| Tuesday, 20th December 2022, 11:12 pm

ഇന്നവന്റെ പോസ്റ്റര്‍ കത്തിച്ചു, ഇനി ആ 'ഫിലിം ജിഹാദി' ഷാരൂഖിനെ നേരില്‍ കണ്ടാല്‍ ജീവനോടെ കത്തിക്കും; വധഭീഷണിയുമായി ഹിന്ദുത്വ സന്യാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പത്താന്‍ ചിത്രത്തിനും ബേഷരം രംഗ് എന്ന ഗാനത്തിനുമെതിരായ പ്രതിഷേധത്തിനിടെ ഷാരൂഖ് ഖാനെതിരെ വധ ഭീഷണിയുമായി അയോധ്യയിലെ ഹിന്ദുത്വ സന്യാസി. ഷാരൂഖിനെ നേരില്‍ കണ്ടാല്‍ ജീവനോടെ കത്തിക്കുമെന്നാണ് ഹിന്ദുത്വ സന്യാസിയായ പരംഹംസ് ആചാര്യ പറഞ്ഞത്.

‘ഈ വിഷയവുമായി ബന്ധപ്പെട്ട് സനാതന ധര്‍മത്തില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണ്. ഇന്ന് ഞങ്ങള്‍ ഷാരൂഖിന്റെ പോസ്റ്റര്‍ കത്തിച്ചു. ഇനി ആ ഫിലിം ജിഹാദി ഷാരൂഖിനെ നേരില്‍ കണ്ടാല്‍ ജീവനോടെ കത്തിക്കും,’ സന്യാസി മാധ്യമങ്ങളോട് പറഞ്ഞു. സന്യാസിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നേരത്തെ പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ അഗ്‌നിക്കിരയാക്കണമെന്ന ആഹ്വാനവുമായി അയോധ്യ ഹനുമാന്‍ ക്ഷേത്രത്തിലെ പൂജാരി രാജു ദാസ് രംഗത്തെത്തിയിരുന്നു.

‘ബോളിവുഡും ഹോളിവുഡും സദാ സനാതന മതത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. കാവി വസ്ത്രത്തെ ദീപിക ബിക്കിനി ആയി ഉപയോഗിച്ചത് ഞങ്ങളെ വേദനിപ്പിക്കുന്നു. കാവി ബിക്കിനി ധരിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന് ഞാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളും കത്തിക്കണം. എങ്കിലേ അവര്‍ക്ക് കാര്യം മനസിലാവുകയുള്ളൂ. ദുഷ്ടതയെ എതിര്‍ക്കണമെങ്കില്‍ നിങ്ങളും ദുഷ്ടരാവണം,’ ട്വിറ്ററില്‍ പ്രചിരിക്കുന്ന വീഡിയോയില്‍ അദ്ദേഹം പറയുന്നു.

അതേസമയം പത്താന്‍ സിനിമക്കെതിരായി ഉയരുന്ന പ്രതിഷേധങ്ങളില്‍ നടന്‍ പൃഥ്വിരാജ് പ്രതികരിച്ചിരുന്നു. ഒരു കലാരൂപത്തെ ഇത്തരം നിരീക്ഷണങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും വിധേയമാക്കുന്നതില്‍ ദുഖമുണ്ടെന്നാണ് കാപ്പ എന്ന ചിത്രത്തിന്റെ പ്രസ് മീറ്റില്‍ വെച്ച് പൃഥ്വിരാജ് പറഞ്ഞത്.

സിനിമ ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്നാണ് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ റാം കദം ആരോപിച്ചത്. മഹാരാഷ്ട്രയില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എം.എല്‍.എ വ്യക്തമാക്കി.

പത്താനിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപകരമായി ചിത്രീകരിച്ചുവെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞത്. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം. അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നും നരോത്തം മിശ്ര പറഞ്ഞു.

Content Highlight: Ayodhya’s Hindutva monk threatensl Shah Rukh Khan

We use cookies to give you the best possible experience. Learn more