| Saturday, 22nd November 2014, 7:00 am

ആയൂര്‍ദൈര്‍ഘ്യം- ആഹാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആയൂര്‍ദൈര്‍ഘ്യം

ആയുര്‍വേദം എന്നത് ആയുസ്സിന്റെ വേദമാണ്, അഥവാ ആയുസിന്റെ അറിവാണ്. അഥര്‍വ്വവേദത്തിലാണ് അതിന്റെ വേദസ്ഥാനം. പുരാതനമായ ഇന്ത്യന്‍ ആരോഗ്യ/വൈദ്യ രംഗമായിരുന്നു അത്. ശുശ്രുതനും ചരകനും ഇന്ത്യന്‍ മെഡിക്കല്‍ സിസ്റ്റത്തിന് ശക്തമായ അടിത്തറപാകി. ഇന്ന് ലോകത്തു തന്നെ സമാന്തരം ആരോഗ്യ പരിപാലന സംവിധാനമായി ആയുര്‍വേദം വികസിച്ചുവരുന്നുണ്ട്.
ഒരു ചികിത്സാ സംവിധാനത്തിലുപരി ആയുര്‍വേദം ഒരു ജീവിത ചര്യയാണ്. വ്യത്യസ്തതരത്തിലുള്ള അറുവുകള്‍ അത് സ്വാംശീകരിച്ചിരുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് ഈ മേഖലയില്‍ പുതിയ ഗവേഷണങ്ങള്‍ നടന്നുവരുന്നു. ഇതിന് കേരളത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി ചേര്‍ന്നുകൊണ്ട് ഡൂള്‍ന്യൂസ് ഒരുക്കുന്ന പംക്തി…

ഭാഗം- 3
ആഹാരം

ഹാരം, വിശ്രമം(നിദ്ര), ബ്രഹ്മചര്യം ഇവ മൂന്നുമാണ് ശരീരത്തെ നിലനിര്‍ത്തുന്ന നെടുംതൂണുകള്‍. ഓരോരുത്തരും ദഹനശേഷിയനുസരിച്ച്, അമിതമാവാതെയും വിരുദ്ധമാവാതെയും പോഷകാംശമുള്ള ഭക്ഷണപദാര്‍ത്ഥങ്ങളാണ് കഴിക്കേണ്ടത്. എല്ലാ രസങ്ങളും മിതമായ അളവിലേ ഉണ്ടാകാവൂ. ചിട്ടയായ സമയശീലവും ആഹാരകാര്യത്തില്‍ വേണം. ഇടയ്ക്കിടയ്ക്ക് എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കുന്ന ശീലം അന്തരഗ്നിയെ തളര്‍ത്തും.
അമിതഭക്ഷണവും വികലഭക്ഷണവുമാണ് നമ്മുടെ സമൂഹത്തില്‍ പട്ടിണിയേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നു പറയാം. നേരത്തേ കഴിച്ചിരുന്ന ആഹാരം ദഹിക്കുന്നതുവരെ മറ്റൊന്നും കഴിക്കരുത് എന്ന് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നു. നേരത്തേ കഴിച്ച ആഹാരത്തിന്റെ രുചിയോ ഗന്ധമോ ഇല്ലാത്ത തികട്ടല്‍ ഉണ്ടാവുക, വിശപ്പുണ്ടാവുക, ശരീരത്തിന് ലഘുത്വം തോന്നുക, മലമൂത്രങ്ങള്‍ വിസര്‍ജ്ജിക്കുക, മനസ്സ് ശുദ്ധമാവുക തുടങ്ങിയവയാണ് ആഹാരം ദഹിച്ചതിന്റെ ലക്ഷണങ്ങള്‍. ദഹനശേഷി നിയന്ത്രിക്കുന്ന അന്തരഗ്നിയെ യഥാവിധി നിലനിര്‍ത്താനാണ് ആഹാരശീലങ്ങള്‍ വേണമെന്നു പറയുന്നത്.
അന്തരഗ്നി
ആയുര്‍വേദത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു തത്ത്വമാണ് അഗ്നി. ചുരുക്കിപ്പറഞ്ഞാല്‍ ഓരോരുത്തരുടേയും ദഹനശേഷിയെത്തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ആഹാരത്തെ യഥാവിധി ദഹിപ്പിച്ച് ശരീരത്തിനാവശ്യമായവയെ ആഗിരണം ചെയ്യുന്നതും മാലിന്യങ്ങളെ വിസര്‍ജ്ജിക്കുന്നതുമായ പ്രവര്‍ത്തനത്തില്‍ അഗ്നിക്ക് മുഖ്യപങ്കാണ് ഉള്ളത്. നാം എന്തുതന്നെ കഴിച്ചാലും അത് ശരിയായി ദഹിച്ച് ശരീരത്തില്‍ ലയിച്ചുചേരുന്നില്ലെങ്കില്‍  പ്രയോജനമില്ലല്ലോ. അതുകൊണ്ട്, ദഹനശേഷിക്കനുസരിച്ചുമാത്രമേ ആഹാരമായാലും ഔഷധമായാലും കഴിക്കാവൂ.
ശരീരത്തിലെ അന്തരഗ്നിക്ക് പല കഴിവുകളുണ്ട്. ആഹാരഘടകങ്ങളെ യഥാവിധി ദഹിപ്പിച്ച് ഊര്‍ജ്ജം ഉല്പാദിപ്പിക്കുന്നതിനും ശരീരത്തില്‍ അസ്വാഭാവികമായി ഉണ്ടാകുന്ന വസ്തുക്കളെ അവ ഗുണകരമല്ലെങ്കില്‍ ദഹിപ്പിക്കുന്നതിനും അഗ്നി ശ്രമിക്കും. രോഗാണുക്കളെ ആയാലും നാം കഴിക്കുന്ന വിഷാംശങ്ങളെ ആയാലും അവയെ നശിപ്പിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവികശക്തിതന്നെയാണ് അന്തരഗ്നി. പക്ഷേ അതിനെ ദുര്‍ബലപ്പെടുത്തുംവിധമുള്ള പ്രവര്‍ത്തനങ്ങളുണ്ടായാല്‍ ക്രമേണ അതിന്റെ ശക്തി കുറയും. വിഷാംശങ്ങളും രോഗാണുക്കളുമെല്ലാം ശരീരത്തില്‍ സഞ്ചയിക്കും. അത് ശരീരത്തിലെ അടിസ്ഥാനഘടകങ്ങളുടെ വൈകൃതങ്ങള്‍ക്കും രോഗങ്ങള്‍ക്കും വഴിതെളിക്കും.
ആഹാരം അഗ്നിയുടെ ബലത്തെ ഉത്തേജിപ്പിക്കുന്നതും ബലഹാനി വരുത്താത്തതുമാണെങ്കില്‍ അഗ്നി നമ്മുടെ ശരീരത്തെ സംരക്ഷിച്ചുകൊള്ളും.
രാവിലെയും വൈകുന്നേരവുമായി രണ്ടുനേരത്തെ ആഹാരമാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്. പ്രധാനഭക്ഷണം രണ്ടുനേരമായി ചുരുക്കണമെന്നര്‍ത്ഥം. ഒരുനേരത്തെ ഭക്ഷണം കഴിഞ്ഞാല്‍ നാലുമണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കുവാന്‍ പാടില്ലെന്നും തുടര്‍ന്നുള്ള ആറു മണിക്കൂറിനുള്ളില്‍ അടുത്തഭക്ഷണം കഴിക്കണമെന്നുമാണ് വിധി. മറ്റു സമയങ്ങളില്‍ വിശപ്പുണ്ടെങ്കില്‍ പഴങ്ങള്‍ കഴിക്കാം. ദാഹത്തിന് ചെറുചൂടോടുകൂടിയ തിളപ്പിച്ചവെള്ളം, ഇളനീര്‍, പഴച്ചാറുകള്‍, പച്ചക്കറിസൂപ്പുകള്‍, വെള്ളം ചേര്‍ത്തുകാച്ചിയ ചെറുചൂടുള്ള പാല്‍, മോര് ഇവ ഉപയോഗിക്കാം.  മുഖ്യാഹാരത്തില്‍ എല്ലാരസങ്ങളുമുള്ള പച്ചക്കറികളും ഇലക്കറികളും മുളപ്പിച്ച ധാന്യങ്ങള്‍, അധികം പുളിക്കാത്ത വെണ്ണമാറ്റിയ മോര് ഇവ ദിവസവും ഉള്‍പ്പെടുത്തണം. പച്ചക്കറികളും ഇലക്കറികളും അതാതുകാലത്ത്(seasonal) ലഭിക്കുന്നവയാണ് ഏറ്റവും നല്ലത്. പച്ചക്കറികള്‍ വേവിച്ചും വേവിക്കാതേയും ഉപയോഗിക്കാം. തണുപ്പുകാലത്ത് ഉഷ്ണസ്വഭാവമുള്ള മുതിര തുടങ്ങിയവ തീര്‍ച്ചയായും ഉള്‍പ്പെടുത്തണം. ഉഷ്ണകാലത്ത് ജലാംശം ധാരാളമുള്ള വെള്ളരിക്ക, കക്കരിക്ക, കുമ്പളം, പടവലങ്ങ തുടങ്ങിയ പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കണം. എരിവ്, ഉപ്പ് എന്നിവ എല്ലാകാലത്തും മിതമായി മാത്രം ഉപയോഗപ്പെടുത്തുന്നതാണ് നല്ലത്.
ആഹാരത്തിന്റെ അളവ് നിശ്ചയിക്കുമ്പോള്‍ ദഹനശക്തിയും ദേഹപ്രകൃതിയും പ്രത്യേകം ശ്രദ്ധിക്കണം. സ്ഥൂലശരീരപ്രകൃതിക്കാര്‍ മേദസ്സ് വര്‍ദ്ധിപ്പിക്കുന്നതായ മാംസവര്‍ഗ്ഗങ്ങള്‍, മധുരപലഹാരങ്ങള്‍, പുളിപ്പിച്ചുണ്ടാക്കുന്ന സാധനങ്ങള്‍, ഐസ്‌ക്രീം, എണ്ണകള്‍, നെയ്യ്, പാല്‍, തൈര്, ഉഴുന്ന് എന്നിവ കുറച്ചുമാത്രമേ ഉപയോഗിക്കാവൂ. അവര്‍ തേന്‍, ഗോതമ്പ്, മുതിര, ചെറുപയര്‍, കയ്പുരസവും ചവര്‍പ്പുരസവുമുള്ള പച്ചക്കറികള്‍, കുരുമുളക്, പഴയധാന്യങ്ങള്‍, മോര്, നെല്ലിക്ക എന്നിവ ഉപയോഗിച്ച് ശീലമാക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. പഴവര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. നേന്ത്രപ്പഴം, മാങ്ങ, സപ്പോട്ട, ചക്ക, മുന്തിരി, ഈത്തപ്പഴം തുടങ്ങിയവയെല്ലാം ശരീരഭാരം കൂട്ടുന്നവയും കൂടുതല്‍ മധുരമുള്ളവയുമാണ്. ഇവയുടെ അമിതോപയോഗം സ്ഥൂലശരീരക്കാര്‍ക്ക് പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ വരുത്തിവച്ചേക്കാം. ആപ്പിള്‍, ഓറഞ്ച്, പപ്പായ, പേരയ്ക്ക എന്നീ ഫലങ്ങള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാവുന്നതാണ്. മെലിഞ്ഞ ശരീരപ്രകൃതിയുള്ളവര്‍ക്ക് പുഷ്ടിക്കുവേണ്ടി നെയ്യ്, പാല്‍, മാംസരസം (സൂപ്പ്) എന്നിവ ദഹനത്തിനുസരിച്ച് കൂടുതല്‍ ഉപയോഗിക്കാം. ശരീരഭാരം ഉയരത്തിനനുസരിച്ച് ക്രമീകരിച്ചുകൊണ്ടുപോകത്തക്കവണ്ണം ആഹാരത്തിന്റെ അളവും വിഭവങ്ങളും ചിട്ടപ്പെടുത്തണം. സ്ഥൂലപ്രകൃതിയേക്കാള്‍ മെലിഞ്ഞ പ്രകൃതമാണ് രോഗപ്രതിരോധത്തിന് കൂടുതല്‍ നല്ലത്. കാരണം, അമിതവണ്ണമുള്ളവര്‍ക്ക് രോഗങ്ങള്‍ എളുപ്പം പിടിപെടുന്നു. ക്ഷീണിപ്പിക്കുന്നതായ ചികിത്സകള്‍ വേണം ചെയ്യുവാന്‍. അതാവട്ടെ, ദേഹബലം കുറയ്ക്കുവാനിടയാക്കുകയും ചെയ്യും.
ആമാശയത്തിന്റെ പകുതിഭാഗം ആഹാരംകൊണ്ടും കാല്‍ഭാഗം വെള്ളംകൊണ്ടും നിറയ്ക്കണമെന്നും ബാക്കിവരുന്ന കാല്‍ഭാഗം ഒഴിച്ചിടണമെന്നുമാണ് ശാസ്ത്രവിധി. ദിവസവും ഒരേ സമയത്ത് ആഹാരം കഴിക്കുന്ന ശീലമാണ് നല്ലത്. കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഏറെ സന്തോഷം നല്‍കും. വിശപ്പുതോന്നിയാല്‍ മാത്രം ആഹാരം കഴിക്കുകയും വിശപ്പു മാറിയാല്‍ മതിയാക്കുകയും ചെയ്യുന്നതാണ് പാകം.
ആഹാരത്തോടൊപ്പം ചെറുചൂടുവെള്ളമാണ് കുടിക്കേണ്ടത്. സ്ഥൂലശരീരപ്രകൃതക്കാര്‍ ഭക്ഷണത്തിനുമുമ്പ് കുറച്ചുവെള്ളം കുടിക്കുന്നത് വിശപ്പു കുറയ്ക്കുമെന്നതിനാല്‍ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുവാന്‍ സഹായിക്കും. ദേഹപുഷ്ടി വേണ്ടവര്‍ ആഹാരത്തിനുമീതെയാണ് വെള്ളം കുടിക്കേണ്ടത്. സമശരീരപ്രകൃതിക്കാര്‍ക്ക് ആഹാരത്തിനിടയില്‍ ഇടയ്ക്കിടെ കുറേശ്ശെ വെള്ളം കുടിക്കാം. ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് സംസാരിക്കരുത്. വളരെ വേഗത്തിലോ വളരെ സാവധാനത്തിലോ അല്ലാതെ നന്നായി ചവച്ചരച്ചുവേണം ഭക്ഷണം കഴിക്കുവാന്‍. ഏറ്റവും വൃത്തിയുള്ള ചുറ്റുപാടില്‍ മനസ്സിനിണങ്ങിയവരൊന്നിച്ചിരുന്ന് ഇഷ്ടമുള്ളതും പത്ഥ്യമായതുമായ ആഹാരം കഴിക്കണം.
വിരുദ്ധാഹാരം
ആഹാരപദാര്‍ത്ഥങ്ങള്‍ കൂട്ടിച്ചേര്‍ത്തുപയോഗിക്കുമ്പോഴോ പാകപ്പെടുത്തുമ്പോഴോ ഉണ്ടാകുന്ന വൈരുദ്ധ്യം പലപ്പോഴും ശരീരത്തിന് ദ്രോഹമായിത്തീരുന്നു. വിരുദ്ധമായ ചേരുവകള്‍, ശരീരത്തില്‍ ഒരുതരം വിഷാംശത്തെ ഉണ്ടാക്കുകയും കാലക്രമേണ ത്വഗ്രോഗങ്ങള്‍, വാതരക്തം തുടങ്ങിയ പലതരം രോഗങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.
താഴെപറയുന്ന വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കേണ്ടവയാണ് –

– മത്സ്യത്തിന്റെ കൂടെ ഉഴുന്ന്, പാല്‍, തേന്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ കഴിക്കുന്നത്

– പുളിരസമുള്ള പദാര്‍ത്ഥങ്ങളും പാലും ചേര്‍ത്ത് സേവിക്കുന്നത്

– പച്ചക്കറികള്‍ കഴിച്ചയുടനെ പാല് കഴിക്കുന്നത്

– കോഴിയിറച്ചിയും തൈരും ചേര്‍ത്ത് കഴിക്കുന്നത്

– മോരോ തൈരോ വാഴപ്പഴത്തോടുചേര്‍ത്ത് ഉപയോഗിക്കുന്നത്

– തേനും നെയ്യും സമമായി ചേര്‍ത്തുപയോഗിക്കുന്നത്.
ആഹാരത്തെക്കുറിച്ചുള്ള ആയുര്‍വേദതത്ത്വങ്ങളെ ശാസ്ത്രീയമായി തെളിയിക്കുന്ന തരത്തിലുള്ള ചില പഠനങ്ങള്‍ പാശ്ചാത്യരാജ്യങ്ങളില്‍പോലും നടന്നിട്ടുണ്ട്. മിതമായ ഭക്ഷണക്രമംകൊണ്ട് ആയുസ്സ് നീളുകയും ആരോഗ്യവും രോഗപ്രതിരോധശേഷിയും വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് തെളിഞ്ഞിട്ടുണ്ട്. റഷ്യയിലെ പര്‍വ്വതനിരകളില്‍ വസിക്കുന്ന, 90ന് മേല്‍ 130 വയസ്സുവരെ പ്രായമുള്ളവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള പഠനം തെളിയിച്ചത് പച്ചക്കറികള്‍, പയറുവര്‍ഗ്ഗങ്ങള്‍, പുളിച്ചതൈരും അതിന്റെ വിഭവങ്ങളും, തേന്‍, നെയ്യുമാറ്റിയ മാംസം(ചെറിയ അളവില്‍) എന്നീ ആഹാരവും, നിത്യേനയുള്ള വ്യായാമവുമാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം എന്നാണ്.
ആഹാരം പോഷകഗുണമുള്ളതായിത്തീരുമ്പോഴാണ് അതിന്റെ മുഴുവന്‍ പ്രയോജനവും ലഭിക്കുന്നത്. ഷഡ്‌രസങ്ങള്‍ – മധുരം, പുളി, ഉപ്പ്, ചവര്‍പ്പ്, എരിവ്, കയ്പ് എന്നിവ – അടങ്ങിയിട്ടുള്ള ആഹാരപദാര്‍ത്ഥങ്ങള്‍ ദേഹപ്രകൃതി, കാലാവസ്ഥ, ദഹനശക്തി ഇവയ്ക്കനുസൃതമായി വേണ്ട വിധത്തില്‍ ദഹിച്ച് ആഗിരണം ചെയ്യപ്പെടുന്നതിന് കണക്കാക്കി ഉപയോഗപ്പെടുത്തുമ്പോള്‍ അത് പോഷകാഹാരമായി മാറുന്നു. Nutrition എന്ന വാക്കുതന്നെ “മാറിടത്തില്‍ നിന്ന് വലിച്ചുകുടിക്കുക” എന്നര്‍ത്ഥം വരുന്ന nutricus എന്ന ഗ്രീക്കുപദത്തില്‍നിന്നാണ് ഉണ്ടായിട്ടുള്ളത്. അമൃതിനു തുല്യമായ മുലപ്പാല്‍ ശിശുവിനെന്നപോലെ പോഷകസമ്പുഷ്ടമായ ആഹാരം ഊര്‍ജ്ജത്തിന്റെ ഉറവിടമാണ്. നിത്യവും ശീലിക്കുന്നതിനുവേണ്ടി ആയുര്‍വേദാചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഭക്ഷണവര്‍ഗ്ഗം പരിശോധിച്ചാല്‍ അവയില്‍ വേണ്ടത്ര മൂലഘടകങ്ങളും(േപ്രാട്ടീന്‍, അന്നജം, കൊഴുപ്പ്) വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട് എന്നു മനസ്സിലാക്കാന്‍ കഴിയും. ശാലിനെല്ലിന്റെ അരി, ഗോതമ്പ്, യവം, ഞവരയരി, ജാംഗലമാംസരസം, ഇലക്കറികള്‍, കടുക്ക, നെല്ലിക്ക, മുന്തിരി, പടവലം, ചെറുപയര്‍, പഞ്ചസാര (കരിമ്പ്), നെയ്യ്, ശുദ്ധമായ മഴവെള്ളം, പാല്‍, തേന്‍, ഉറുമാമ്പഴം, ഇന്തുപ്പ് തുടങ്ങിയവയാണ് നിത്യേന ശീലിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നത്.
ആഹാരം കഴിഞ്ഞ ഉടനെതന്നെ ആയാസകരമായ പ്രവൃത്തികള്‍ ചെയ്യുന്നതും ഉറങ്ങുന്നതും നല്ലതല്ല. സുഹൃത്തുക്കളുമായി സംസാരിച്ചോ അവനവന്റെ പ്രവൃത്തികളില്‍ മുഴുകിയോ സമയം ചിലവഴിക്കണം. ദേഹംതന്നെ ആഹാരത്തില്‍നിന്നാണുണ്ടാവുന്നത്. അതിനാല്‍ ശരീരത്തെ നിലനിര്‍ത്തുന്ന ആദ്യത്തെ തൂണായിട്ടാണ് ആചാര്യന്മാര്‍ ആഹാരത്തെ കണക്കാക്കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more