| Wednesday, 5th August 2020, 5:16 pm

അയോധ്യ: ഹിന്ദുത്വ വഴിയില്‍ സംഘപരിവാറിനോട് മത്സരിക്കുന്ന കോണ്‍ഗ്രസ്

ഷഫീഖ് താമരശ്ശേരി

ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും പൂര്‍ണമായും മണ്ണില്‍ കുഴിച്ചുമൂടുന്ന ഒരു ദിവസം വന്നെത്തുകയാണ്. ആഗസ്ത് അഞ്ചിന് അയോധ്യയില്‍ ഭൂമി പൂജയിലൂടെ രാമക്ഷേത്രത്തിന്റെ നിര്‍മാണത്തിന് തുടക്കം കുറിക്കപ്പെടുമ്പോള്‍ അതിനെ ഹിന്ദുരാഷ്ട്രത്തിന്റെ ശിലാസ്ഥാപനമെന്ന് കൂടി രാജ്യത്തെ മതനിരപേക്ഷ സമൂഹത്തിന് വിലയിരുത്താനാകും.

ഈ ഘട്ടത്തില്‍ രാമക്ഷേത്ര നിര്‍മാണത്തെ പുകഴ്ത്തിയും പ്രശംസിച്ചും കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കള്‍ കൂടി രംഗത്ത് വന്നത് പലവിധ ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പാര്‍ലമെന്ററി പ്രതിപക്ഷമായ, പ്രത്യേകിച്ചും എന്‍.ആര്‍.സി – സി.എ.എ അനന്തര ഇന്ത്യയില്‍ ന്യൂനപക്ഷങ്ങളുടെയും അധസ്ഥിത സമൂഹങ്ങളുടെയുമെല്ലാം രാഷ്ട്രീയ പ്രതീക്ഷയാകേണ്ട ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാമക്ഷേത്ര നിര്‍മാണത്തിന്റെ പങ്കുപറ്റാനൊരുങ്ങുന്നതും അതില്‍ ആഹ്ലാദം മുഴക്കുന്നതും അങ്ങേയറ്റം പരിതാപകരമാണ്.

കോണ്‍ഗ്രസില്‍നിന്ന് മതനിരപേക്ഷ സമൂഹം പ്രതീക്ഷിക്കാത്തതാണ് ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന തരത്തില്‍ കേരളത്തിലെ പ്രബല മുസ്ലിം സമുദായ സംഘനടയായ സമസ്തയും കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളിലുള്ള തങ്ങളുടെ എതിര്‍പ്പുകളറിയിച്ചുകൊണ്ട് മുസ്ലിം ലീഗും രംഗത്ത് വന്നിരിക്കുകയാണ്. യാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ്സിനെതിരെ ഇത്തരമൊരു വിമര്‍ശനം ഉന്നയിക്കുന്നതില്‍ എന്തെങ്കിലും പ്രസക്തിയുണ്ടോ. ചരിത്രത്തില്‍ ഏത് ഘട്ടത്തിലാണ് കോണ്‍ഗ്രസ് ഹിന്ദുത്വ ആശയങ്ങളില്‍ നിന്നും മാറി സഞ്ചരിച്ചിട്ടുള്ളത്.

ബാബരി മസ്ജിദ്

അയോധ്യയിലെ ഭൂമി പൂജയ്ക്ക് ആശംസയുമായി ഇപ്പോള്‍ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത് കോണ്‍ഗ്രസ്സിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന പ്രിയങ്ക ഗാന്ധി തന്നെയാണ്. ശ്രീരാമന്റേയും സീതയുടേയും അനുഗ്രഹം കൊണ്ട് ക്ഷേത്രത്തിലെ ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനുമുള്ള അവസരമാണെന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ മുഴുവന്‍ ന്യൂനപക്ഷങ്ങളുടെയും മനസ്സില്‍ എക്കാലവും പ്രഹരമായി നില്‍ക്കുന്ന ബാബരി മസ്ജിദ് ധ്വംസനത്തിലൂടെ ഹിന്ദുത്വ രാഷ്ട്രീയം അക്രമോത്സുകമായി നേടിയെടുത്ത അധികാരം വഴി നടത്തുന്ന ശിലാസ്ഥാപനത്തെക്കുറിച്ചാണ് കോണ്‍ഗ്രസ്സിന്റെ ഉന്നത അധ്യക്ഷരിലൊരാളായ പ്രിയങ്ക ഈ രീതിയില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് എന്നത് നാമോര്‍ക്കണം.

ഇന്ത്യയിലെ എല്ലാവരുടെയും സമ്മതത്തോടെയാണ് ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ക്ഷേത്രം പണിയുന്നതെന്നാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ് പറഞ്ഞത്. അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്നായിരുന്നു രാജീവ് ഗാന്ധി ആഗ്രഹിച്ചിരുന്നതെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പിയായ ദ്വിഗ് വിജയ് സിങ്ങും രംഗത്ത് വന്നു. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിന്റെ ഗതിവിഗതികളെ പല രീതിയില്‍ സ്വാധീനിക്കുകയും ഇന്ത്യയുടെ മതേതര ഭരണഘടനാ മൂല്യങ്ങള്‍ക്ക് എക്കാലവും വെല്ലുവിളിയാവുകയും ചെയ്ത അയോധ്യ – ബാബരി മസ്ജിദ് പ്രശ്‌നങ്ങളില്‍ ഏറ്റവുമൊടുവില്‍ സംഘപരിവാറും കോണ്‍ഗ്രസ്സും ഒന്നായി മാറുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നത്.

ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല എന്നത് അയോധ്യയുടെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകും. 1949 ഡിസംബര്‍ മാസത്തില്‍ ബാബരി മസ്ജിദില്‍ രാമ- സീതാ വിഗ്രഹങ്ങള്‍ കൊണ്ടുവെക്കാനുള്ള അനുവാദം നല്‍കിയത് വഴി ഹിന്ദുത്വ രാഷ്ട്രീയത്തിന് അവരുടെ ലക്ഷ്യങ്ങളിലേക്കുള്ള വഴി തുറന്നുകൊടുത്ത കോണ്‍ഗ്രസ് അവരുടെ ചരിത്രം ആവര്‍ത്തിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്.
ഭൂരിപക്ഷ പ്രീണനത്തിനായി അന്ന് കോണ്‍ഗ്രസ് നടത്തിയ ജനാധിപത്യവിരുദ്ധതയുടെ അനന്തരഫലങ്ങളാണ് ഏഴുപതിറ്റാണ്ടിനിപ്പുറവും ഇന്ത്യന്‍ രാഷ്ട്രീയത്തെ വിഷലിപ്തമാക്കുന്നത്.

പ്രിയങ്ക ഗാന്ധി

നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും കാലശേഷം കോണ്‍ഗ്രസില്‍ രൂപപ്പെട്ട രാഷ്ട്രീയ നേതൃശൂന്യതയും രാജീവ് ഗാന്ധിയുടെ മൃദുഹിന്ദുത്വ സമീപനങ്ങളുമാണ് ഇന്ത്യയില്‍ സംഘപരിവാറിന് വളരാന്‍ പാകത്തിലുള്ള മണ്ണ് സൃഷ്ടിച്ചത് എന്നത് സംശയരഹിതമായ വസ്തുതയാണ്. ബാബരി മസ്ജിദ് വിഷയത്തെ ഒരു തീവ്ര ഹിന്ദുത്വ പ്രചരണത്തിനുള്ള ആയുധമായി വിനിയോഗിക്കുന്നതില്‍ സംഘപരിവാറിന് കോണ്‍ഗ്രസ് നല്‍കിയ സഹായങ്ങളും ചെറുതല്ല.

1986 ഫെബ്രുവരിയില്‍ അന്നത്തെ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലെ ജില്ലാ ജഡ്ജി ബാബരി മസ്ജിദ് ഹിന്ദുക്കള്‍ക്ക് ആരാധന നടത്താനായി തുറന്നുകൊടുക്കണം എന്ന് ഉത്തരവിട്ടു. വിധി വന്ന സമയത്ത് യു.പി ഭരിക്കുന്നത് കോണ്‍ഗ്രസ്സാണ്. പ്രധാനമന്ത്രിയാകട്ടെ രാജീവ് ഗാന്ധിയും. ഏറെ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഈ വിധിയുമായി ബന്ധപ്പെട്ട് മേല്‍ക്കോടതികളില്‍ അപ്പീല്‍ പോകുന്നതിന് പകരം അത് എളുപ്പത്തില്‍ നടപ്പാക്കിക്കൊടുക്കുകയായിരുന്നു അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്.

പിന്നീട് 1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും അതിനെതിരെ ഒരു ചെറുവിരലനക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിരുന്നില്ല. പ്രധാനമന്ത്രി നരസിംഹ റാവു അന്ന് പരിപൂര്‍ണ മൗനത്തിലായിരുന്നു.

ബാബരി മസ്ജിദ് തകര്‍പ്പെട്ട സമയത്ത് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന മാധവ് ഗൊഡ്ബൊളെ പിന്നീട് തന്റെ പുസ്തകത്തില്‍ ബാബരി സംഭവത്തിലുള്ള രാജീവ് ഗാന്ധിയുടെ പങ്ക് വിവരിക്കുന്നുണ്ട്. രാജീവ് ഗാന്ധിയെ രണ്ടാം കര്‍സേവകന്‍ എന്നാണ് പുസ്തകത്തില്‍ അദ്ദേഹം വിശേഷിപ്പിക്കുന്നത്. 1949ല്‍ രാമവിഗ്രഹം ഒളിച്ചുകടത്താന്‍ സഹായിച്ച ഫൈസാബാദ് ജില്ലാ മജിസ്ട്രേട്ട് കെ.കെ. നായരെയായിരുന്നു മാധവ് ഗൊഡ്ബൊളെ ഒന്നാം കര്‍സേവകന്‍ എന്ന് വിശേഷിപ്പിച്ചത്. പള്ളി പൊളിച്ചപ്പോള്‍ യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിങ്ങിനെ മൂന്നാം കര്‍സേവകനെന്നും അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിനെ നാലാം കര്‍സേവകനെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

മാധവ് ഗൊഡ്ബൊളെ

കോണ്‍ഗ്രസ് ആര്‍.എസ്.എസുമായി അക്കാലത്ത് തുടര്‍ന്നുപോന്ന രഹസ്യ ബാന്ധവങ്ങള്‍ക്ക് വേറെയും നിരവധി തെളിവുകള്‍ പിന്നീട് പുറത്തുവന്നിരുന്നു. ബൊഫോഴ്സ് വിവാദം ആര്‍.എസ്.എസിന് വലിയ പരിക്കുകള്‍ സമ്മാനിച്ചിരുന്ന കാലത്ത് രാജീവ് ഗാന്ധി ആര്‍.എസ്.എസുമായി നടത്തിയ രഹസ്യ ചര്‍ച്ചകളെക്കുറിച്ച് ‘ദ ആര്‍എസ്എസ് ആന്‍ഡ് ദ മേക്കിങ് ഓഫ് ദ ഡീപ് നേഷന്‍’ എന്ന പുസ്തകത്തില്‍ മാധ്യമപ്രവര്‍ത്തകനായ ദിനേഷ് നാരായണന്‍ വിശദീകരിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ ആര്‍എസ്എസിന്റെ പിന്തുണ നല്‍കിയാല്‍ പകരം ബാബരി മസ്ജിദില്‍ ശിലാന്യാസത്തിന് അനുവദിക്കാമെന്ന് രാജീവ് ഗാന്ധി ആര്‍.എസ്.എസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നുവെന്നും നാഗ്പുരിലെ ചര്‍ച്ചകള്‍ക്കുശേഷം ഡല്‍ഹിയില്‍ ആര്‍.എസ്.എസ് നേതാവ് രാജേന്ദ്ര സിങ് അന്നത്തെ ആഭ്യന്തരമന്ത്രി ബൂട്ടാ സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലൂടെ ധാരണ ഉറപ്പിക്കുകയായിരുന്നുവെന്നുമാണ് ദിനേഷ് നാരായണന്‍ തന്റെ പുസ്തകത്തില്‍ പറയുന്നത്. ഇന്ത്യയിലെ ഭൂരിപക്ഷ മതത്തിന്റെ വിശ്വാസങ്ങളെയും ആരാധനാ സങ്കല്‍പ്പങ്ങളെയും രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല എന്ന് തെളിയിക്കുന്ന നിരവധി വസ്തുതകളാണ് പിന്നീടും പുറത്തുവന്നിട്ടുള്ളത്.

ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ്സ് തീവ്ര ഹിന്ദുത്വ വര്‍ഗീയതയുമായി ഏതറ്റം വരെയും സന്ധിചെയ്യാന്‍ മടി കാണിച്ചില്ല എന്നതാണ് ചരിത്രം പറയുന്നത്. ഭൂതകാലത്തില്‍ മാത്രമല്ല വര്‍ത്തമാന രാഷ്ട്രീയത്തിലും കോണ്‍ഗ്രസിന് ഈ നിലപാടില്‍ നിന്നും യാതൊരു വ്ത്യാസവുമില്ല എന്ന് വിളിച്ചുപറയുന്നതാണ് പ്രിയങ്ക ഗാന്ധിയുടെയും കമല്‍നാഥിന്റെയും ദിഗ്വിജയ് സിങിന്റെയും എല്ലാം ഇപ്പോഴത്തെ പ്രസ്ഥാവനകള്‍. എല്ലാ തിരഞ്ഞെടുപ്പ് പ്രചരണങ്ങളും ക്ഷേത്രങ്ങളില്‍ നിന്നാരംഭിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയും ഭൂരിപക്ഷത്തെ തലോടുന്നത് നാം കാണാറുണ്ട്.

രാജീവ് ഗാന്ധി

ഗോരക്ഷകരെന്ന പേരില്‍ പ്രത്യക്ഷപ്പെട്ട് ഇന്ത്യന്‍ തെരുവുകളില്‍ നൂറുക്കണക്കിന് മുസ്ലിങ്ങളെയും ദളിതരെയും ആള്‍ക്കൂട്ട ആക്രമണത്തിലൂടെ നിഷ്ഠൂരമായി കൊല ചെയ്യാന്‍ ഹിന്ദുത്വ ഭീകരര്‍ക്ക് ധൈര്യം നല്‍കിയ, ഗോവധ നിരോധന നിയമം ബി.ജെ.പിക്ക് മുമ്പെ നടപ്പിലാക്കി കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍ ഹിന്ദുത്വ വഴിയില്‍ സംഘപരിവാറിനും ഒരു മുഴം മുന്നെ നടന്നതും നാം കണ്ടതാണ്.

നിലവില്‍ സുപ്രീംകോടതി വിധിപ്രകാരമുള്ള രാമക്ഷേത്രനിര്‍മാണം ബിജെപി തങ്ങളുടെ വര്‍ഗീയ അജന്‍ഡകള്‍ക്കനുകൂലമായി സ്ഥാപിച്ചെടുക്കുന്നതിനെതിരെ രാജ്യത്തെ ജനാധിപത്യ മതനിരപേക്ഷ കക്ഷികള്‍ പ്രതിഷേധമുയര്‍ത്തുമ്പോള്‍ അതിന്റെ മുന്‍പന്തിയിലുണ്ടാവേണ്ടിയിരുന്ന കോണ്‍ഗ്രസ് രാമക്ഷേത്ര നിര്‍മാണത്തിന് ഞങ്ങളെ വിളിച്ചില്ല എന്ന് പരാതി പറയുന്ന തരത്തില്‍ അധപതിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും വലിയ പദ്ധതികളായിരുന്നു ഭരണഘടനയില്‍നിന്ന് 370ാം വകുപ്പ് എടുത്തുമാറ്റി കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക, ബാബരി മസ്ജിദിന് പകരം രാമക്ഷേത്രം പണിയുക, ഏക സിവില്‍ കോഡ് നടപ്പാക്കുക എന്നത്.

2019 ആഗസ്ത് 5 ന് സംഘപരിവാര്‍ ഭരണകൂടം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റി. തൊട്ടടുത്ത വര്‍ഷം അതേ ദിവസത്തില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിക്കാനൊരുങ്ങുന്നു. ഇതിനര്‍ത്ഥം ഹിന്ദുത്വം അവരുടെ രാഷ്ട്രനിര്‍മ്മിതിയുടെ അടിത്തറ രൂപപ്പെടുത്തി എന്നത് തന്നെയാണ്. ഇതിനിടയില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പൗരത്വ പദവിയെ ആശങ്കയിലാക്കുന്ന നിയമ നിര്‍മാണങ്ങളും ഈ ഭരണകൂടം നടത്തി.

ജവഹര്‍ലാല്‍ നെഹ്‌റു

ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹം അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ അരക്ഷിതാവസ്ഥകള്‍ നേരിടുന്ന ഈ കാലത്താണ് രാജ്യത്തിന് മേലുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രതീകാത്മക ആധിപത്യം എന്ന് വിശേഷിപ്പിക്കാവുന്ന രാമക്ഷേത്ര നിര്‍മാണത്തിന് സര്‍വ പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത് വരുന്നത്.

ഇന്ത്യയിലെ ജനാധിപത്യ – മതേതര – ഭരണഘടനാ മൂല്യങ്ങളോട് അല്‍പമെങ്കിലും ബഹുമാനം കോണ്‍ഗ്രസിന് ബാക്കിയുണ്ടെങ്കില്‍ ഗാന്ധിയെയും നെഹ്‌റുവിനെയും മറക്കാതിരിക്കാന്‍ ആ പ്രസ്ഥാനം ശ്രദ്ധിക്കേണ്ടതുണ്ട്.

ഇന്ത്യ സ്വാതന്ത്ര്യം നേടിയ ഉടന്‍ ഗുജറാത്തിലെ സോമനാഥക്ഷേത്രം പുതുക്കിപ്പണിയാന്‍ സര്‍ദാര്‍ പട്ടേലിന്റെയും കെ.എം മുന്‍ഷിയുടെയും നേതൃത്വത്തില്‍ വ്യാപകമായ പ്രചാരണങ്ങള്‍ ആരംഭിച്ചപ്പോള്‍, അതിന് പൊതുഖജനാവില്‍നിന്ന് ചില്ലിക്കാശ് ഉപയോഗിക്കരുതെന്ന് ഓര്‍മപ്പെടുത്തിയത് സാക്ഷാല്‍ മഹാത്മാ ഗാന്ധിയായിരുന്നു.

മഹാത്മാ ഗാന്ധി

1949 ഡിസംബര്‍ 22 ന് രാത്രിയില്‍ ഒരു സംഘം ആളുകള്‍ ബാബരി മസ്ജിദില്‍ അതിക്രമിച്ചുകയറി അവിടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ചപ്പോള്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത് ആ വിഗ്രഹങ്ങളെടുത്ത് പുറത്തുകളയാനാണ്. കോണ്‍ഗ്രസിന്റെ രൂപീകരണ കാലം മുതല്‍ തന്നെ ഹിന്ദുത്വ ആശയങ്ങളിലേക്ക് കോണ്‍ഗ്രസിനെ സമന്യയിപ്പിക്കാന്‍ മദന്‍ മോഹന്‍ മാളവ്യയെപ്പോലുള്ള നേതാക്കള്‍ ശ്രമിച്ചപ്പോള്‍ അത്തരം നീക്കങ്ങളെ അതി ശക്തമായി എതിര്‍ത്ത തികഞ്ഞ മതേതരവാദിയായ കോണ്‍ഗ്രസ് നേതാവായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു.

അധികാരം നിലനിര്‍ത്തുന്നതിനായി തങ്ങള്‍ സ്വീകരിച്ച മൃദുഹിന്ദുത്വ സമീപനങ്ങള്‍ ഇന്ത്യന്‍ ജനസാമാന്യത്തിടയില്‍ സൃഷ്ടിച്ച രാഷ്ട്രീയ വഴികളിലൂടെ സംഘപരിവാര്‍ എളുപ്പത്തില്‍ രാജ്യാധികാരം കൈക്കലാക്കിയത് നേരില്‍ കണ്ടിട്ടും അതില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാകുന്നില്ല എങ്കില്‍, തീവ്രഹിന്ദുത്വത്തിനെതിരായ പ്രതിരോധം മൃദുഹിന്ദുത്വത്തിലൂടെ ഒരുക്കാമെന്നാണ് ഇനിയും കോണ്‍ഗ്രസ് നേതൃത്വം കരുതുന്നതെങ്കില്‍ അത് കോണ്‍ഗ്രസ് സ്വയം അതിന്റെ ശവപ്പെട്ടിയില്‍ ആണിയടിക്കുന്നതിന് തുല്യമായിരിക്കും എന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഷഫീഖ് താമരശ്ശേരി

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more