ഇന്നലെ പുറത്തുവന്ന ദൈവദാസന്റെ അമ്മച്ചിയുടെ വോയ്സ് ക്ലിപ്പ് കേട്ട് പലരും ഞെട്ടുന്നത് എനിക്കൊരു അത്ഭുതമായിട്ടാ തോന്നിയത്. നിങ്ങള്‍ ശരിക്കും ഇതിന് മുന്നേ ഇതിന്റെ പലേ വകഭേദങ്ങളും കേട്ടിട്ടില്ലേ?
ഒരു ട്രഡീഷണല്‍ കല്യാണാലോചനയില്‍ ഇതൊക്കെ എത്ര സാധാരണമാണ്. പെണ്ണ് ഒരു രീതിയിലും വന്നു കേറുന്ന വീടിനു ബുദ്ധിമുട്ടാവരുത്, ആണിനെക്കാളും ഒരു കാര്യത്തിലും മുന്തരുത്(ഉയരം, വണ്ണം, ജോലി, ശമ്പളം- നിറവും സ്വര്‍ണവും മാത്രമാണ് ഒരു എക്‌സപ്ഷന്‍), അനുസരണ വേണം, പറയുമ്പോ പ്രസവിക്കണം, അഭിപ്രായങ്ങള്‍ പറയരുത്. പിന്നെ ഈ പ്യൂര്‍ ഫ്രഷ്! പലരും മനസില് വിചാരിക്കുന്ന കാര്യങ്ങള്‍ അമ്മച്ചി പച്ചക്ക് പറഞ്ഞു.
കല്യാണത്തിന് മുന്നേ ബന്ധങ്ങള്‍ പാടില്ല, കന്യക ആയിരിക്കണം എന്നൊക്കെ ഒരു മിക്കവരും നിര്‍ബന്ധം പിടിക്കുന്ന സമൂഹമാണ് നമ്മുടേത്. ദില്‍ഷ ബിഗ് ബോസില്‍ സ്വയം ഫ്രഷ് പീസെന്ന് പറഞ്ഞതോര്‍ക്കുന്നു. ആണിന് വല്ല കുറവും ഉണ്ടെങ്കില്‍(ലഹരി, മാനസിക/ശാരീരിക കുറവുകള്‍, സ്വഭാവദൂഷ്യങ്ങള്‍)- സാമൂഹികവും സാമ്പത്തികവുമായ നിസ്സഹരായ പെണ്‍കുട്ടികളിലേക്ക് നീളും അന്വേഷണം.
എത്രയോ തരത്തിലും ഈണത്തിലും കേട്ടിരിക്കുന്നു ‘ഓനടങ്ങിയ ഒരു പെണ്ണ് വന്നാല്‍ ഓന്‍ നന്നാവും’,
‘ഇതൊക്കെ സഹിച്ചുതരണം ചെയ്തു ഇതിനെക്കാളും വലിയ കുടിയന്മാരെ ഒക്കെ നന്നാക്കിയ എത്രയോ പെണ്ണുങ്ങളുണ്ട്.’ ‘അധികം പഠിപ്പും കഴിവും ഇല്ലാത്ത ഒരു സാധു പെണ്ണിനെ കെട്ടിച്ചാല് ഓള് നിന്നോളും’
‘നല്ല കുടുംബത്തിന്നും(!)ഒന്നും ചോദിച്ചാ ഓന് പെണ്ണ് കിട്ടൂല. ഒരു കാണാന്‍ തരക്കേടില്ലാത്ത വലിയ കഴിവൊന്നും ഇല്ലാത്ത കുട്ട്യോളുണ്ടാവും കൊറച്ചു ഉള്‍നാട്ടിലോക്കെ‘
കോഴിക്കോട് ഭാഗങ്ങളില്‍ ഒരു കാലത്തു പ്രചാരത്തിലുണ്ടായിരുന്ന അറബി, മൈസൂര്‍ കല്യാണങ്ങളൊക്കെ ഇതിന്റെ വകഭേദമായിരുന്നു. ‘അതോണ്ടെന്താ, ഓക്കൊരു കുട്ടിനെ കിട്ടീലെ. ഓക്ക് വയസ്സാങ്കാലത്ത് ഒരു തുണ ആയില്ലേ?’
ഇന്നലെ ആ ക്ലിപ്പ് കേട്ട് ചിരിച്ചെങ്കിലും, ആ അമ്മച്ചി തന്റെ ചീഞ്ഞ മകന് ആ പറഞ്ഞ പോലെയൊക്കെ തന്നെ ഒരു പെണ്ണിനെ തപ്പിയെടുക്കും എന്ന തിരിച്ചറിവുള്ളില്‍ നീറുന്നുണ്ട്. നോര്‍ത്തിലൊക്കെ വീട്ടുജോലിക്ക് ആളെ തിരക്കുമ്പോള്‍ അവിടെയുള്ള കോണ്‍വെന്റുകളില്‍ നിന്നും പലപ്പോഴും 15-16 വയസ്സായ പെണ്‍കുട്ടികളെ റെഫര്‍ ചെയ്യും.
ഇത് പോലെ അവിടെയുള്ള അനാഥാലയങ്ങളില്‍ വളര്‍ന്ന കുഞ്ഞുങ്ങള്‍. അത് പോലെ ആരെയെങ്കിലും ഇയമക്ക് കിട്ടും. എന്നിട്ട് നാട്ടുകാരൊക്കെ അവരുടെ ഉദാരതെയെ വാനോളം പുകഴ്ത്തും. ജീവിതസുഖങ്ങള്‍ ഒരു പാവത്തിന് നല്‍കിയല്ലോ എന്ന്. ക്ലിപ്പ് കേട്ട് ചിരിച്ചെങ്കിലും നെഞ്ചിനകത്തു ആ പെണ്‍കുട്ടിയെ ഓര്‍ത്ത് വേജാറുണ്ട്.