ആയൂര്‍ദൈര്‍ഘ്യം
ആയുര്‍വേദം എന്നത് ആയുസ്സിന്റെ വേദമാണ്, അഥവാ ആയുസിന്റെ അറിവാണ്. അഥര്‍വ്വവേദത്തിലാണ് അതിന്റെ വേദസ്ഥാനം. പുരാതനമായ ഇന്ത്യന്‍ ആരോഗ്യ/വൈദ്യ രംഗമായിരുന്നു അത്. ശുശ്രുതനും ചരകനും ഇന്ത്യന്‍ മെഡിക്കല്‍ സിസ്റ്റത്തിന് ശക്തമായ അടിത്തറപാകി. ഇന്ന് ലോകത്തു തന്നെ സമാന്തരം ആരോഗ്യ പരിപാലന സംവിധാനമായി ആയുര്‍വേദം വികസിച്ചുവരുന്നുണ്ട്.
ഒരു ചികിത്സാ സംവിധാനത്തിലുപരി ആയുര്‍വേദം ഒരു ജീവിത ചര്യയാണ്. വ്യത്യസ്തതരത്തിലുള്ള അറിവുകള്‍ അത് സ്വാംശീകരിച്ചിരുന്നു എന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ന് ഈ മേഖലയില്‍ പുതിയ ഗവേഷണങ്ങള്‍ നടന്നുവരുന്നു. ഇതിന് കേരളത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ കോട്ടക്കല്‍ ആര്യവൈദ്യശാലയുമായി ചേര്‍ന്നുകൊണ്ട് ഡൂള്‍ന്യൂസ് ഒരുക്കുന്ന പംക്തി…
ഭാഗം7
ആയുര്‍വേദചികിത്സ
ഇതുവരെ പറഞ്ഞത് സ്വസ്ഥവൃത്തത്തിലെ കാര്യങ്ങളാണ്. ആതുരവൃത്തത്തില്‍ ചികിത്സയാണ് മുഖ്യം. ഏറ്റവും അടിസ്ഥാനപരമായി, ശരീരത്തെ മലമുക്തമാക്കുക എന്നതാണ് ആയുര്‍വേദചികിത്സയുടെ ഉദ്ദേശ്യം. ശാരീരികപ്രവര്‍ത്തനങ്ങളുടെ ഫലമായി ശരീരഭാഗങ്ങളില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ദഹിപ്പിക്കുവാനും ശരീരത്തിനുപുറത്തേക്കു കളയാനും ഉള്ള ഉപാധികളാണ് ആയുര്‍വേദചികിത്സാവിധികള്‍. ആരോഗ്യപ്രശ്‌നങ്ങളെ ഏറ്റവും പ്രാഥമികതലം മുതല്‍ പരിഹരിക്കുന്ന രീതിയിലാണ് ചികിത്സകള്‍ ക്രമീകരിച്ചിട്ടുള്ളത്. ദോഷദുഷ്ടി അല്പം മാത്രമാണ് സഞ്ചയിച്ചിട്ടുള്ളതെങ്കില്‍ ഉപവാസചികിത്സയാണ് പ്രധാനമായി പറയുന്നത്. കുറച്ചുകൂടി അധികമുണ്ടെങ്കില്‍ ഉപവാസവും ദഹിപ്പിക്കുവാനുള്ള ചില മരുന്നുകളുമാവാം (പാചനൗഷധങ്ങള്‍). ദോഷദുഷ്ടി വളരെ കൂടുതലുണ്ടെങ്കില്‍ അവയെ പുറന്തള്ളാനുള്ള ശോധനചികിത്സകളും (പഞ്ചകര്‍മ്മങ്ങള്‍) വേണ്ടിവരും. എങ്ങനെയായാലും ചികിത്സയുടെ ആത്യന്തികഫലമായി ശരീരസ്രോതസ്സുകളെല്ലാം വൃത്തിയായും കോശങ്ങളെല്ലാം ഊര്‍ജ്ജസ്വലമായും തീരും.
രോഗംമൂലം ശരീരത്തിനകത്തു സംഭവിച്ചിട്ടുള്ള വൈകൃതങ്ങളെ മാറ്റാന്‍ വേണ്ടിയാണ് ഔഷധങ്ങള്‍ കഴിക്കുന്നത്. മറ്റൊരു രോഗത്തെ ഉണ്ടാക്കിക്കൊണ്ട് ഒരു രോഗത്തെ മാറ്റുന്ന ഔഷധങ്ങള്‍ അപകടകരങ്ങളാണ്. ചികിത്സ എന്നാല്‍ ശരീരത്തെ മുഴുവന്‍ ആരോഗ്യത്തിലേക്ക് നയിക്കാന്‍ ഉതകുന്നതായിരിക്കണം. ആയുര്‍വേദം അങ്ങനെയുള്ള ഒരു ചികിത്സാസമ്പ്രദായമാണ്.
ഔഷധം
മരുന്നല്ലാത്തതായി ഒന്നും ലോകത്തിലില്ല എന്നാണ് പ്രമാണം. ഏതേതവസരത്തില്‍ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഓരോന്നിന്റെയും ഗുണം നിര്‍ണ്ണയിക്കുന്നത്. ഗോമൂത്രംമുതല്‍ ഗോരോചനംവരെ വളരെ ബൃഹത്തായ ഒരു ഔഷധലോകംതന്നെയുണ്ട് ആയുര്‍വേദത്തിന്. വൃക്ഷലതാദികള്‍, ലോഹങ്ങള്‍, ജന്തുക്കളില്‍നിന്ന് കിട്ടുന്ന ഉല്പന്നങ്ങള്‍ എന്നുതുടങ്ങി ലഭ്യമായ പ്രകൃതിവിഭവങ്ങളെല്ലാം യുക്തിയുക്തം ഉപയോഗിക്കാനാണ് ആയുര്‍വേദം നിര്‍ദ്ദേശിക്കുന്നത്. മനുഷ്യശരീരവും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധംമൂലം പ്രകൃതിയിലെ പല വസ്തുക്കള്‍ക്കും ശരീരത്തിലുണ്ടാകുന്ന വിഷമങ്ങളെ പരിഹരിക്കാനുള്ള കഴിവുണ്ട്. ഈ കഴിവ് കൃത്യമായി കണ്ടെത്തി പരീക്ഷണനിരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച ഔഷധോപയോഗക്രമമാണ് ആയുര്‍വേദത്തിനുള്ളത്.
കഷായം, കല്‍ക്കം, ചൂര്‍ണ്ണം, നെയ്യ്, അരിഷ്ടം, ആസവം തുടങ്ങിയ പലരൂപത്തിലേക്കും മാറ്റിയാണ് ഔഷധത്തിന്റെ വീര്യം നമ്മുടെ ശരീരത്തിലെത്തിക്കുന്നത്. ഓരോ രോഗിക്കും രോഗത്തിനുമെല്ലാം അതനുസരിച്ച് ശരീരപ്രകൃതിയും അന്തരഗ്നിയും കാലാവസ്ഥയുമൊക്കെ പരിഗണിച്ചാണ് ഏറ്റവും യോജിച്ച ഔഷധം തിരഞ്ഞെടുക്കുന്നത്. അല്ലാതെ ഇന്ന രോഗത്തിന് ഇന്ന മരുന്ന് എന്ന രീതിയിലല്ല. രണ്ടുപേര്‍ക്ക് പനിയുണ്ടെങ്കില്‍ ഒരാള്‍ക്ക് കൊടുക്കുന്ന മരുന്നുതന്നെയാവാണമെന്നില്ല അടുത്തയാള്‍ക്ക് കൊടുക്കുന്നതെന്നു സാരം.
ഒരു മരുന്നിനുതന്നെ അനേകരോഗങ്ങളില്‍ ഫലം ചെയ്യാന്‍ കഴിയും. ഒരാള്‍ക്ക് ഒരിക്കല്‍ ഒരു മരുന്ന് കഴിച്ച് മാറിയ അതേ രോഗത്തിനുതന്നെ വേറൊരവസരത്തില്‍ ആ മരുന്ന് ഫലിച്ചുകൊള്ളണമെന്നില്ല. ഒട്ടേറെ വസ്തുതകള്‍ വിലയിരുത്തിയശേഷമേ ഏതു മരുന്നാണ് നല്ലതെന്ന് തീരുമാനിക്കാന്‍ കഴിയൂ.
പഥ്യം
ശരീരത്തിനും മനസ്സിനും പൊതുവെ നമ്മുടെ ജീവിതധര്‍മ്മത്തിനും ഗുണകരമായതൊക്കെ ചുരുക്കത്തില്‍ പഥ്യം എന്ന് അറിയപ്പെടുന്നു. ദോഷകരമായത് അപഥ്യവും.
സ്വസ്ഥവൃത്തമെന്നും ആതുരവൃത്തമെന്നും ആയുര്‍വേദചികിത്സയെ മൊത്തത്തില്‍ രണ്ടായി വിഭജിക്കാമെന്നു പറഞ്ഞല്ലോ. അതില്‍ സ്വസ്ഥവൃത്തത്തിലെ പഥ്യങ്ങളാണ് ദിനചര്യ, ഋതുചര്യ തുടങ്ങിയവയില്‍ നാം കണ്ടത്. ആതുരവൃത്തത്തിലെ പഥ്യമെന്നു പറയുന്നത്, രോഗമുണ്ടാവാന്‍ കാരണമായ സാഹചര്യങ്ങളില്‍നിന്നകന്നുകൊണ്ട് രോഗശമനത്തിനുസഹായിക്കുന്ന ആഹാരവിഹാരങ്ങള്‍ ശീലിക്കുകയാണ്.
പഥ്യമല്ലാത്ത ആഹാരവിഹാരങ്ങള്‍ ശീലിച്ചുകൊണ്ട് ഔഷധസേവ തുടരുമ്പോള്‍ ശരിയായ ഔഷധഫലം ലഭിക്കാതെവരും. നാം ഉദ്ദേശിച്ച തരത്തില്‍ ദഹിക്കാനോ എത്തേണ്ട സ്ഥലത്ത് എത്തുവാനോ ഔഷധവീര്യത്തിനു സാധിക്കില്ല. അതുകൊണ്ടാണ് ആയുര്‍വേദചികിത്സകന്‍ മരുന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ എന്തൊക്കെ കഴിക്കാന്‍ പാടില്ല, ചെയ്യാന്‍ പാടില്ല, എന്തൊക്കെയാവാം എന്നും മറ്റും പ്രത്യേകം പറയുന്നത്.
പ്രത്യേക ചികിത്സാവിഭാഗങ്ങള്‍ (Specialisation)
വൈദ്യശാസ്ത്രരംഗത്തെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും കൂടുതലായി കണ്ടുവരുന്ന രോഗങ്ങളെ പ്രത്യേകം വിദഗ്ദ്ധമായി പഠിക്കുന്നതിനും ചികിത്സയെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
ആയുര്‍വേദത്തെ പ്രധാനമായും എട്ടുവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു
1. കായചികിത്സ (general medicine)
2. ബാലചികിത്സ (paediatrics, gyenecology, obstetrics)
3. ഗ്രഹചികിത്സ (psychiatry)
4. ഊര്‍ദ്ധ്വാംഗചികിത്സ (ENT, ophthalmology)
5. ശല്യചികിത്സ (surgery)
6. വിഷചികിത്സ – അഗദതന്ത്രം (toxicology)
7. ജരാചികിത്സ (geriatrics)
8. വാജീകരണചികിത്സ (aphrodisiacs)
കായചികിത്സ
ശരീരത്തെ മൊത്തത്തില്‍ ബാധിക്കുന്ന പനി, ഉദരവ്യാധികള്‍ തുടങ്ങിയവയ്ക്കുള്ള ചികിത്സകളാണ് കായചികിത്സയില്‍ പറയുന്നത്.
ബാലചികിത്സ
കുട്ടികള്‍ക്കുണ്ടാകുന്ന വിവിധരോഗങ്ങളേയും മുലയൂട്ടുന്നവരുടെ മുലപ്പാലിലുണ്ടാകുന്ന മാറ്റങ്ങളേയും അതുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന വ്യാധികളേയും ഇവയ്‌ക്കൊക്കെയുള്ള പ്രതിവിധികളേയുംപറ്റി പറയുന്ന വിഭാഗമാണ് ബാലചികിത്സ അഥവാ കൗമാരഭൃത്യം. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹബാധ, സ്ത്രീരോഗങ്ങള്‍ എന്നിവയും പരിഗണിക്കപ്പെടുന്നുണ്ട്.
ഗ്രഹചികിത്സ
മാനസികരോഗങ്ങളേയും ചികിത്സകളേയുംപറ്റി പ്രതിപാദിക്കുന്ന വിഭാഗമാണ് ഗ്രഹചികിത്സ. ആയുര്‍വേദസിദ്ധാന്തപ്രകാരം ശരീരവും മനസ്സും രണ്ടല്ല; ഏതെങ്കിലും ഒന്നിനെ ബാധിക്കുന്ന വൈകല്യങ്ങള്‍ അടുത്തതിനേയും ബാധിക്കാം. ശരീരത്തിന്റെയും മനസ്സിന്റെയും മൊത്തത്തിലുള്ള ആരോഗ്യം ലക്ഷ്യമാക്കിവെക്കുന്ന ചികിത്സാരീതികള്‍കൊണ്ടേ ശരിയായ ആരോഗ്യം ഉറപ്പുവരുത്താനാകൂ എന്ന് ആയുര്‍വേദം സിദ്ധാന്തിക്കുന്നു.
ഊര്‍ദ്ധ്വാംഗചികിത്സ
കണ്ണ്, മൂക്ക്, വായ, ശിരസ്സ് എന്നിവയെ ആശ്രയിച്ചുണ്ടാകുന്ന രോഗങ്ങളേയും ചികിത്സകളേയും പ്രതിപാദിക്കുന്ന വിഭാഗമാണ് ഊര്‍ദ്ധ്വാംഗചികിത്സ.
ശല്യചികിത്സ
മരക്കഷണങ്ങള്‍, കല്ല്, പുല്ല്, ലോഹങ്ങള്‍ തുടങ്ങിയവയിലേതെങ്കിലും ശരീരത്തിനകത്തുപെട്ടുപോയാല്‍ അവയെ എടുത്തുകളയുവാനും വ്രണം, നീര്, ചലം എന്നിവയെ നീക്കുവാനും അടിയന്തിരമായി വേണ്ടിവരുന്ന ശസ്ത്രക്രിയകള്‍ ചെയ്യുവാനും മറ്റുമുള്ള നിര്‍ദ്ദേശങ്ങളാണ് ശല്യശാസ്ത്രത്തിലുള്ളത്. പുരാതനകാലത്തുപയോഗിച്ചിരുന്ന പലതരത്തിലുള്ള ശസ്ത്രക്രിയാ ഉപകരണങ്ങളേയും ഇതില്‍ പ്രതിപാദിക്കുന്നു. ഇതിന്റെ ഒരു വികസിതരൂപമാണ് ഇന്നത്തെ സര്‍ജറി.
വിഷചികിത്സ
നാം കഴിക്കുന്ന ആഹാരത്തില്‍ വിഷംപെട്ടാലും വിഷജീവികളില്‍നിന്ന് നമുക്ക് കടിപറ്റിയാലും ചെയ്യേണ്ട ചികിത്സാവിധികളാണ് അഗദതന്ത്ര(വിഷചികിത്സ)ത്തില്‍ പറയുന്നത്.
ജരാചികിത്സ
ആരോഗ്യത്തേയും യൗവനത്തേയും ഒരുപരിധിവരെ വീണ്ടെടുക്കാനും ആയുസ്സ് കൂട്ടുവാനും നിലനിര്‍ത്തുവാനും ബുദ്ധി, ഓര്‍മ്മശക്തി, ശ്രവണശക്തി, ശരീരബലം എന്നിവയെ വര്‍ദ്ധിപ്പിക്കാനും സപ്തധാതുക്കളുടേയും ബലം വര്‍ദ്ധിപ്പിക്കുവാനുംവേണ്ടി ചെയ്യാവുന്ന പ്രത്യേക ഔഷധവിധികളേയും അനുഷ്ഠാനങ്ങളേയും കുറിച്ച് പ്രതിപാദിക്കുന്ന വിഭാഗമാണ് രസായനതന്ത്രം (ജരാചികിത്സ).
വാജീകരണചികിത്സ
ശുക്ലാര്‍ത്തവങ്ങളുടെ അല്പത്വം, ദുഷ്ടി എന്നീ അവസ്ഥകളെ മാറ്റി അവയ്ക്ക് വൃത്തിയും പ്രസാദവും വരുത്തി ഗര്‍ഭധാരണസമര്‍ത്ഥമാക്കിത്തീര്‍ക്കുവാനും കുതിരേെയപ്പോലെ ലിംഗശക്തിയും സംഭോഗശക്തിയും പ്രദാനം ചെയ്യുവാനും ആവശ്യമായ ചികിത്സാവിധികള്‍ ഉള്‍ക്കൊള്ളുന്ന വിഭാഗമാണ് വാജീകരണതന്ത്രം.