ന്യൂദല്‍ഹി: അയോധ്യകേസില്‍ ഹിന്ദുക്കള്‍ക്ക് അനുകൂല വിധിയുമായി എന്ന തലക്കെട്ടില്‍ വാര്‍ത്തകള്‍ നല്‍കി അന്താരാഷ്ട്രമാധ്യമങ്ങള്‍. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കണമെന്നുമായിരുന്നു കോടതി വിധി.
‘അയോധ്യ വിധി: വിശുദ്ധ ഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കി ഇന്ത്യന്‍ പരമോന്നത കോടതി’ എന്നായിരുന്നു ബി.ബി.സി വാര്‍ത്തയുടെ തലക്കെട്ട്. അയോധ്യ വിധിയില്‍ അമിത വൈകാരിക പ്രകടനങ്ങള്‍ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം നിലനില്‍ക്കെ തന്നെ താന്‍ ജയ് ശ്രീറാം വിളികള്‍ കേട്ടിരുന്നുവെന്ന് കോടതിയില്‍ വിധി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ തങ്ങളുടെ പ്രതിനിധി പറഞ്ഞുവെന്നും ബി.ബി.സി വാര്‍ത്തയില്‍ പറയുന്നു.
1992 ല്‍ ബാബ്‌റി മസജിദ് ഹിന്ദു തീവ്രവാദികളാണ് പൊളിച്ചതെന്നും അതിനുശേഷമുണ്ടായ കലാപത്തില്‍ 2000 ത്തിനടുത്ത് ആളുകള്‍ കൊല്ലപ്പെട്ടിരുന്നുവെന്നും ബി.ബി.സി വാര്‍ത്തയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
‘തര്‍ക്കഭൂമിയില്‍ ഹിന്ദുക്ഷേത്രത്തിന് അനുകൂലമായി ഇന്ത്യന്‍ കോടതി വിധി’യെന്നായിരുന്നു ദി വാഷിംഗ്ടണ്‍ പോസ്റ്റിന്റെ തലക്കെട്ട്. ഉചിതമായ സ്ഥലത്ത് മസ്ജിദ് നിര്‍മ്മിക്കാനായി മുസ്‌ലിങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി അഞ്ചംഗ കോടതി ബെഞ്ച് അനുവദിച്ചെന്നും രാമന്റെ പേരിലുള്ള ക്ഷേത്രം തര്‍ക്കഭൂമിയില്‍ നിര്‍മ്മിക്കാന്‍ ട്രസ്റ്റിന് അനുവാദം നല്‍കിയെന്നും വാഷിംഗ്ടണ്‍ പോസ്റ്റിന്റെ വാര്‍ത്തയില്‍ പറയുന്നു.
‘മുസ്‌ലിങ്ങള്‍ തര്‍ക്കിച്ച ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് വിജയം’ എന്ന തലക്കെട്ടിലാണ് ദി ഗാര്‍ഡിയന്‍ അയോധ്യവിധി റിപ്പോര്‍ട്ട് ചെയ്തത്. ഹിന്ദുദൈവമായ രാമന്റെ ജന്മസ്ഥലമെന്ന വിശ്വാസപ്രകാരം ഭൂമി ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ 16-ാം നൂറ്റാണ്ട് മുതല്‍ ആ ഭൂമിയില്‍ പള്ളിയുണ്ടായിരുന്നെന്നും ഒഴിഞ്ഞ ഭൂമിയിലായിരുന്നില്ലെന്ന പള്ളി നിര്‍മ്മാണമെന്നും കോടതി വിധിയില്‍ പറയുന്നുണ്ടെന്നും ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘അയോധ്യാ തര്‍ക്കഭൂമിയില്‍ ഹിന്ദുക്കളുടെ താല്‍പ്പര്യത്തിനൊപ്പം നിന്ന് ഇന്ത്യന്‍ കോടതി’ എന്ന തലക്കെട്ടിലാണ് ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത നല്‍കിയത്. മുസ്‌ലിങ്ങള്‍ കൂടി അവകാശവാദമുന്നയിച്ച ഭൂമിയില്‍ ഹിന്ദുക്കള്‍ക്ക് ഉടമസ്ഥാവകാശം നല്‍കി ഇന്ത്യന്‍ പരമോന്നത കോടതിയുടെ വിധിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനുള്ളില്‍ വിശദീകരിക്കുന്നത്.
30 വര്‍ഷം മുന്‍പ് ആക്രമണകാരികളായ ആള്‍ക്കൂട്ടം തകര്‍ത്ത പള്ളി നിലനിന്ന സ്ഥലത്ത് ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതാണ് വിധിയെന്ന് കൂടി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
‘തര്‍ക്കഭൂമിയില്‍ നിര്‍മ്മാണം നടത്താന്‍ ഹിന്ദുക്കള്‍ക്ക് അനുമതി’ എന്ന തലക്കെട്ടിലാണ് സി.എന്‍.എന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 1992 ല്‍ തീവ്ര വലതുപക്ഷക്കാര്‍ തകര്‍ത്ത പള്ളി നിലനിന്നിരുന്ന സ്ഥലത്ത് രാമക്ഷേത്രം നിര്‍മ്മിക്കാന്‍ കോടതി അനുമതി കൊടുത്തുവെന്നും സി.എന്‍.എന് വാര്‍ത്തക്കുള്ളില്‍ പറയുന്നു.
‘തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് നല്‍കി ഇന്ത്യന്‍ പരമോന്നത കോടതി വിധി’യെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തത്.
‘അയോധ്യാ ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലീങ്ങള്‍ക്ക് പകരം ഭൂമി’ എന്ന തലക്കെട്ടിലാണ് ഗള്‍ഫ് ന്യൂസ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്.
തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നും കോടതി പറയുകയായിരുന്നു. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.