ന്യൂദല്‍ഹി: അയോധ്യാ വിധിക്കെതിരെ ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം. നൂറോളം വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തെ കാമ്പസില്‍ എ.ബി.വി.പി ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിച്ച് എതിര്‍ത്തു.
ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളും എന്‍.എസ്.യു.ഐയും ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയനും മാറിനിന്നപ്പോള്‍, ഫ്രറ്റേണിറ്റി, വൈ.എഫ്.ഡി.എ, ബിര്‍സ അംബേദ്കര്‍ ഫുലേ സ്റ്റുഡന്‍സ് അസോസിയേഷന്‍ എന്നിവര്‍ പ്രതിഷേധിക്കുകയായിരുന്നു. ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍ നിന്നുള്ള ചില വിദ്യാര്‍ഥികളും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ മുപ്പതോളം വരുന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍ ‘ജയ് ശ്രീറാം’, ‘മന്ദിര്‍ വഹിന്‍ ബനായേംഗേ’ എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച് അതിനെ എതിര്‍ത്തു.
ഇതു ഭൂമിയുടെ പേരിലുള്ള പ്രശ്‌നമല്ലെന്നും വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ കൗണ്‍സിലറും ഫ്രറ്റേണിറ്റി നേതാവുമായ അഫ്രീന്‍ ഫാത്തിമ പ്രതിഷേധത്തിനിടെ പറഞ്ഞതാണ് എ.ബി.വി.പി പ്രവര്‍ത്തകരെ രോഷാകുലരാക്കിയത്. അവര്‍ പ്രതിഷേധസ്ഥലത്തിന് അടുത്തെത്തുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.
അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നൽകണമെന്നും കോടതി പറഞ്ഞു. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.
കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.