| Friday, 8th November 2019, 10:38 pm

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് 27-ാം വര്‍ഷം വിധി; അയോധ്യാക്കേസില്‍ അറിയേണ്ടതെല്ലാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് 27 വര്‍ഷമാകാന്‍ ഒരുമാസം മാത്രം ശേഷിക്കെയാണ് അയോധ്യാക്കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിക്കാന്‍ പോകുന്നത്. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി എന്നിവരുടെ നേതൃത്വത്തില്‍ ലക്ഷക്കണക്കിനു കര്‍സേവകരാണ് 1992 ഡിസംബര്‍ ആറിനു നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്തത്.

എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നിന്ന് അയോധ്യയിലേക്കു നടന്ന രഥയാത്രയെത്തുടര്‍ന്നു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടിരുന്നു.

1992 ഡിസംബര്‍ ആറിന് ബി.ജെ.പിയും വിശ്വഹിന്ദു പരിഷത്തും (വി.എച്ച്.പി) സംയുക്തമായി സംഘടിപ്പിച്ച ഒന്നരലക്ഷം കര്‍സേവകരുടെ റാലി അക്രമാസക്തമാവുകയായിരുന്നു. തുടര്‍ന്നു സുരക്ഷാസേനയെ പോലും നോക്കുകുത്തിയാക്കിയാണു കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അദ്വാനി, ഉമാഭാരതി, മുരളീ മനോഹര്‍ ജോഷി, വി.എച്ച്.പി നേതാവ് വിനയ് കത്യാര്‍ എന്നിവര്‍ പള്ളി തകര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസംഗങ്ങളാണ് നടത്തിയത്. ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് നിരവധിപേര്‍ കൊല്ലപ്പെടുകയും സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്തിരുന്നു.

രാമജന്മഭൂമിയുടെ അവകാശവാദം ഉയരുന്നത് 1850-ല്‍

1528-ല്‍ നിര്‍മ്മിക്കപ്പെടുവെന്നു കരുതുന്ന ബാബരി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850-ഓടെയാണ്. 1885 ജനുവരി 29-നാണു തര്‍ക്കം ആദ്യമായി കോടതി കയറുന്നത്.

മഹന്ത് രഘുബര്‍ദാസാണ് തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ആദ്യ ഹര്‍ജി നല്‍കിയത്. അത് ഫൈസാബാദ് സബ് കോടതി തള്ളി. ഇതിനെതിരെ നല്‍കിയ അപ്പീലുകള്‍ 1886 മാര്‍ച്ച് 18-നു ജില്ലാ കോടതിയും നവംബര്‍ ഒന്നിന് ജുഡീഷ്യല്‍ കമ്മീഷണറും തള്ളി. ഇതോടെ ബ്രിട്ടീഷ് കാലത്തെ നിയമപോരാട്ടം അവസാനിക്കുകയായിരുന്നു.

1949 ഓഗസ്റ്റ് 22-നാണു പള്ളിയില്‍ രാമവിഗ്രഹം പ്രതിഷ്ഠിക്കപ്പെട്ടത്. തുടര്‍ന്ന് അതേവര്‍ഷം ഡിസംബര്‍ 29-നു തര്‍ക്കഭൂമി ജില്ലാ മജിസ്‌ട്രേറ്റ് ജപ്തി ചെയ്തു. ഇതിനെതിരെ 1950 ജനുവരി 16-നു ഗോപാല്‍ സിങ് വിഷാരദ് എന്നയാള്‍ ഫൈസാബാദ് കോടതിയില്‍ ഹര്‍ജി നല്‍കി.

1959-ല്‍ സുന്നി വഖഫ് ബോര്‍ഡും 1961-ല്‍ നിര്‍മോഹി അഖാഡയും ഹര്‍ജി നല്‍കി. 1986 ജനുവരി 31-നു പള്ളി ഹിന്ദുക്കള്‍ക്കായി തുറന്നുകൊടുക്കാന്‍ ഫൈസാബാദ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ബാബരി മസ്ജിദ് തകര്‍ക്കലിലേക്കെത്തിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

1993 ജനുവരി ഏഴിനാണു തര്‍ക്കഭൂമി ഏറ്റെടുത്തുകൊണ്ടു കേന്ദ്രസര്‍ക്കാര്‍ നിയമം പുറപ്പെടുവിച്ചത്. തര്‍ക്കഭൂമിയുടെ കാര്യത്തില്‍ തീര്‍പ്പുണ്ടാക്കാന്‍ സുപ്രീംകോടതിക്കു രാഷ്ട്രപതി റഫറന്‍സ് നല്‍കുകയും ചെയ്തു. 1994 ഒക്ടോബര്‍ 24-ന് റഫറന്‍സിനു മറുപടി നല്‍കാന്‍ വിസ്സമതിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു.

തുടര്‍ന്നു വിഷയം അലഹബാദ് ഹൈക്കോടതിയിലേക്കു മാറി. 2010 സെപ്റ്റംബര്‍ 30-നു തര്‍ക്കഭൂമി മൂന്നായി വിഭജിക്കാന്‍ ഹൈക്കോടതി വിധിച്ചു. 2010 മേയ് ഒമ്പതിന് ഈ വിധിക്ക് സുപ്രീംകോടതി സ്‌റ്റേ നല്‍കി.

ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകള്‍ ഭരണഘടനാ ബെഞ്ചിനു ലഭിച്ചത് ഈ വര്‍ഷം ജനുവരി എട്ടിനാണ്. മാര്‍ച്ച് എട്ടിനു സമവായ ചര്‍ച്ചയ്ക്ക് സുപ്രീംകോടതി ഉത്തരവിട്ടു. എന്നാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് ആറിനു ഭരണഘടനാ ബെഞ്ചില്‍ അന്തിമ വാദം തുടങ്ങി. ഒക്ടോബര്‍ 16-നാണ് വാദം അവസാനിച്ചത്.

We use cookies to give you the best possible experience. Learn more