|

ജഡ്ജിമാരായി തുടരണോ അതോ രാജിവെക്കണോയെന്ന് ചിന്തിക്ക്: അയോധ്യ കേസ് പരിഗണിക്കുന്ന ജസ്റ്റിസുമാരെ വ്യക്തിപരമായി ആക്രമിച്ച് ആര്‍.എസ്.എസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യ കേസ് പരിഗണിക്കുന്നത് ജനുവരിയിലേക്ക് നീട്ടിക്കൊണ്ട് ഉത്തരവിട്ട സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചിനെതിരെ ആര്‍.എസ്.എസ് നേതാവ്. “ജന്മഭൂമി മേം അന്യന്‍ കോന്‍” എന്ന തലക്കെട്ടില്‍ ജോഷി ഫൗണ്ടേഷന്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഞാനവരുടെ പേര് പറയുന്നില്ല. കാരണം 125 കോടി ഇന്ത്യക്കാര്‍ക്ക് അവരുടെ പേര് അറിയാം. ആ മൂന്നംഗ ബെഞ്ച്, അവരാണ് വൈകിപ്പിച്ചത്, അവരാണ് നിഷേധിച്ചത്, അവരാണ് അനാദരിച്ചത്. രണ്ട് മൂന്ന് ജഡ്ജിമാരെക്കൊണ്ട് ജനാധിപത്യത്തിലും ഭരണഘടനയിലും, മൗലികാവകാശത്തിലുമുള്ള വിശ്വാസം നശിപ്പിക്കുന്നത്ര അംഗഭംഗം സംഭവിച്ചതാണ് ഈ രാജ്യം.” എന്നാണ് ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്.

Also Read: നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; മുഖ്യമന്ത്രിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമം

“നിസഹായനായി നോക്കിനില്‍ക്കേണ്ടി വരികയാണ്? എന്തിന്, എന്തിനുവേണ്ടി? തീവ്രവാദത്തിനെതിരായ കേസുകള്‍ അര്‍ധരാത്രി കേള്‍ക്കാന്‍ തയ്യാറാവുന്നവര്‍ സമാധാനത്തെ പരിഹസിക്കുകയും അപമാനിക്കുകയുമാണ്. നിയമനടപടികളിലെ ഇത്തരം അതിക്രമങ്ങള്‍ ചോദ്യം ചെയ്യാനുള്ള ധൈര്യം ഇംഗ്ലീഷുകാര്‍ക്കുപോലുമുണ്ടായിട്ടില്ല.” അദ്ദേഹം പറഞ്ഞു.

അയോധ്യ കേസിലെ വിധി വൈകിപ്പിച്ചതിലൂടെ ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ കരിദിനമായിരുന്നു നമ്മള്‍ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. “എന്താ ഇത് അത്ര ഗൗരവമുള്ള കാര്യമല്ലേ? ജനങ്ങളുടെ വിശ്വാസങ്ങളെ അനാദരിച്ചും വൈകിപ്പിച്ചും ഇന്ത്യന്‍ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുമ്പോള്‍ നമ്മള്‍ കണ്ടത് ഇന്ത്യന്‍ നിയമവ്യവസ്ഥയിലെ കരിദിനമാണ്. സുപ്രീം കോടതിയല്ല ഇത് ചെയ്തത്. ജഡ്ജിമാരല്ല ഇത് ചെയ്തത്. നിയമവ്യവസ്ഥയല്ല ഇത് ചെയ്തത്. നീതിയല്ല ഇത് ചെയ്തത്. മറിച്ച് ഒന്നുരണ്ടു വ്യക്തികളാണ്.” എന്നും ഇന്ദ്രേഷ് ആരോപിച്ചു.

Also Read:മുഖ്യമന്ത്രിയുടെ ആരോഗ്യം പ്രകടിപ്പിക്കേണ്ട സ്ഥലമിതല്ല; ഇങ്ങനെയാണോ സഭ നടത്തേണ്ടത്; സ്പീക്കറെ ചോദ്യം ചെയ്ത് രമേശ് ചെന്നിത്തല

ഈ ജഡ്ജിമാര്‍ക്കെതിരെ ജനരോഷം ശക്തമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. “എല്ലാവരും നീതി പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ക്ക് ഇപ്പോഴും വിശ്വാസമുണ്ട്. എന്നാല്‍ നിയമസമ്പ്രദായവും ജഡ്ജിമാരും, നീതിയും രണ്ട് മൂന്ന് ജഡ്ജിമാര്‍ കാരണം അനാദരിക്കപ്പെടുന്നു. കേസ് പെട്ടെന്നു കേള്‍ക്കണമായിരുന്നു. എന്താണ് അതിന് പ്രശ്‌നം? അല്ലാത്തപക്ഷം ഒരു ചോദ്യമുയരുന്നുണ്ട്: അവര്‍ നീതി നല്‍കാന്‍ തയ്യാറല്ലെങ്കില്‍ ഇനി ജഡ്ജിമാരായി തുടരണോ അതോ രാജിവെക്കണോ എന്ന് അവര്‍ തീരുമാനിക്കണം.” അദ്ദേഹം ചോദിച്ചു.

രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്കത്തില്‍ ഒരു നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങിയതാണ്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലവിലുള്ളതിനാല്‍ അതിനു തയ്യാറായില്ല. ഇനി അഥവാ സര്‍ക്കാര്‍ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചാലും സുപ്രീം കോടതിയില്‍ ആരെങ്കിലും പോയാല്‍ കോടതി അതു സ്‌റ്റേ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Latest Stories