| Tuesday, 12th November 2019, 11:11 am

'മുസ്‌ലീം സമുദായങ്ങളുടെ വികാരം മുതലെടുക്കുന്നു'; അയോധ്യാ വിധിയില്‍ സി.പി.ഐ.എമ്മിനും ഉവൈസിക്കും ലീഗ് യോഗത്തില്‍ വിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: അയോധ്യ ഭൂമി തര്‍ക്ക കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാണക്കാട് ചേര്‍ന്ന മുസ്‌ലീം ലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തില്‍ സി.പി.ഐ.എമ്മിനും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസിയ്ക്കും വിമര്‍ശനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വൈകാരികമായ പ്രസ്താവനകള്‍ നടത്തി വോട്ട് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐ.എം നേതാക്കളും എ.ഐ.എം.ഐ.എമ്മും അയോധ്യ വിഷയത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഇടപെട്ടതെന്ന് യോഗത്തില്‍ ചില നേതാക്കള്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ മുസ്‌ലീം വോട്ടാണ് സി.പി.ഐ.എം ലക്ഷ്യമിടുന്നതെന്നും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള നിയമപോരാട്ടത്തില്‍ സി.പി.ഐ.എം കൂടെ നില്‍ക്കാറില്ലെന്നും യോഗം കുറ്റപ്പെടുത്തി.

അയോധ്യയില്‍ സുപ്രീം കോടതി അനുവദിച്ച ഭൂമി വേണ്ടെന്ന് വെക്കണമെന്ന ഉവൈസിയുടെ പ്രസ്താവനയ്‌ക്കെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
ഇത്തരം സന്ദര്‍ഭങ്ങളില്‍ വികാരമല്ല വിവേകമാണ് കാണിക്കേണ്ടത്. ഇത്തരം പ്രസ്താവനകള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മുസ്‌ലീം സമുദായങ്ങളുടെ വികാരം മുതലെടുക്കാനുള്ള ഒരുകൂട്ടരുടേയും ശ്രമം അംഗീകരിക്കില്ലെന്നും യോഗത്തില്‍ നേതാക്കള്‍ പറഞ്ഞു.

 സുപ്രീം കോടതിയില്‍ നിന്നും പ്രതികൂലമായ ഒരു വിധി വന്നിട്ടും രാജ്യത്ത് ഒരിടത്തും അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നത് എടുത്തുപറയേണ്ട കാര്യമാണെന്നും യോഗം വ്യക്തമാക്കി.

അയോധ്യാ വിധിയുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ മുസ്‌ലീം വ്യക്തി നിയമ ബോര്‍ഡ്, സുന്നി വഖഫ് ബോര്‍ഡ് തുടങ്ങിയവരുമായി വിശദമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ അപ്പീല്‍ പോകുന്നതില്‍ കാര്യമില്ലെന്ന അഭിപ്രായവും യോഗത്തില്‍ ചില നേതാക്കള്‍ ഉയര്‍ത്തി.

We use cookies to give you the best possible experience. Learn more