ആയൂര്‍ദൈര്‍ഘ്യം
ആയുര്‍വേദം എന്നത് ആയുസ്സിന്റെ വേദമാണ്, അഥവാ ആയുസിന്റെ അറിവാണ്. അഥര്‍വ്വവേദത്തിലാണ് അതിന്റെ വേദസ്ഥാനം. പുരാതനമായ ഇന്ത്യന്‍ ആരോഗ്യ/വൈദ്യ രംഗമായിരുന്നു അത്. ശുശ്രുതനും ചരകനും ഇന്ത്യന്‍ മെഡിക്കല്‍ സിസ്റ്റത്തിന് ശക്തമായ അടിത്തറപാകി. ഇന്ന് ലോകത്തു തന്നെ സമാന്തരം ആരോഗ്യ പരിപാലന സംവിധാനമായി ആയുര്‍വേദം വികസിച്ചുവരുന്നുണ്ട്.
ഒരു ചികിത്സാ സംവിധാനത്തിലുപരി ആയുര്‍വേദം ഒരു ജീവിത ചര്യയാണ്. വ്യത്യസ്തതരത്തിലുള്ള അറിവുകള്‍ അത് സ്വാംശീകരിച്ചിരുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് ഈ മേഖലയില്‍ പുതിയ ഗവേഷണങ്ങള്‍ നടന്നുവരുന്നു. ഇതിന് കേരളത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി ചേര്‍ന്നുകൊണ്ട് ഡൂള്‍ന്യൂസ് ഒരുക്കുന്ന പംക്തി…
ഭാഗം9
ഗൃഹവൈദ്യം
ആയുര്‍വേദം ഒരു ജീവിതരീതിയാണെന്ന് പറഞ്ഞുവല്ലോ. മുന്‍തലമുറയിലുള്ളവരുടെ ക്രമീകൃതമായ ജീവിതചര്യ രോഗത്തെ അകറ്റിയിരുന്നു. ചെറിയ അസുഖങ്ങള്‍ വന്നാല്‍ അവര്‍ വൈദ്യനെ തേടാറില്ല. അത് പരിഹരിക്കാനുള്ള അറിവ് മുത്തശ്ശിമാര്‍ക്കുണ്ടായിരുന്നു. തൊടിയില്‍ എളുപ്പത്തില്‍ കിട്ടുന്ന മരുന്നുകള്‍ ഉപയോഗിച്ചാണ് അവര്‍ അത് ചെയ്തിരുന്നത്. ഇന്നത്തെ അണുകുടുംബത്തില്‍ അത്തരം മുത്തശ്ശിമാരില്ല; തൊടികളുമില്ല. അതുകൊണ്ട് നിസ്സാരമായ കാര്യങ്ങള്‍ക്കുപോലും ആശുപത്രികളെ അഭയം പ്രാപിക്കേണ്ട അവസ്ഥയാണിന്നുള്ളത്.
വീട്ടില്‍വെച്ച് നമുക്കുതന്നെ ചെയ്യാവുന്ന പ്രാഥമികപരിചരണങ്ങളെപ്പറ്റിയാണ് ഗൃഹവൈദ്യം എന്ന ഈ ഭാഗത്ത് പ്രതിപാദിക്കുന്നത്.
I
നീര്‍വീഴ്ച
i. കൃഷ്ണതുളസി, ചുക്ക്, ജീരകം ഇവ ഇട്ട് വെള്ളം തിളപ്പിച്ച് പലവട്ടം കുടിക്കുക.
ii. ഇതില്‍ ചുക്കുംതിപ്പല്യാദിഗുളിക ഒരെണ്ണം വീതം അരച്ച് മൂന്നുനേരം കഴിച്ചാല്‍ പനി കുറയും.
iii. 30 മി.ലി. അമൃതാരിഷ്ടത്തില്‍ ചുക്കുംതിപ്പല്യാദിഗുളിക, വെട്ടുമാറന്‍ഗുളിക, ശീതജ്വരാരിക്വാഥംഗുളിക ഇവയിലേതെങ്കിലും ഒന്നുവീതം ചേര്‍ത്ത് രണ്ടോ മൂന്നോ നേരം ഭക്ഷണത്തിന് ശേഷം കഴിക്കാം.
iv. രാസ്‌നാദിചൂര്‍ണ്ണം നെറുകയില്‍ തിരുമ്മാം. ഇതുതന്നെ പനിക്കൂര്‍ക്കയിലനീരിലോ ചെറുനാരങ്ങാനീരിലോ ചാലിച്ച് കുഴമ്പാക്കി നെറുകയില്‍ വെയ്ക്കുകയും ചെയ്യാം. അരമണിക്കൂര്‍ കഴിഞ്ഞ് വൃത്തിയായി തുടച്ചുകളയണം.
ദഹനക്കുറവ്
i. ഇഞ്ചി ചതച്ച് നീരെടുത്ത് ഒരു ടീസ്പൂണ്‍, അല്പം ശര്‍ക്കരചേര്‍ത്ത് ഒന്നോ രണ്ടോ തവണ കഴിക്കുക.
ii. ഹിംഗുവചാദിചൂര്‍ണ്ണം ഒന്നോ രണ്ടോ ടീസ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളത്തിലോ കാച്ചിയ മോരിലോ ചേര്‍ത്ത് കഴിക്കാം. കുട്ടികള്‍ക്കാണെങ്കില്‍ 2-3 ഗ്രാം അഷ്ടചൂര്‍ണ്ണം ഇങ്ങനെ കൊടുക്കാം.
iii. കുട്ടികള്‍ക്ക് രുചിക്കുറവ്, വിശപ്പില്ലായ്മ, ദഹനക്കേട് എന്നിവ അനുഭവപ്പെടുന്നുവെങ്കില്‍ വിശ്വാമൃതം 15 മി.ലി. വീതം രണ്ടുനേരം ഒരാഴ്ച കഴിച്ചാല്‍ മതിയാകും.
വായുക്ഷോഭം
i. വായുഗുളിക വായിലിട്ട് ചവച്ചരച്ച് കഴിക്കുക. ജീരകവെള്ളത്തിലും കഴിക്കാം.
ii. ധാന്വന്തരംഗുളികയും ഇതുപോലെ കഴിക്കാം.
ചുമ, കഫക്കെട്ട്, ശ്വാസതടസ്സം
i. താലീസപത്രാദിചൂര്‍ണ്ണം കുറേശ്ശെയായി വായിലിട്ട് അലിയിച്ചിറക്കുക.
ii. ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തുസേവിക്കുക.
iii. കഴുത്തിലും പുറത്തും വാരിഭാഗങ്ങളിലും കര്‍പ്പൂരാദിതൈലം പുരട്ടി ചൂടുവെള്ളത്തില്‍ തുണിമുക്കിപ്പിഴിഞ്ഞ് വിയര്‍പ്പിക്കുന്നത് നല്ലതാണ്.
iv. വാശകാദ്യരിഷ്ടം 20-30 മി.ലി. രണ്ടോ മൂന്നോ നേരം ആഹാരശേഷം കഴിക്കാം.
v. മൃദ്വീകാദിലേഹം ഒന്നോ രണ്ടോ ഗ്രാം നാലഞ്ച് തവണ വായിലിട്ട് അലിയിക്കുക.
vi. ഇസ്‌നോഫീലിയയോ ശ്വാസതടസ്സമോ ഉള്ള കുട്ടികള്‍ക്ക് കൂശ്മാണ്ഡരസായനം ആണ് നല്ലത്.
ഛര്‍ദ്ദി
i. ദഹനക്കുറവുമൂലമുണ്ടാകുന്ന ഛര്‍ദ്ദിക്ക് ചുക്കിട്ട് തിളപ്പിച്ച വെള്ളം ഇടയ്ക്കിടെ കുടിക്കുക.
ii. വില്വാദിലേഹം കാല്‍ ടീസ്പൂണ്‍ വീതം അഞ്ചാറുതവണ അലിയിച്ചിറക്കുക.
iii. ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരുടീസ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് കുറേശ്ശെ കുടിക്കുക.
iv. മലരു വറുത്ത് വെള്ളമൊഴിച്ച് തിളപ്പിച്ചത് കുറേശ്ശെ കുടിക്കുന്നത് ഛര്‍ദ്ദി നില്ക്കാനും ക്ഷീണം മാറാനും നല്ലതാണ്. ഗര്‍ഭകാലത്ത് ഉണ്ടാവാനിടയുള്ള ഛര്‍ദ്ദിയിലും ഇത് ഗുണകരമാണ്.
വയറിളക്കം
i. കുടജാരിഷ്ടം 20-30 മി.ലി. ആഹാരശേഷം കൊടുക്കാം.
ii. വേദനയോടുകൂടി വയറിളകുമ്പാള്‍ വില്വാദിഗുളിക കുടജാരിഷ്ടത്തില്‍ ചേര്‍ത്തോ തേനില്‍ ചാലിച്ചോ കൊടുക്കാം.
സ്ത്രീരോഗങ്ങള്‍
i. ആര്‍ത്തവസംബന്ധമായ അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന് അശോകാരിഷ്ടത്തിന് കഴിയും. രാവിലെയും വൈകീട്ടും ഭക്ഷണത്തിനുശേഷം 20-30 മി.ലി. സേവിക്കണം. അമിതമായ രക്തസ്രാവത്തിനും ഇത് പരിഹാരമാണ്.
ii. പ്രസവരക്ഷയ്ക്കായി ദശമൂലാരിഷ്ടവും ജീരകാദ്യരിഷ്ടവും ചേര്‍ത്തത് 30 മി.ലി. വീതം രണ്ടുനേരം ആഹാരശേഷം കഴിക്കാവുന്നതാണ്.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമിതാണ്. ഇവയൊക്കെ പ്രാഥമികചികിത്സകളാണ്; പെട്ടെന്ന് കൊടുക്കാവുന്നവ. ഇവ പ്രയോഗിച്ച് കുറവില്ല എന്നുകണ്ടാല്‍ വൈദ്യോപദേശം തേടേണ്ടതാണ്.
II
പ്രത്യേകരോഗമൊന്നുമില്ലെങ്കിലും ആരോഗ്യസംരക്ഷണത്തിന് പൊതുവായി നല്‍കാവുന്ന ചില ഔഷധങ്ങള്‍ താഴെ കൊടുക്കുന്നു.
കുട്ടികള്‍ (പത്തുവയസ്സുവരെ)
തേച്ചുകുളിപ്പിക്കുന്നതിന് നാല്പാമരാദിതൈലം/കേരതൈലം ഉപയോഗിക്കാം. പയര്‍പൊടിയോ വാകപ്പൊടിയോ കൊണ്ട് എണ്ണ കളയണം.
ചെമ്പരുത്യാദികേരതൈലം തലയിലും ദേഹത്തും പുരട്ടാം. നല്ല കുളിര്‍മ്മയും സുഗന്ധവും ഉണ്ടാകും.
ചെറിയലാക്ഷാദിതൈലം/കേരതൈലം ദേഹപുഷ്ടിക്കും നിറത്തിനും നല്ലതാണ്.
സാരസ്വതാരിഷ്ടം ബ്രഹ്മിയും സ്വര്‍ണ്ണവും മറ്റനേകം മരുന്നുകളും ചേര്‍ന്നതാണ്. ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ഓര്‍മ്മശക്തി നിലനിര്‍ത്തുന്നതിനും നിത്യേന കൊടുക്കുന്നത് നല്ലതാണ്. മൂന്നുമാസംമുതല്‍ 10 തുള്ളി പകല്‍ ഭക്ഷണത്തിനുശേഷം ഒരു പ്രാവശ്യം കൊടുക്കാം. പ്രായം കൂടുതോറും അളവ് വര്‍ദ്ധിപ്പിക്കാം. ഒരുവയസ്സാവുമ്പോള്‍ ഒരു ടീസ്പൂണ്‍ വീതം രണ്ടുനേരവും കൊടുക്കാം.
ഒരുവയസ്സുമുതല്‍ മുസ്താരിഷ്ടം ദിവസവും ഒരുടീസ്പൂണ്‍ (5 മി.ലി.) ഭക്ഷണത്തിന് ശേഷം കൊടുക്കണം. മുത്തങ്ങയാണ് ഇതിലെ മുഖ്യചേരുവ.
കുട്ടികള്‍ക്ക് ദഹനക്കുറവ് തോന്നിയാല്‍ അഷ്ടചൂര്‍ണ്ണം ചോറുരുളയില്‍ വെച്ചുകൊടുക്കുക, അല്ലെങ്കില്‍ തേനില്‍ ചാലിച്ചുകൊടുക്കുക.
കൗമാരപ്രായക്കാര്‍
സ്‌കൂളില്‍ പോകുന്ന പ്രായമാവുമ്പോഴേക്ക് സാധാരണ ഭക്ഷണത്തില്‍നിന്ന് കിട്ടുന്ന പോഷകാഹാരം അവര്‍ക്ക് മതിയാവുന്നില്ല. അതുകൊണ്ട് ആരോഗ്യരക്ഷയ്ക്ക് ച്യവനപ്രാശമോ ബ്രാഹ്മരസായനമോ ഒരു ടീസ്പൂണ്‍ കിടക്കാന്‍ നേരത്ത് ഒരുഗ്ലാസ് പാലിനോടൊപ്പം കൊടുക്കാവുന്നതാണ്. നെല്ലിക്കയാണ് ഇവ രണ്ടിന്റെയും മുഖ്യഘടകം.
മുസ്താരിഷ്ടം, ദശമൂലാരിഷ്ടം, സാരസ്വതാരിഷ്ടം എന്നിവയും ആവശ്യമനുസരിച്ച് മാറിമാറി കൊടുക്കാവുന്നതാണ്. പഠനകാലങ്ങളില്‍ സാരസ്വതാരിഷ്ടമാണ് അധികവും കൊടുത്തുപോരുന്നത്. രാവിലെ വെറും വയറ്റിലോ രാത്രി കിടക്കാന്‍ നേരത്തോ ഒരു ടീസ്പൂണ്‍ സാരസ്വതഘൃതമോ ബ്രഹ്മീഘൃതമോ കഴിക്കുന്നത് നല്ലതാണ്.
പ്രായം ചെന്നവര്‍
അമ്പതുവയസ്സിന് ശേഷമുള്ള കാലം ആരോഗ്യസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പുതിയ കോശങ്ങള്‍ ഇക്കാലത്ത് സൃഷ്ടിക്കപ്പെടുന്നില്ല. അതുകൊണ്ട് നിലവിലുള്ളതിനെ സംരക്ഷിച്ച് നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്.
ശക്തിയും ആരോഗ്യവും ലഭിക്കുന്നതിന് അഗസ്ത്യരസായനം, ച്യവനപ്രാശം, ബ്രാഹ്മരസായനം ഇവയിലേതെങ്കിലുമൊന്ന് കിടക്കാന്‍നേരം 10ഗ്രാം കഴിക്കേണ്ടതാണ്. മീതെ ഒരു ഗ്ലാസ് പാലും കുടിക്കണം. ശരീരക്ഷീണം അനുഭവപ്പെടുന്നവര്‍ക്ക് വിദാര്യാദിലേഹമോ ഘൃതമോ ആണ് നല്ലത്. മലബന്ധം അനുഭവപ്പെടുന്നവര്‍ ദശമൂലഹരീതകിലേഹം കഴിക്കുന്നത് നല്ലതാണ്. ഹൃദയത്തേയും ശ്വാസകോശങ്ങളേയും സംരക്ഷിക്കാന്‍ ഇതിന് കഴിയും. മധുരം കുറവായതിനാല്‍ പ്രമേഹമുള്ളവര്‍ക്കും ഉപയോഗിക്കാം.
ഈ പ്രായത്തിലുള്ളവര്‍ അശ്വഗന്ധാരിഷ്ടം, ദശമൂലാരിഷ്ടം, ബലാരിഷ്ടം എന്നിവ കഴിക്കുന്നത് രുചിയും വിശപ്പും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. പൊതുവായൊരു ഉന്മേഷം തോന്നുകയും ചെയ്യും.
വേണ്ടത്ര ഉറക്കം കിട്ടായ്കയാണ് വാര്‍ദ്ധക്യകാലത്തിന്റെ വലിയ ക്ലേശം. തലയില്‍ നന്നായി എണ്ണതേച്ച് തണുപ്പിക്കുക മാത്രമാണ് ഇതിന് പരിഹാരം. ചെറിയ ചന്ദനാദിതൈലം, വലിയ ചന്ദനാദിതൈലം, തുംഗദ്രുമാദിതൈലം, ഹിമസാഗരതൈലം എന്നിവ തണുപ്പും കുളിര്‍മ്മയും നല്‍കുന്നവയാണ്. സ്ഥിരമായി നീര്‍വീഴ്ച ഉള്ളവര്‍ അസനവില്വാദികേരതൈലം, അസനഏലാദിതൈലം, ഏലാദിതൈലം എന്നിവയിലേതെങ്കിലുമൊന്ന് ഉപയോഗിക്കുന്നതാണ് നല്ലത്.
തലയില്‍ തേയ്ക്കുന്നതിനോടൊപ്പം ശരീരത്തിലും എണ്ണയോ കുഴമ്പോ തേയ്‌ക്കേണ്ടതുണ്ട്. ധാന്വന്തരംതൈലം, ധാന്വന്തരംകുഴമ്പ്, പ്രഭഞ്ജനവിമര്‍ദ്ദനംകുഴമ്പ്, സഹചരാദികുഴമ്പ് എന്നിവ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. സന്ധികളില്‍ നീരോ വേദനയോ ഉണ്ടെങ്കില്‍ കൊട്ടംചുക്കാദിതൈലം ഉപയോഗിക്കാം.
ക്ഷീണം, തലചുറ്റല്‍ എന്നിവ അനുഭവപ്പെടുമ്പോള്‍ ഗോരോചനാദിഗുളിക വായിലിട്ട് അലിയിച്ചിറക്കണം.
ഇളനീര്‍കുഴമ്പ് ദിവസവും കണ്ണിലെഴുതുന്നത് നേത്രരോഗങ്ങളെ തടയും. കാഴ്ചശക്തി നിലനിര്‍ത്തുകയും ചെയ്യും.
— സമാപിച്ചു —