കൊല്‍ക്കത്ത: ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും അയോധ്യാ കേസില്‍ വിധി അനുകൂലമായതിനും ശേഷം ബംഗാള്‍ പിടിക്കാന്‍ നീക്കങ്ങളുമായി ബി.ജെ.പി. ബംഗാളില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനൊരുങ്ങുകയാണ് അവര്‍.
ഭേദഗതി നിയമം ബംഗാളില്‍ അടിയന്തരമായി കൊണ്ടുവരണമെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയ ‘ദ പ്രിന്റ’നോടു പറഞ്ഞു.
‘എന്താണോ ഞങ്ങള്‍ വാഗ്ദാനം ചെയ്തത്, അതു നടപ്പാക്കി. കശ്മീര്‍ കഴിഞ്ഞു, അയോധ്യ കഴിഞ്ഞു. ഇനി ഞങ്ങള്‍ പൗരത്വ ഭേദഗതി നിയമവും കൊണ്ടുവരും. നുഴഞ്ഞുകയറ്റം തടഞ്ഞു രാജ്യത്തെ രക്ഷിക്കാന്‍ ബംഗാളില്‍ ഇത് അത്യാവശ്യമാണ്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പാര്‍ട്ടി ബംഗാളിലേക്കാണു ശ്രദ്ധ കൊടുക്കുന്നത്. അത് ബംഗാളിന്റെ നല്ലതിനു വേണ്ടിയാണ്. എത്രയും പെട്ടെന്നു ഞങ്ങള്‍ പൗരത്വ ഭേദഗതി ബില്‍ കൊണ്ടുവരും.’- അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശ് അതിര്‍ത്തി പ്രദേശമായ ബംഗാളിലെ 30 ശതമാനവും മുസ്‌ലിങ്ങളാണ്. പൗരത്വ ഭേദഗതിയിലൂടെ സംസ്ഥാനത്തെ ഭൂരിപക്ഷ വോട്ട് ഏകീകരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി ഇപ്പോള്‍ നടത്തുന്നത്.
പൗരത്വ ബില്‍ ശീതകാല സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ വെയ്ക്കുമെന്നും വിജയ്‌വര്‍ഗിയ പറഞ്ഞു. നിയമം നിലവില്‍ വന്നാല്‍ അഭയാര്‍ഥികള്‍ക്കു പൗരത്വം നല്‍കാനുള്ള നടപടിക്രമങ്ങള്‍ വേഗം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
അഭയാര്‍ഥികള്‍ക്കു പൗരത്വം നല്‍കിയാല്‍ രാജ്യത്തുടനീളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ പൗരത്വ രജിസ്റ്ററിലൂടെ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ മാത്രമേ നടപടിയെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ബി.ജെ.പിയുടെ ഈ നീക്കത്തെ വിഭജനതന്ത്രമെന്നാണ് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജി വിശേഷിപ്പിച്ചത്.
കഴിഞ്ഞമാസം കൊല്‍ക്കത്തയിലെ നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി ദേശീയാധ്യക്ഷനുമായ അമിത് ഷായും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുന്ന കാര്യം പറഞ്ഞിരുന്നു. തൃണമൂല്‍ പൗരത്വ രജിസ്റ്ററിനെക്കുറിച്ചു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ബംഗാളിനെതിരെ മറ്റൊരു കാര്യവും ചര്‍ച്ചയില്‍ വരാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകരാറിലാണെന്നതു ചൂണ്ടിക്കാട്ടി ബി.ജെ.പി എം.പിമാര്‍ ചര്‍ച്ച നടത്തിയേക്കുമെന്നാണു ദേശീയമാധ്യമങ്ങള്‍ നല്‍കുന്ന സൂചന.