| Sunday, 25th November 2018, 1:11 pm

രാമക്ഷേത്ര സമരത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാന്‍ ബി.ജെ.പിയും ശിവസേനയും തമ്മില്‍ തല്ല്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: രമാക്ഷേത്ര നിര്‍മ്മാണത്തിന് അയോധ്യയില്‍ അടുത്തടുത്ത് പരിപാടികള്‍ നടത്തുന്ന സംഘപരിവാര്‍ സംഘടനകള്‍ക്കിടയില്‍ രാമക്ഷേത്ര സമരത്തിന്റെ ക്രെഡിറ്റ് അടിച്ചെടുക്കുന്നത് സംബന്ധിച്ച് തര്‍ക്കം. പരസ്പരം പഴിചാരി കൊണ്ടുള്ള പ്രസ്താവനകളാണ് ശിവസേനയും ബി.ജെ.പിയും നടത്തിക്കൊണ്ടിരിക്കുന്നത്.

രാമജന്മഭൂമി പ്രസ്ഥാനത്തില്‍ ശിവസേനയ്ക്ക് ഒരു റോളുമില്ലെന്നും ബാല്‍ താക്കറെ ജീവിച്ചിരുന്നെങ്കില്‍ വി.എച്ച്.പിയെ പിന്തുണയ്ക്കുമായിരുന്നെന്നും ബി.ജെ.പി നേതാവും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

രാം ലല്ലയിലൂടെ ഉദ്ധവ് താക്കറെ പ്രഭ നേടിയെടുക്കുന്നതില്‍ തെറ്റില്ലെങ്കിലും ഇപ്പോഴത്തെ നടപടികളെ ബാല്‍ താക്കറെ ഉണ്ടായിരുന്നെങ്കില്‍ അനുവദിക്കുമായിരുന്നില്ലെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

ഉദ്ധവ് താക്കറെ വിഭജനമുണ്ടാക്കാതെ വി.എച്ച്.പിയെ അനുസരിക്കണമെന്നും ആരാണ് തങ്ങള്‍ക്ക് വേണ്ടി ത്യാഗം സഹിക്കാന്‍ പോകുന്നതെന്ന് രാമഭക്തര്‍ക്ക് അറിയാമെന്നും മൗര്യ പറഞ്ഞു.

നേരത്തെ വി.എച്ച്.പിയുടെ രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നയാളാണ് കേശവ് പ്രസാദ് മൗര്യ.

രാമക്ഷേത്രം പണിതില്ലെങ്കില്‍ സര്‍ക്കാരുണ്ടാവില്ലെന്ന് ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയില്‍ പറഞ്ഞിരുന്നു. രാമക്ഷേത്രത്തിനായി കോടതിയെ സമീപക്കണമെന്നുണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ വാഗ്ദാനം നല്‍കരുതായിരുന്നു. ഞങ്ങളുടെ മറ്റൊരു “ജുംല”യായിരുന്നുവെന്ന് ബി.ജെ.പി പറയണമായിരുന്നു. ദയവായി ഹിന്ദുക്കളെ പറ്റിക്കരുതെന്നും ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തിലാണ് രാമക്ഷേത്ര നിര്‍മ്മാണത്തിനായി ഓര്‍ഡിനന്‍സ് ഇറക്കണമെന്നടക്കമാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ ഇപ്പോള്‍ ഫൈസാബാദ് പരിസരത്ത് തമ്പടിച്ചിരിക്കുന്നത്. 1992ലെ ബാബരി മസ്ജിദ് ധ്വംസനത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയധികം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രദേശത്ത് ഒന്നിച്ചുകൂടുന്നത്.

We use cookies to give you the best possible experience. Learn more