പനാജി: ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം പണിതതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഗുജറാത്ത്, ഗോവ നിയമസഭകള്‍. രാമക്ഷേത്രം പണിഞ്ഞതില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും മോദിയെ പുകഴ്ത്തി സംസാരിച്ചതോടെ ഇരു നിയമസഭകളിലും പ്രമേയം ഐക്യകണ്‌ഠേന പാസായി.
കേന്ദ്ര ബജറ്റിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ നരേന്ദ്ര മോദി കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിക്കുകയും നെഹ്‌റു കുടുംബത്തെ അധിക്ഷേപിക്കുകയും ചെയ്തപ്പോഴാണ് രാമക്ഷേത്ര വിഷയത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ മോദിയെ പുകഴ്ത്തി സംസാരിച്ചത് എന്നതും ശ്രദ്ധേയമാണ്.
ഗുജറാത്തില്‍ ബജറ്റ് സമ്മേളനത്തിനിടെ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലാണ് മോദിയെ അഭിനന്ദിക്കുന്ന പ്രമേയം അവതരിപ്പിച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പോര്‍ബന്ധര്‍ എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ അര്‍ജുന്‍ മൊധ്‌വാഡിയ പ്രമേയത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയാണെന്ന് അറിയിച്ചു.
പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയാണ് 1989ല്‍ രാമക്ഷേത്രത്തിന് കല്ലിടാന്‍ അനുവാദം നല്‍കിയതെന്നും അദ്ദേഹം പ്രമേയത്തിന്‍മേലുള്ള പ്രസംഗത്തില്‍ ഓര്‍മപ്പെടുത്തി. പ്രതിപക്ഷത്തുള്ള ആം ആദ്മി അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു.
ഗോവയില്‍ സ്പീക്കര്‍ രമേഷ് തിവാരിയാണ് മോദിയെ അഭിനന്ദിക്കുന്ന പ്രമേയം അവതരിപ്പിച്ചത്. ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രമേയം കൊണ്ടുവന്നത്. അയോധ്യയില്‍ പ്രാണ പ്രതിഷ്ഠ നടന്നതോടെ സുവര്‍ണ യുഗം ആരംഭിച്ചെന്ന് പ്രമേയത്തില്‍ പറയുന്നു.
‘അയോധ്യയിലെ രാമ ക്ഷേത്രത്തില്‍ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഭ അഭിനന്ദിക്കുന്നു. രാമന്റെ വിഗ്രഹം പ്രതിഷ്ഠിച്ചതോടെ ഒരു സുവര്‍ണ യുഗത്തിനാണ് തുടക്കമായത്’ പ്രമേയത്തില്‍ പറഞ്ഞു.
കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉണ്ടായിരുന്നിട്ടും സഭയില്‍ പ്രമേയം ഏകകണ്‌ഠേനമായാണ് പാസായത്. ഗോവയില്‍ കോണ്‍ഗ്രസിന് മൂന്നും ആം ആദ്മി പാര്‍ട്ടിക്ക് രണ്ടും എം.എല്‍.എമാരാണ് ഉള്ളത്.
മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ അദ്വാനിക്കും സോഷ്യലിസ്റ്റ് നേതാവും മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ കര്‍പ്പൂരി താക്കൂറിനും ഭാരതരത്‌ന നല്‍കിയതിനെയും സഭ അഭിനന്ദിച്ചു.