമായി പുറത്തേക്കുവരുന്നതും തലവേദന ഉണ്ടാകുന്നതും സൈനുസൈറ്റിസ്(sinusitis) എന്ന രോഗത്തിന്റെ ലക്ഷണമാണ്. നിത്യവും നസ്യം ശീലിക്കുന്നവര്‍ക്ക് ശെിൗശെശേ െഉണ്ടാകുവാനുള്ള സാധ്യത വളരെ കുറവാണ്.
മാത്രവുമല്ല, നിത്യവും നസ്യം ശീലിക്കുന്നവരുടെ മുഖം മിനുമിനുത്തതും ചുളിവുകളില്ലാത്ത മനോഹരമായ ചര്‍മ്മത്തോടുകൂടിയതുമായിരിക്കും. മുഖേന്ദ്രിയങ്ങളായ കണ്ണ്, മൂക്ക് എന്നിവയുടെ പ്രവര്‍ത്തനശേഷി ഒട്ടും കുറയാതെ സൂക്ഷിക്കപ്പെടുന്നു. കഫക്കെട്ടില്ലാതെ സ്വരം മധുരമായിത്തീരും. വായില്‍ സുഗന്ധമുണ്ടാകും. ചുമല്‍, മാറിടം, കഴുത്ത് എന്നീ ഭാഗങ്ങള്‍ കൊഴുത്ത് ഉയര്‍ന്ന് മനോഹരമായിരിക്കും. എല്ലാറ്റിനുമുപരി നരയെ അകറ്റിനിര്‍ത്തുവാനും നസ്യം സഹായിക്കും.
നസ്യം ചെയ്യുമ്പോള്‍ കഫമിളകി മൂക്കിലൂടെയും വായിലൂടെയും പുറത്തുപോകുന്നു. ഏതെങ്കിലും തരത്തില്‍ മുഴുവന്‍ കഫവും പോയിട്ടില്ലെങ്കില്‍ അതുകൂടി കളയുവാനായി നസ്യത്തിനുശേഷം ചെറുചൂടുള്ള വെള്ളംകൊണ്ട് കവിള്‍കൊള്ളുകയാണെങ്കില്‍ കഫമിളകിപ്പോകുന്നു. വായ്ക്ക് രുചിയും സുഗന്ധവുമുണ്ടാകുന്നു. ഉഷ്ണകാലത്താണെങ്കില്‍ തണുത്ത വെള്ളംകൊണ്ടുതന്നെ കവിള്‍കൊള്ളാം. മുഖശുദ്ധിവരുത്തുവാനും ദാഹം മാറ്റുവാനും ഇത് സഹായകരമാണ്. കരിങ്ങാലിക്കാതല്‍, നാല്പാമരത്തൊലി, കരിവേലപ്പട്ട മുതലായ ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളം കവിള്‍ക്കൊള്ളുന്നതിന് ഉപയോഗിക്കാം.
ധൂമപാനം
ആരോഗ്യവാനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയാണ് ആയുര്‍വേദത്തില്‍ പറയുന്ന ധൂമപാനം. Inhalation എന്ന് ആധുനികരീതിയില്‍ പറയപ്പെടുന്ന ചികിത്സാരീതിയാണിത്. പുകവലിയുമായി ഇതിന് ബന്ധമില്ല. ഔഷധയുക്തമായ പുക മൂക്കിലൂടെയോ വായയിലൂടെയോ പ്രവേശിപ്പിക്കുന്നു. കഴുത്തിനുമുകളിലുള്ള രോഗങ്ങളെ തടയുവാന്‍ ഇതുകൊണ്ട് സാധിക്കും. ഏതു കാലാവസ്ഥയിലും ശീലിക്കാം. പതിനെട്ടുവയസ്സുമുതല്‍ ധൂമപാനം ചെയ്യാമെന്നാണ് ശാസ്ത്രവിധി. കുന്തിരിക്കം, കോലരക്ക്, മഞ്ചട്ടി, ഗുഗ്ഗുലു, അകില്‍, മുത്തങ്ങ, ജടാമാഞ്ചി, ചെഞ്ചില്യം തുടങ്ങിയ ഔഷധങ്ങള്‍ അരച്ചുതേച്ച് നിഴലിലുണക്കിയെടുക്കുന്ന തിരി (ധൂമവര്‍ത്തി), പ്രത്യേകമായുണ്ടാക്കിയ കുഴലിനുള്ളില്‍ (ധൂമനാഡി, ധൂമനേത്രം) വെച്ചുകത്തിച്ച് അതിന്റെ പുക വലിക്കുകയാണ് ചെയ്യുന്നത്. ചെവികള്‍ക്കും കണ്ണുകള്‍ക്കും പുകയേല്ക്കാത്ത വിധത്തില്‍ ഒരു പ്രത്യേകരീതിയിലാണ് ധൂമനാഡിയുണ്ടാക്കുന്നത്.
മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി ഇവ തിരിശ്ശീലയില്‍ പരത്തി, ചുരുട്ടി തിരിയാക്കി നൂലുകൊണ്ട് കെട്ടി നല്ലെണ്ണയില്‍ മുക്കി കത്തിച്ചുകെടുത്തി, അതില്‍നിന്നും വരുന്ന പുക വലിക്കുന്നത് ജലദോഷം മാറുവാന്‍ നല്ലതാണ്. ഔഷധയുക്തമായ ധൂമപാനം വിധിയാംവണ്ണം ഉപയോഗിക്കുന്നവര്‍ക്ക് ചുമ, ശ്വാസംമുട്ടല്‍, ജലദോഷം, തലവേദന, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ തടയുവാന്‍ ഒരു പരിധിവരെ സാധിക്കും. മുഖത്തിന് സുഗന്ധവുമുണ്ടാവും. മുടി, മീശ, പല്ലുകള്‍ ഇവയുടെ ദൃഢത കൂടാനും സംസാരം വ്യക്തമാവാനും കാഴ്ച, കേള്‍വി എന്നിവ നന്നാക്കുവാനും ഇതെല്ലാംകൊണ്ടുതന്നെ മനസ്സിന് പ്രസന്നത കൈവരുത്താനും സഹായിക്കുമെന്നാണ് ശാസ്ത്രമതം.
താംബൂലധാരണം
വെറ്റില, ജാതിക്ക, ഏലക്കായ, കര്‍പ്പൂരം, കരിങ്ങാലി, ചുണ്ണാമ്പ് തുടങ്ങിയവ വായിലിട്ട് ചവയ്ക്കുന്നത് സ്വരശുദ്ധി, രുചി, ശുചിത്വം എന്നിവ വര്‍ദ്ധിപ്പിക്കും. ചവയ്ക്കുന്നതിനുള്ള ദ്രവ്യങ്ങള്‍ സമമായി എടുത്ത് നല്ലവണ്ണം ചവച്ചുതുപ്പണം.
എണ്ണതേച്ചുകുളി
ജരാനരകള്‍ അകറ്റുവാനും ക്ഷീണമില്ലാതാക്കുവാനും വാതരോഗങ്ങള്‍ വരാതിരിക്കുവാനും ദിവസവും എണ്ണതേച്ചുകുളി ശീലമാക്കുന്നത് നല്ലതാണ്. രോഗപ്രതിരോധശേഷിയും ദേഹബലവും വര്‍ദ്ധിക്കുന്നതോടൊപ്പംതന്നെ കാഴ്ചശക്തി, സുഖനിദ്ര, ദേഹപുഷ്ടി, ദീര്‍ഘായുസ്സ് എന്നിവയും എണ്ണതേച്ചുകുളിക്കുന്നതുകൊണ്ടു നേടാം.
ശരീരം മുഴുവന്‍ എണ്ണതേച്ച് തടവിയിരുന്നു കുളിക്കണം. ശിരസ്സ്, ചെവികള്‍, കാല്‍പാദത്തിനടിഭാഗം എന്നിവിടങ്ങളില്‍ പ്രത്യേകിച്ചും എണ്ണതേയ്ക്കണം. നിത്യവും തലയിലെണ്ണ തേയ്ച്ചുകുളിക്കുന്നവര്‍ക്ക് സുഖമായ ഉറക്കവും ഉത്സാഹവും കാഴ്ചശക്തിയും കൂടും. ദേഹപ്രകൃതിക്കനുസൃതമായി ഓരോ കാലാവസ്ഥയിലും ഉപയോഗപ്പെടുത്തുന്നതിന് യോജിച്ച തരത്തില്‍ വിവിധതരം ഔഷധങ്ങള്‍ ചേര്‍ത്തുകാച്ചിയ തൈലങ്ങള്‍ ഉപയോഗപ്പെടുത്തുന്നത് കൂടുതല്‍ ഗുണം ചെയ്യും. ഉദാഹരണത്തിന് മെലിഞ്ഞ ദേഹപ്രകൃതിയുള്ളവര്‍ക്ക് പുഷ്ടിയുണ്ടാകുന്ന തരത്തിലുള്ള ഔഷധങ്ങള്‍ ചേര്‍ത്തുകാച്ചിയ ധാന്വന്തരംതൈലം, ബലാശ്വഗന്ധാദിതൈലം, ലാക്ഷാദിതൈലം തുടങ്ങിയവ നന്നായിരിക്കും. അതേസമയം തടിച്ച ശരീരപ്രകൃതിയാണെങ്കില്‍ ദുര്‍മേദസ്സിനെ കുറയ്ക്കുന്ന ഔഷധങ്ങള്‍ ചേര്‍ത്തുസംസ്‌കരിച്ച കൊട്ടംചുക്കാദിതൈലം, ചെറിയ ചിഞ്ചാദിതൈലം, വലിയ ചിഞ്ചാദിതൈലം, വാതമര്‍ദ്ദനംകുഴമ്പ് തുടങ്ങിയവയാണ് ശരീരത്തില്‍ തേയ്ക്കുവാന്‍ ഗുണകരമായിട്ടുള്ളത്. ദേഹത്ത് എണ്ണതേച്ചശേഷം ആവശ്യമെങ്കില്‍ വ്യായാമം ചെയ്യണം.
വ്യായാമംകൊണ്ടുണ്ടായ വിയര്‍പ്പ് വറ്റിയശേഷം ശരീരം പതുക്കെതടവി ചെറുചൂടുള്ള വെള്ളം ദേഹത്തും തണുത്തവെള്ളം തലയിലും ഒഴിച്ച് കുളിക്കണം. മെഴുക്കിളക്കുന്നതിന് വാകപ്പൊടിയോ കടല, ചെറുപയര്‍ എന്നിവയുടെ പൊടിയോ ഉപയോഗിക്കാം. ആരോഗ്യവാനായ ഒരാള്‍ എല്ലാ ദിവസവും കുളിക്കണം. വിധിയാംവണ്ണം കുളിക്കുന്നവര്‍ക്ക് ദഹനശക്തിയും ലൈംഗികശക്തിയും ഊര്‍ജ്ജസ്വലതയും ശരീരബലവും വേണ്ടത്രയുണ്ടാകും. ഇതിന്റെ ഫലമായി ദീര്‍ഘായുസ്സും ലഭിക്കുന്നു. നിത്യേന കുളിക്കുന്നതുകൊണ്ട് ദേഹത്തില്‍ അഴുക്കും വിയര്‍പ്പും തങ്ങിനിന്നുണ്ടാവുന്ന ചൊറിച്ചിലോ മറ്റു പ്രയാസങ്ങളോ ഉണ്ടാവുന്നില്ല. ദേഹത്തിന്റെ ഉഷ്ണം കുറയ്ക്കുന്നതിനാല്‍ തളര്‍ച്ചയില്ലാതാവുന്നു. മനസ്സിനു സുഖവും തന്മൂലം ശക്തിയും വര്‍ദ്ധിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും മനസ്സും ശരീരവും ഒരുപോലെ നിര്‍മ്മലമാകുകയും ചെയ്യുന്നു.
കുളിക്കുമ്പോള്‍ തലയില്‍ ചൂടുവെള്ളം ഒഴിക്കരുത്. അങ്ങനെ ചെയ്യുന്നത് കാഴ്ചശക്തി കുറയുന്നതിനും മുടികൊഴിച്ചലിനും കാരണമാവും. ഭക്ഷണം കഴിഞ്ഞ ഉടനെ കുളിക്കുന്നത് ദഹനക്കേടുണ്ടാക്കും.
ഋതുചര്യ
മാറിമറയുന്ന വേനലും മഴയും തണുപ്പുമെല്ലാം പ്രകൃതിയുടെ സ്വഭാവമാണ്. പ്രകൃതിസ്വഭാവങ്ങള്‍ക്കെല്ലാം ചില പ്രത്യേകതകളും ഉണ്ടാവും. അവയൊന്നും തിരുത്താന്‍ മനുഷ്യശക്തിക്കു കഴിയില്ല. നമുക്ക് ചെയ്യാന്‍ കഴിയുന്നത് ഈ മാറ്റങ്ങളെ ശരീരത്തിന് പ്രതികൂലമാകാതെ നോക്കി അതിനനുസരിച്ച് ജീവിച്ചുപോവുകയാണ്. അതിനുവേണ്ടി വളരെക്കാലത്തെ പരീക്ഷണനിരീക്ഷണങ്ങളിലൂടെ ആചാര്യന്മാര്‍ വികസിപ്പിച്ചെടുത്ത ക്രമമാണ് ഋതുചര്യ. ആത്യന്തികമായ അര്‍ത്ഥത്തില്‍, കാലാവസ്ഥാപരിണാമങ്ങള്‍കൊണ്ട് അന്തരഗ്നിക്ക് സംഭവിക്കുന്ന വ്യതിയാനങ്ങളെ സാമ്യതയിലേക്ക് കൊണ്ടുവരാനും ശരീരത്തിന്റെ ബലം കാത്തുസൂക്ഷിക്കാനും രോഗാണുക്കളില്‍നിന്ന് രക്ഷനേടുവാനും മറ്റുമുള്ള നിര്‍ദ്ദേശങ്ങളാണ് ഇതിലുള്ളത്. ശരീരത്തിലെ കോശങ്ങളും ചെറുതും വലുതുമായ പല തരത്തിലുള്ള നളികകളും (സ്രോതസ്സ്) സദാ നിര്‍മ്മലമാക്കി വെക്കേണ്ടത് ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്.
Health is a state of complete physical, mental and social well being and not merely the absence of disease or infirmity.
– World Health Organization