അയോധ്യ കേസ് സുപ്രീംകോടതി ജനുവരി നാലിന് പരിഗണിക്കും
national news
അയോധ്യ കേസ് സുപ്രീംകോടതി ജനുവരി നാലിന് പരിഗണിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th December 2018, 7:39 am

ന്യൂദല്‍ഹി: ബാബരി മസ്ജിദ് കേസില്‍ സുപ്രീംകോടതി ജനുവരി നാലിന് വാദംകേള്‍ക്കും. ബാബരി മസ്ജിദ് ഉള്‍പ്പെടുന്ന 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാംലല്ല എന്നിവക്ക് നല്‍കി 2010ല്‍ അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ സമര്‍പ്പിച്ച ഹരജികളിലാണ് വാദംകേള്‍ക്കുക.

കേസ് ജനുവരി ആദ്യവാരം പരിഗണിക്കാന്‍ കഴിഞ്ഞ ഒക്‌ടോബര്‍ 29ന് തീരുമാനിച്ചിരുന്നു. തീയതി നേരത്തേയാക്കാനാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹരജി പിന്നീട് പരമോന്നത കോടതി തള്ളി. 100 വര്‍ഷത്തോളം പഴക്കമുള്ള തര്‍ക്കവിഷയം പെട്ടെന്നു പരിഗണിക്കണമെന്നായിരുന്നു യു.പി സര്‍ക്കാര്‍ വാദം.

Read Also : രാമക്ഷേത്രം നിര്‍മിക്കുന്നവര്‍ക്കേ വോട്ടുള്ളൂ; രാജ്‌നാഥ് സിങ്ങിന്റെ പ്രസംഗത്തിനിടെ മുദ്രാവാക്യം വിളികളുമായി ബി.ജെ.പി അനുനായികള്‍

ജനുവരിയിലേക്ക് നീട്ടിയതോടെ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുമ്പായി കേസില്‍ വിധി ഉണ്ടാകാനുള്ള സാധ്യത മങ്ങിയിരുന്നു. ഇതോടെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനും പ്രസ്താവന പുറപ്പെടുവിക്കാനും സംഘപരിവാര്‍ സംഘടനകള്‍ രംഗത്തുവന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ. കൗള്‍ എന്നിവര്‍ കേസില്‍ വാദം കേള്‍ക്കാനായി മൂന്നംഗ ബെഞ്ചിനെ നിയോഗിക്കാനാണു സാധ്യത. പെട്ടെന്ന് വിധി വരാനായി ബാബ്‌രി മസ്ജിദ് കേസിലെ വാദം ഓരോ ദിവസവും തുടര്‍ച്ചയായി കേള്‍ക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേകര്‍ പ്രതികരിച്ചു.