| Friday, 8th March 2019, 11:03 am

അയോധ്യ കേസ് മധ്യസ്ഥതയ്ക്ക്; ശ്രീ ശ്രീ രവിശങ്കര്‍ അടക്കം മധ്യസ്ഥ സംഘത്തില്‍ മൂന്നു പേര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അയോധ്യ കേസ് സുപ്രീം കോടതി മധ്യസ്ഥചര്‍ച്ചയ്ക്കു വിട്ടു. മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിടുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ഫൈസാബാദില്‍ വെച്ചായിരിക്കും മധ്യസ്ഥ ചര്‍ച്ച നടക്കുക. മധ്യസ്ഥ ചര്‍ച്ച അതീവ രഹസ്യമായിരിക്കുമെന്നും, ചര്‍ച്ചയെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നും കോടതി പറഞ്ഞു.

റിട്ടയേര്‍ഡ് ജഡ്ജ് എഫ്.എം ഖലീഫുള്ളയാണ് ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുക. അദ്ദേഹത്തെക്കൂടാതെ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരും മധ്യസ്ഥ സംഘത്തിലുണ്ടായിരിക്കും.

അയോധ്യ ഭൂമി തര്‍ക്കത്തിന്റെ “ശാശ്വതമായ പരിഹാരത്തിനായി” സാധ്യത തേടിയാണ് സുപ്രീം കോടതി വിഷയം മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിട്ടത്.

ALSO READ: നടന്നതൊന്നും പുറത്തു പറയരുതെന്ന് പെണ്‍കുട്ടിയോട് പറഞ്ഞു; ലൈംഗികാതിക്രമ കേസില്‍ ഷഫീഖ് ഖാസിമി കുറ്റം സമ്മതിച്ചു

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ദെ, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം മധ്യസ്ഥതയ്ക്ക് വിട്ടത്. രാം ജന്മഭൂമി- ബാബരി മസ്ജിദ് തര്‍ക്കത്തിന്റെ ഗൗരവത്തെക്കുറിച്ചും, മധ്യസ്ഥ ചര്‍ച്ചയുടെ അന്തിമഫലം രാജ്യത്തെ രാഷ്ട്രീയത്തെ എങ്ങനെ ബാധിക്കും എന്നതിനെ പറ്റിയും തങ്ങള്‍ ബോധവാന്മാരാണെന്ന് ബെഞ്ച് വാദം കേള്‍ക്കുന്നതിനിടെ പറഞ്ഞിരുന്നു.

എന്നാല്‍ മധ്യസ്ഥതയെ ഹിന്ദു മഹാസഭയെ പ്രതിനിധീകരിച്ച ഹരജിക്കാരന്‍ എതിര്‍ത്തിരുന്നു. “ഇത് മതപരവും വൈകാരികവുമായ വിഷയമാണ്, സ്ഥല തര്‍ക്കം മാത്രമല്ല” എന്ന് ഹിന്ദു മഹാസഭയുടെ അഭിപ്രായം

“നിങ്ങള്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കു മുമ്പ് അതിന്റെ തീരുമാനത്തെക്കുറിച്ചാണ് പറയുന്നത്. നിങ്ങള്‍ പറയുന്നത് അത് പരാജയമായിരിക്കുമെന്നാണ്. ഈ കേസ് ഹൃദയത്തെക്കുറിച്ചും മനസ്സിനെക്കുറിച്ചും ബന്ധങ്ങളുടെ മുറിവുണക്കുന്നതിനെക്കുറിച്ച് കൂടിയാണ്” എന്നായിരുന്നു ജസ്റ്റിസ് ബോബ്ദെ ഹിന്ദു മഹാസഭയ്ക്ക് നല്‍കിയ മറുപടി.

ALSO READ: ചാനല്‍ പൊതു ചര്‍ച്ചയ്ക്കിടെ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിച്ചു; മുസ്‌ലിം വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍- വീഡിയോ

മധ്യസ്ഥതയെ സുന്നി വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിക്കുന്ന കൗണ്‍സില്‍ അംഗീകരിച്ചു. തങ്ങള്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച അഡ്വക്കേറ്റ് രാജീവ് ധവാന്‍ പറഞ്ഞു.

അയോധ്യയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മുന്‍കാലങ്ങളില്‍ സംഭവിച്ചത് തങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് ബോബ്ദെ വാദം കേള്‍ക്കെ പറഞ്ഞിരുന്നു. “കഴിഞ്ഞ കാലത്ത് എന്തു സംഭവിച്ചു എന്നത് ഞങ്ങള്‍ക്ക് നിയന്ത്രണവിധേയമല്ല, ആരാണ് പിടിച്ചടക്കിയത്, ആരായിരുന്നു രാജാവ്, അമ്പലമായിരുന്നോ, പള്ളിയായിരുന്നോ. നിലവിലെ തര്‍ക്കത്തെക്കുറിച്ച് ഞങ്ങള്‍ക്കറിയാം. ഈ തര്‍ക്കം പരിഹരിക്കുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നത്”- എന്നായിരുന്നു ബോബ്ദെ പറഞ്ഞത്.

We use cookies to give you the best possible experience. Learn more