അയോധ്യകേസില്‍ അവസാനം വിധി വന്നിരിക്കുന്നു. വര്‍ഷങ്ങളായുള്ള തര്‍ക്കത്തിനാണ് സുപ്രീംകോടതി അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. 40 ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് അയോധ്യാക്കേസില്‍ ഇന്ന് വിധിപ്രഖ്യാപനം വന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
കോടതി വിധി ഇതാണ്
തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണം.
മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കും.
ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.
കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി ഉചിതമായ സ്ഥലത്ത് നല്‍കും.
എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി.
അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.
തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുറസ്സായ സ്ഥലത്തല്ല ബാബറി മസ്ജിദ് നിര്‍മ്മിച്ചത്. ബാബ്റി മസ്ജിദ് നിര്‍മിച്ചത് മറ്റൊരു നിര്‍മിതിക്ക് മുകളിലാണെന്നും എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു.
അയോധ്യയിലാണ് രാമന്‍ ജനിച്ചതെന്ന ഹിന്ദു വിശ്വാസം തള്ളിക്കളയാനാവില്ല. എന്നാല്‍ രാമജന്മഭൂമിക്ക് നിയമപരമായ അസ്തിത്വമില്ലെന്നും അതേസമയം ദൈവ സങ്കല്‍പ്പത്തിന് നിയമപരമായ അസ്തിത്വമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിക്ക് സന്തുലിതാവസ്ഥ കാണിക്കേണ്ടതുണ്ടെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം തീരുമാനിക്കുക നിയമവഴിയിലൂടെയായിരിക്കുമെന്നും കോടതി വിധിന്യായത്തിനിടെ പറഞ്ഞു.
വിശ്വാസവും ആചാരവും നോക്കി അവകാശം തീരുമാനിക്കാന്‍ ആവില്ല. വിശ്വാസത്തിനും രാഷ്ട്രീയത്തിനും മുകളിലാണ് നിയമവ്യവസ്ഥ. മതേതരത്വമാണ് ഭരണഘടനയുടെ ആണിക്കല്ല്. എല്ലാ വിശ്വാസങ്ങളും തുല്യമാണ്.
മുസ്ലീം വിശ്വാസികള്‍ എക്കാലത്തും ആരാധന നടത്തിയിരുന്നു. മുസ്ലീം വിശ്വാസികള്‍ ഒരു കാലത്തും പള്ളി ഉപേക്ഷിച്ച് പോയിട്ടില്ല. വിശ്വാസം നേര്‍വഴിക്കുള്ളതാണെങ്കില്‍ കോടതിക്ക് ഇടപെടാന്‍ ആവില്ല.
തര്‍ക്കമന്ദിരത്തിന്റെ ഉള്‍ഭാഗത്ത് മുസ്ലീങ്ങള്‍ ആരാധന നടത്തിയതിന് തെളിവുണ്ട്. അതേസമയം പുറത്ത് ഹിന്ദുക്കള്‍ ആരാധന നടത്തിയതിനും തെളിവുണ്ടെന്നും കോടതി പറഞ്ഞു.