| Monday, 8th January 2024, 8:37 am

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ സംസ്ഥാനത്തെ മുഴുവൻ ക്ഷേത്രങ്ങളിലും പ്രത്യേകപൂജ; കർണാടക സർക്കാർ ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക പൂജ നടത്തുവാൻ ഉത്തരവിട്ട് കർണാടക സർക്കാർ.

ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിനാണ് ഇതിനായി നിർദേശം നൽകിയത്. പൂജയിലെ ചടങ്ങുകളെ കുറിച്ചും ഇതിനായി വകയിരുത്തുന്ന ഫണ്ട് സംബന്ധിച്ചും വിജ്ഞാപനം വരും ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും.

അയോധ്യയിൽ ജനുവരി 22ന് പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന അതേസമയം തന്നെയാണ് പ്രത്യേക പൂജകളും നടത്താൻ ഉദ്ദേശിക്കുന്നത്. രാമക്ഷേത്രങ്ങളിൽ മാത്രമല്ല മറിച്ച് കർണാടകയിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേകപൂജകൾ നടത്തുമെന്ന് ക്ഷേത്ര ഭരണ വകുപ്പായ മുസ്റെയുടെ മന്ത്രി രാമലിങ്ക റെഡ്ഡി അറിയിച്ചു.

കർണാടകയിൽ ഹിന്ദുമത, ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന് കീഴിൽ 34,563 ക്ഷേത്രങ്ങളാണുള്ളത്.

ബാബറി മസ്ജിദ് തകർക്കപ്പെടുന്നതിന്റെ തലേദിവസം ഹുബ്ബളിയിൽ നടന്ന കലാപവവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ശ്രീകാന്ത് പൂജാരി എന്ന കർസേവകനെ കഴിഞ്ഞ ഡിസംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ പൂജാരിയെ ജയിലിൽ അടച്ചത് എന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു.

എന്നാൽ ഇതിനു മറുപടിയായി താനും രാമ ഭക്തൻ ആണെന്നും തങ്ങളും രാമക്ഷേത്രം പണിയാർ ഉണ്ടെന്നും ബി.ജെ.പിയുടേത് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള തന്ത്രങ്ങളാണെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

വിഷയം രാഷ്ട്രീയവത്ക്കരിക്കേണ്ടതില്ലെന്നും രാമക്ഷേത്ര ചടങ്ങിന് പോകണോ വേണ്ടയോ എന്നത് ഹൈക്കമാൻഡ് തീരുമാനിക്കും എന്നുമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചത്.

Content Highlight: Ayodhya Ram Temple inauguration: Special puja in Karnataka temples on January 22

We use cookies to give you the best possible experience. Learn more