ന്യൂദല്‍ഹി: 40 ദിവസം നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷം അയോധ്യാക്കേസില്‍ ഇന്ന് വിധിപ്രഖ്യാപനം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാബെഞ്ച് ഇന്ന് രാവിലെ പത്തരയോടെയാണു വിധി പ്രഖ്യാപിക്കുക.
ചീഫ് ജസ്റ്റിസ് നവംബര്‍ 17-ന് വിരമിക്കുന്നതോടെയാണ് ഈയാഴ്ച വിധി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. വിധി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിയുമായും ഡി.ജി.പിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വിധിയുടെ പശ്ചാത്തലത്തില്‍ ക്രമസമാധാന നില പരിശോധിക്കുന്നതിന്റെ ഭാഗമായായിരുന്നു കൂടിക്കാഴ്ച.
വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് രാജ്യത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായി രണ്ട് ഹെലികോപ്റ്ററുകള്‍ വിന്യസിക്കാനും 20 താല്‍ക്കാലിക ജയിലുകള്‍ സ്ഥാപിക്കാനും 78 ഇടങ്ങളിലായി സേനയെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജില്ലകളിലേയും സ്ഥിതിഗതികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവലോകനം ചെയ്തു. പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അയോധ്യയില്‍ ഡിസംബര്‍ 10 വരെ നിരോധനാജ്ഞ തുടരുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനായി വി.എച്ച്.പി 1990 മുതല്‍ തുടങ്ങി വെച്ച കല്‍പ്പണികള്‍ നിര്‍ത്തി വെച്ചിട്ടുണ്ട്.