2023-24 യൂറോപ്പ കോണ്‍ഫറന്‍സ് ലീഗ് കിരീടം സ്വന്തമാക്കി ഒളിമ്പിയാക്കോസ്. ഫ്ളോറന്റീനയെ എതിരില്ലാല്ലാത്ത ഒരു ഗോളിനാണ് ഒളിമ്പിയാക്കോസ് പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരത്തില്‍ 116ാം മിനിട്ടില്‍ മൊറോക്കൻ താരം അയൂബ് എല്‍ കാബിയാണ് ഒളിമ്പിയാക്കോസിന്റെ വിജയഗോള്‍ നേടിയത്.
പെനാല്‍ട്ടി ബോക്സിലേക്ക് വന്ന പന്തിനെ ഒരു തകര്‍പ്പന്‍ ഹെഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. ഈ ഗോളോടെ കിരീടം മാത്രമല്ല ഒരു ചരിത്രനേട്ടവും അയൂബ് സ്വന്തമാക്കി.
യുവേഫയുടെ ടൂര്‍ണമെന്റിന്റെ ഒരു സീസണിന്റെ നോകൗട്ട് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരം എന്ന നേട്ടമാണ് അയൂബ് എല്‍ കാബി സ്വന്തമാക്കിയത്. 11 ഗോളുകളാണ് ഈ സീസണില്‍ യുവേഫ കോണ്‍ഫറന്‍സ് ലീഗിന്റെ നോകൗട്ടില്‍ അയൂബ് നേടിയത്.
പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സിമയും കൊളംബിയന്‍ താരം റാഡമല്‍ ഫാല്‍ക്കോയുമാണ് ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്.
റൊണാള്‍ഡോ റയല്‍ മാഡ്രിനൊപ്പം 2017 ചാമ്പ്യന്‍സ് ലീഗില്‍ 10 ഗോളുകള്‍ നേടിയപ്പോള്‍ ബെന്‍സിമ 2022 ചാമ്പ്യന്‍സ് ലീഗില്‍ ലോസ് ബ്ലാങ്കോസിനൊപ്പം 10 ഗോളുകള്‍ നേടി. 2011ല്‍ യുവേഫ യൂറോപ്പ ലീഗില്‍ ആണ് ഫാല്‍ക്കോ 10 ഗോളുകള്‍ നേടിയത്. അതോടെ അയ്യൂബിന്റെ ഒറ്റ ഗോളോടുകൂടി മൂന്ന് സൂപ്പര്‍താരങ്ങളെയും മറികടന്നുകൊണ്ടാണ് താരം മുന്നേറിയത്.
ഗ്രീസ് ലീഗിലും ഒളിമ്പിയാക്കോസിനൊപ്പം മിന്നും പ്രകടനമാണ് അയൂബ് നടത്തിയത്. ഈ സീസണില്‍ 31 ഗോളുകളും രണ്ട് അസിസ്റ്റുമാണ് താരം നേടിയത്.
Content Highlight: Ayoub El Kaabi great Performance in UEFA Europa Conference League