Ayodhya Verdict
അയോധ്യ വിധി ; നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ പൊലീസ് കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 09, 01:19 pm
Saturday, 9th November 2019, 6:49 pm

എറണാകുളം: അയോധ്യ വിധിയുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഫേസ്ബുക്ക് കൂട്ടായ്മയായ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിനെതിരെ കേസ്. വിധിയുടെ പശ്ചാത്തലത്തില്‍ ഗ്രൂപ്പില്‍ വന്ന പോസ്റ്റുകള്‍ക്കെതിരായാണ് കേസ്.

കൊച്ചി സിറ്റി പൊലീസാണ് കേസ് എടുത്തിരിക്കുന്നത്. ഐ.പി.സി 153(എ), 505(ബി) കേരളാ പൊലീസ് ആക്ടിലെ 120(ഒ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നടപടികള്‍ പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നുമാണ് പൊലീസിന്റെ പ്രതികരണം. നേരത്തെ സാമൂഹ്യ മാധ്യമങ്ങള്‍ എല്ലാ നിരീക്ഷണത്തിലായിരിക്കുമെന്നും മതസ്പര്‍ധയും സാമുദായിക സംഘര്‍ഷങ്ങളും വളര്‍ത്തുന്ന തരത്തില്‍ സന്ദേശങ്ങള്‍ തയ്യാറാക്കി പരത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം അയോധ്യ വിധിക്ക് പിന്നാലെ തൃപ്പുണിത്തുറ എം.എല്‍.എ എം സ്വരാജ് വിദ്വേഷ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് യുവമോര്‍ച്ച ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടുണ്ട്. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് യുവമോര്‍ച്ച ഡി.ജി.പിക്ക് പരാതി നല്‍കിയത്.

‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

യുവമോര്‍ച്ച അധ്യക്ഷന്‍ കെ.പി പ്രകാശ്ബാബുവാണ് പരാതി നല്‍കിയിരിക്കുന്നത്. അയോധ്യ വിധി പ്രഖ്യാപനത്തിന് ശേഷം നടത്തിയ പോസ്റ്റ്, ഒരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അതുവഴി പരസ്പരവിശ്വാസമില്ലായ്മയും വര്‍ഗ്ഗീയതയും കലാപവും ഉണ്ടാക്കാനാണ് സ്വരാജ് ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video