ആയൂര്‍ദൈര്‍ഘ്യം
ആയുര്‍വേദം എന്നത് ആയുസ്സിന്റെ വേദമാണ്, അഥവാ ആയുസിന്റെ അറിവാണ്. അഥര്‍വ്വവേദത്തിലാണ് അതിന്റെ വേദസ്ഥാനം. പുരാതനമായ ഇന്ത്യന്‍ ആരോഗ്യ/വൈദ്യ രംഗമായിരുന്നു അത്. ശുശ്രുതനും ചരകനും ഇന്ത്യന്‍ മെഡിക്കല്‍ സിസ്റ്റത്തിന് ശക്തമായ അടിത്തറപാകി. ഇന്ന് ലോകത്തു തന്നെ സമാന്തരം ആരോഗ്യ പരിപാലന സംവിധാനമായി ആയുര്‍വേദം വികസിച്ചുവരുന്നുണ്ട്.
ഒരു ചികിത്സാ സംവിധാനത്തിലുപരി ആയുര്‍വേദം ഒരു ജീവിത ചര്യയാണ്. വ്യത്യസ്തതരത്തിലുള്ള അറുവുകള്‍ അത് സ്വാംശീകരിച്ചിരുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് ഈ മേഖലയില്‍ പുതിയ ഗവേഷണങ്ങള്‍ നടന്നുവരുന്നു. ഇതിന് കേരളത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി ചേര്‍ന്നുകൊണ്ട് ഡൂള്‍ന്യൂസ് ഒരുക്കുന്ന പംക്തി…
ഭാഗം-4
നിദ്ര
ശരീരത്തെ നിലനിര്‍ത്തുന്ന രണ്ടാമത്തെ തൂണാണ് ഉറക്കം. സത്ത്വരജസ്തമസ്സുകളില്‍നിന്നാണ് പ്രപഞ്ചത്തിന്റെ ഉത്ഭവം. ഇവയില്‍ തമോഗുണത്തില്‍നിന്നുമാണ് നിദ്രയുണ്ടായിട്ടുള്ളത്. അതുകൊണ്ട് നിദ്രയ്ക്ക് തമോഗുണത്തിന്റെ സ്വഭാവവും തമോഗുണലക്ഷണങ്ങളും കൂടുതലായി കാണുന്നു. രാത്രിയും പകലുമാണ് കാലത്തിന്റെ അംശങ്ങള്‍. ഇതില്‍ രാത്രി തമോഗുണം കൂടിയ സ്വഭാവമുള്ളതാണ്. അതുകൊണ്ടുതന്നെ തമോഗുണസ്വഭാവമുള്ള നിദ്ര, രാത്രികാലത്താണ് മനുഷ്യനെ ബാധിക്കുന്നത്. പകല്‍സമയത്തെ ശാരീരികവും മാനസികവുമായ പരിശ്രമത്തിന്റെ ഫലമായി ശരീരം ക്ഷീണിക്കുകയും വിശ്രമം ആവശ്യമായി വരികയും ചെയ്യുന്നു. രാത്രിയില്‍ ഇന്ദ്രിയങ്ങള്‍ അവയുടെ പ്രവൃത്തിയില്‍നിന്ന് വിരമിക്കുന്നതോടുകൂടി ഉറക്കം വരുന്നു.
ശരീരേന്ദ്രിയങ്ങള്‍ വിശ്രമാവസ്ഥയിലേക്ക് നീങ്ങുമ്പോഴും മനസ്സ് അതിന്റെ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് സ്വപ്നമുണ്ടാവുന്നത്. മനസ്സ്, ഏതുതരം വിഷയത്തിലേക്കാണോ കൂടുതല്‍ ശ്രദ്ധതിരിച്ചിട്ടുള്ളത്, അതിനനുസരിച്ചിട്ടുള്ള സ്വപ്നമാണ് ഉണ്ടാവുക. മനസ്സുകൂടി അതിന്റെ പ്രവര്‍ത്തനം നിര്‍ത്തി ഉറക്കമായാല്‍ ഗാഢനിദ്രയായി.
സുഖമായ ഉറക്കം ആരോഗ്യത്തിന്റെ ലക്ഷണമാണ്. വേണ്ടവിധത്തില്‍ ഉറക്കം ലഭിക്കുന്നവര്‍ക്ക് സുഖം, ദേഹപുഷ്ടി, സംഭോഗസുഖം, ഓര്‍മ്മശക്തി, ആയുര്‍ദൈര്‍ഘ്യം എന്നിവ ലഭിക്കുന്നു. ഉറക്കം കുറഞ്ഞവര്‍ക്ക് ശരീരക്ഷീണം, നപുംസകത്വം, ദുഃഖം, ഓര്‍മ്മക്കുറവ്, എന്നിവ ഉണ്ടാകുന്നു; അകാലമരണവും സംഭവിക്കാം.
എന്നും രാത്രിയില്‍ കൃത്യസമയത്ത് ഉറക്കം വരികയും അഞ്ചുമണിക്കൂര്‍ തുടര്‍ച്ചയായി ഉറക്കം കിട്ടുകയും ചെയ്യുന്നുവെങ്കില്‍ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് സുഖമായ ഉറക്കമായി. പത്തുവയസ്സില്‍ താഴെയുള്ള കുട്ടികള്‍ എട്ടുമണിക്കൂര്‍ ഉറങ്ങണം. വൃദ്ധന്മാര്‍ക്കും കുട്ടികള്‍ക്കും വേനല്‍ക്കാലത്ത് മറ്റുള്ളവര്‍ക്കും കുറച്ചുസമയം പകലുറക്കമാവാം. രാത്രിയില്‍ ഉറക്കമൊഴിക്കാതിരിക്കുകയാണ് വേണ്ടത്. ജോലിയുടെ ഭാഗമായി രാത്രി ഉറങ്ങാതിരിക്കുന്നവര്‍ അതിന്റെ പകുതി സമയം അടുത്തദിവസം ഭക്ഷണത്തിനുമുമ്പായി ഉറങ്ങണം. കഠിനാദ്ധ്വാനംകൊണ്ട് ക്ഷീണിച്ചവര്‍ക്കും കൂടുതല്‍ ദൂരം നടന്നവര്‍ക്കും മാനസികപ്രയാസങ്ങള്‍ കൂടുതലായുള്ളവര്‍ക്കും ശാരീരികാസ്വാസ്ഥ്യം മൂലം വേദനയനുഭവിക്കുന്നവര്‍ക്കും കുറച്ചുസമയം പകലുറങ്ങുന്നത് ആശ്വാസം നല്‍കും. എന്നാല്‍ അമിതവണ്ണമുള്ളവരും കണ്ഠരോഗികളും വിഷബാധിതരും പകല്‍ തീരെ ഉറങ്ങാന്‍ പാടില്ല.
അമ്മ കുഞ്ഞിനെന്നപോലെ നിദ്ര ശരീരത്തിന് പോഷണം നല്‍കുന്നു. അതുകൊണ്ട് നിദ്രയെ ഭൂതധാത്രി – ജീവികളുടെ അമ്മ എന്നു വിളിക്കുന്നു.