| Sunday, 10th November 2019, 8:33 am

"രാം ലല്ലയുടെ ഭൂമി എന്ന് എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്?"; അയോധ്യ വിധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യ വിധി തന്നെ അസ്വസ്ഥനാക്കുന്നുവെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി അശോക് കുമാര്‍ ഗാംഗുലി. ബാബറി മസ്ജിദില്‍ പ്രാര്‍ത്ഥന  നടന്നിരുന്നതായി സുപ്രീം കോടതി അംഗീകരിക്കുന്നുണ്ടെങ്കില്‍ അതിനെ പള്ളിയായി പരിഗണിക്കണമെന്നും അശോക് കുമാര്‍ പറഞ്ഞു.

2022ല്‍ സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്താല്‍ എന്ത് ചെയ്യും. ഭരണഘടനാപരമായ ധാര്‍മികതയ്ക്ക് അപ്പോള്‍ എന്ത് സംഭവിക്കുമെന്നും അശോക് കുമാര്‍ ചോദിച്ചു.

500 വര്‍ഷത്തിലധികമായി നിന്നിരുന്ന പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കം എങ്ങനെയാണ് പരിഗണിക്കുകയെന്നും അദ്ദേഹം ആരാഞ്ഞു.

പള്ളിക്കടിയില്‍ ഒരു നിര്‍മിതിയുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്നല്ലാതെ അത് ക്ഷേത്രത്തിന്റെ ആണെന്ന് പറഞ്ഞിട്ടില്ല. ക്ഷേത്രം തകര്‍ത്ത് നിര്‍മിച്ചതാണ് പള്ളി പണിതതെന്നതിനും തെളിവുകള്‍ ഒന്നും ഇല്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നെ എന്ത് പുരാവസ്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് 500 വര്‍ഷത്തിന് ശേഷം ഇത്തരമൊരു കേസില്‍ തീരുമാനമെടുത്തതെന്നും മുന്‍ ജഡ്ജി വിമര്‍ശിച്ചു.

മതവിശ്യാസ സ്വാതന്ത്ര്യവും അത് പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സൂപ്രീം കോടതി നല്‍കുന്നുണ്ട്. ഈ മൗലികാവകാശം എനിക്കുണ്ടെങ്കില്‍ അപ്പോള്‍ ആരാധനാലയം സംരക്ഷിക്കാനുള്ള അവകാശവും എനിക്കുണ്ട്.

പള്ളി തകര്‍ക്കപ്പെട്ട ദിവസം ആ അവകാശവും തകര്‍ക്കപ്പെടുകയായിരുന്നെന്നും അശോക് കുമാര്‍ പറഞ്ഞു.

ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുന്‍ വിധിയില്‍ പറയുന്നത് 500 വര്‍ഷത്തിലധികം പഴക്കമുള്ള ആരാധനാലയം തകര്‍ത്തിട്ടുണ്ട് എന്നാണെന്നും ഹിന്ദുസ്ഥാന്‍ ടൈംസിനോട് അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അയോധ്യ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതി ഇന്നലെ വിധി പുറപ്പെടുവിച്ചത്.

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നും കോടതി പറയുകയായിരുന്നു. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍
രൂപീകരിക്കും.

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കണമെന്നും കോടതി പറഞ്ഞിരുന്നു.

എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more