അയോധ്യ വിധി; ട്വിറ്ററില്‍ രാഷ്ട്രീയം പറയരുതെന്ന് റാണാ അയ്യൂബിനോട് അമേത്തി പൊലീസ്
ന്യൂദല്‍ഹി: അയോധ്യാ വിധിയുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിനോട് ട്വീറ്റ് ഒഴിവാക്കണമെന്ന് അമേത്തി പൊലീസ്.
അയോധ്യാ വിധി എന്റെ ജീവിതം മാറ്റി മറിച്ചെന്നും ഒരുതലമുറയില്‍പ്പെട്ട മുസ്‌ലീങ്ങളെ ഒറ്റരാത്രി കൊണ്ടു ‘അന്യവല്‍ക്കരിച്ചു’വെന്നുമായിരുന്നു റാണാ അയ്യൂബ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഉടന്‍ തന്നെ അമേത്തി പൊലീസ് ഇതിനെതിരെ രംഗത്ത് വരികയായിരുന്നു.
‘നാളെ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു ദിവസമാണ്. ഇന്ത്യന്‍ മുസ്‌ലീങ്ങളുടെ വിശ്വാസ സ്മാരകമായ ബാബ്‌രി മസ്ജിദ് 1992 ഡിസംബര്‍ ആറിന് ഇന്ന് അധികാരത്തിലുള്ളവരാണ് തകര്‍ത്തത്. അതെന്റെ ജീവിതം മാറ്റിമറിച്ചു, ഒപ്പം ഒരു തലമുറയില്‍പ്പെടുന്ന ഇന്ത്യന്‍ മുസ്‌ലീങ്ങളെ ഒറ്റരാത്രികൊണ്ട് ‘അന്യവല്‍ക്കരിച്ചു’. എന്റെ രാജ്യം നാളെ എന്നെ നിരാശപ്പെടുത്തില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്നായിരുന്നു റാണാ അയ്യൂബിന്റെ ട്വീറ്റ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നിങ്ങള്‍ നടത്തിയത് ഒരു രാഷ്ട്രീയ പ്രസ്താവനയാണെന്നും അത് ഉടന്‍ പിന്‍വലിക്കണമെന്നും പറഞ്ഞ് അമേത്തി പൊലീസ് ഉടന്‍ തന്നെ റാണാ അയ്യൂബിന്റെ ട്വീറ്റിന് മറുപടി നല്‍കി. പിന്‍വലിച്ചില്ലെങ്കില്‍ റാണാ അയ്യൂബിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അമേത്തി പൊലീസ് ട്വീറ്റ് ചെയ്തു.
പൊലീസിന്റെ നടപടിയെ വിമര്‍ശിച്ച് വിവിധ മേഖലകളിലുള്ളവര്‍ ട്വീറ്റ് ചെയ്തിരുന്നു. പൊലീസ് നടത്തുന്നത് ഭീഷണിയാണെന്നും ജനാധിപത്യ രാജ്യത്ത് സംസാരിക്കാനുള്ള അവകാശമില്ലേ എന്നു ചോദിച്ചായിരുന്നു പലരും പൊലീസിനെതിരെ പ്രതികരിച്ചത്.
റാണാ അയ്യൂബ് ആക്രമണത്തിന് മുതിരുകയാണെന്നും, ഒരു മതത്തെ പ്രകോപിപിക്കുകയാണെന്നും പറഞ്ഞ്് ബി.ജെ.പി അനുഭാവമുള്ളവര്‍ റാണാ അയ്യൂബിന്റെ ട്വീറ്റിനെതിരെയും പ്രതിഷേധവുമായി രംഗത്തെത്തി. തന്റെ ട്വീറ്റില്‍ വസ്തുതാവിരുദ്ധമായെന്തെങ്കിലുമുണ്ടെന്ന് തെളിയിക്കുകയാണെങ്കില്‍ താനത് ഒഴിവാക്കാമെന്ന് റാണാ അയ്യൂബ് അമേത്തി പൊലീസിനോട് പറഞ്ഞു. എന്നാല്‍ പിന്നീട് അമേത്തി പൊലീസ് റാണാ അയ്യൂബിനെ ബ്ലോക്ക് ചെയ്യുകയായിരുന്നു.
40 ദിവസം നീണ്ട വാദ പ്രതിവാദങ്ങള്‍ക്കു ശേഷം ഇന്ന് അയോധ്യാകേസില്‍ വിധി പറയാനിരിക്കേ രാജ്യത്താകെ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇതിന്റെ ഭാഗമായി രണ്ട് ഹെലികോപ്റ്ററുകള്‍ വിന്യസിക്കാനും 20 താല്‍ക്കാലിക ജയിലുകള്‍ സ്ഥാപിക്കാനും 78 ഇടങ്ങളിലായി സേനയെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്. ബാബ്‌രി മസ്ജിദ് തകര്‍ത്ത് 27 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ന് വിധി പറയാനൊരുങ്ങുന്നത്.