അയോധ്യ: സന്യാസവേഷം ധരിച്ച് അയോധ്യയില്‍ ഒളിവില്‍ കഴിയുന്ന കുറ്റവാളികളെ തിരിച്ചറിയാന്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഒളിവിലുള്ള കുറ്റവാളികളുടെ എണ്ണം നിയന്ത്രിക്കാനായി പ്രദേശത്തു താമസിക്കുന്നവരുടെയും സന്യാസിമാരുടെയും കൃത്യമായ കണക്കെടുപ്പും വെരിഫിക്കേഷനും നടത്തുമെന്ന് ഫൈസാബാദ് ജില്ലാ ഭരണകൂടം അറിയിച്ചു.
തങ്ങളുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടാനുള്ള പ്രധാന കാരണമാണ് ഇത്തരം ആള്‍മാറാട്ടക്കാരെന്നും സര്‍ക്കാര്‍ നീക്കത്തില്‍ പരിപൂര്‍ണ സന്തുഷ്ടരാണെന്നും അയോധ്യയിലെ സന്യാസി സമൂഹം പ്രതികരിച്ചു.
“ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ നിയമത്തിന്റെ കണ്ണു വെട്ടിച്ച് അയോധ്യയിലെത്തി സന്യാസവേഷത്തില്‍ ജീവിക്കുന്നുണ്ടെന്നത് സത്യമാണ്. ഇത്തരക്കാരാണ് സന്യാസിമാരുടെ പേരിന് കളങ്കമേല്‍പ്പിക്കുന്നത്. ഇവരെ പിടികൂടുക തന്നെ വേണം. നേപ്പാളില്‍ നിന്നുള്ളവര്‍ വരെ ഇവിടെയുണ്ട്.” രാമജന്മഭൂമിയിലെ ആചാര്യ സത്യേന്ദ്ര ദാസ് പറയുന്നു.
Also Read: കളി പഠിച്ചത് അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന്, ഇന്ന് അവന്‍ കളിക്കുക ലോകകപ്പ് ഫൈനല്‍
വ്യാജസന്യാസിമാരെ ഈ നീക്കം പരിഭ്രാന്തരാക്കുമെന്നാണ് അയോധ്യയിലുള്ളവരുടെ പക്ഷം. “സന്യാസി സമൂഹം പൊലീസിന്റെ തീരുമാനത്തില്‍ തൃപ്തരാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. രാമായണത്തില്‍ പോലും സന്യാസവേഷം സ്വീകരിച്ചാണ് രാവണന്‍ സീതയെ അപഹരിച്ചത്.” മഹന്ത് പരംഹംസ് രാമചന്ദ്രദാസ് പറഞ്ഞു.
സന്യാസികള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിനെതിരാണെന്നും, സന്യാസികളുടെ മേല്‍ സമൂഹത്തിനുള്ള ഈ വിശ്വാസം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കഴിഞ്ഞ മൂന്നു മാസങ്ങളായി ഈ വിഷയത്തില്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണെന്ന് അയോധ്യ പൊലീസ് സര്‍ക്കിള്‍ ഓഫീസര്‍ രാജു കുമാര്‍ പറയുന്നു. “അയോധ്യ വിവാദ പശ്ചാത്തലമുള്ള നഗരമാണ്. ഇവിടെ എന്തെങ്കിലും സംഭവിച്ചാല്‍ ഇന്ത്യയൊട്ടാകെ അത് ശ്രദ്ധിക്കും. ഇവിടെയുള്ള പുരാതനമായ വീടുകളിലും ക്ഷേത്രങ്ങളിലും പരിശോധന നടത്താന്‍ തീരുമാനമുണ്ട്.” അദ്ദേഹം അറിയിച്ചു.
വെരിഫിക്കേഷനു ശേഷം ഉണ്ടാക്കുന്ന വിശദമായ പട്ടിക കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായകമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.