അയോധ്യ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് കുട്ടിയുടെ മുത്തച്ഛൻ, അച്ഛൻ, അമ്മാവൻ എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ്. കൗമാരക്കാരിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് അയോധ്യയിലെ ഔറയ്യ പൊലീസ് വെള്ളിയാഴ്ച ഇവരെ അറസ്റ്റ് ചെയ്തു.
ബന്ധുവായ സ്ത്രീയോടൊപ്പം എത്തിയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. തന്റെ മുത്തച്ഛനും പിതാവും അമ്മാവനും കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് പെൺകുട്ടി പരാതിപ്പെട്ടു.
താൻ രണ്ട് മാസം ഗർഭിണിയാണെന്നും വൈദ്യപരിശോധന നടക്കുകയാണെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞതായി അഡീഷണൽ പൊലീസ് സൂപ്രണ്ട്, ഔറയ്യ, അലോക് മിശ്ര പറഞ്ഞു. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തെന്നും കൂടാതെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണ (പോക്‌സോ) നിയമവും ചുമത്തിയിട്ടുണ്ടെന്ന് മിശ്ര കൂട്ടിച്ചേർത്തു.
വീട്ടുകാരുടെ അടിക്കടിയുള്ള ശല്യം കാരണം താനും അമ്മയും കുറച്ച് മാസങ്ങൾക്ക് മുമ്പ് വീട് വിട്ടുപോയതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഇവർ അന്യസംസ്ഥാനത്തേക്ക് മാറി താമസിക്കുകയായിരുന്നു.
പക്ഷെ പെൺകുട്ടിയുടെ അച്ഛനും അമ്മാവനും അവിടെ നിന്ന് ഇരുവരെയും തിരികെ കൊണ്ടുവരികയായിരുന്നു. പിന്നീട് പെൺകുട്ടിയുടെ അമ്മ അവരുടെ ഗ്രാമത്തിലേക്ക് മടങ്ങി. ഗ്രാമത്തിലെത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷം അവർ മരണപ്പെട്ടു. മരണത്തിൻ്റെ സാഹചര്യം പരിശോധിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അമ്മയുടെ മരണത്തിന് പിന്നാലെയാണ് പെൺകുട്ടിയെ ഇവർ ദുരുപയോഗം ചെയ്യാൻ തുടങ്ങിയത്. അടുത്തിടെ, തൻ്റെ ദുരനുഭവത്തെക്കുറിച്ച് പെൺകുട്ടി മറ്റൊരു ബന്ധുവിനോട് തുറന്നുപറഞ്ഞു, തുടർന്ന് ബന്ധുവിന്റെ സഹായത്തോടെ പരാതി നൽകി.
Content Highlight: Ayodhya: Grandfather, father and uncle held for sexual assault of minor, say police