| Monday, 5th November 2018, 8:25 am

രാമക്ഷേത്രനിര്‍മ്മാണത്തിന് കാലതാമസമുണ്ടാക്കരുത്; സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയെ ഭീഷണിപ്പെടുത്തിയ അമിത് ഷായുടെ ചുവടുപിടിച്ച് കേന്ദ്രമന്ത്രിമാര്‍. അയോധ്യ കേസിലെ വിധി വൈകുന്നത് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിമാരുടെ ഭീഷണി.

രാമക്ഷേത്ര നിര്‍മാണത്തെ ആര്‍ക്കും തടയാനാവില്ലെന്ന പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഉമാഭാരതി രംഗത്തുവന്നപ്പോള്‍ ക്ഷേത്രനിര്‍മാണത്തിന് ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നായിരുന്നു കേന്ദ്രനിയമസഹമന്ത്രി പി.പി ചൗധരിയുടെ പ്രസ്താവന.

അയോധ്യ ഭൂമി തര്‍ക്ക കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നീട്ടിവച്ചതിനാല്‍ ക്ഷേത്രനിര്‍മാണത്തിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന ആവശ്യവുമായി ആര്‍.എസ്.എസ് രംഗത്തുവന്നതിനു പിന്നാലെയാണ് കേന്ദ്ര മന്ത്രിമാരും ബി.ജെ.പി നേതാക്കളും പരസ്യ ആഹ്വാനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ALSO READ: സന്നിധാനത്ത് 15 വനിതാ പൊലീസുകാരെത്തി

ലോക്സഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കി നിര്‍ത്താനാണ് ബി.ജെ.പി ശ്രമം.

രാമജന്മഭൂമി പ്രക്ഷോഭത്തില്‍ സജീവ പങ്കാളിയായിരുന്നുവെന്നും ക്ഷേത്രം നിര്‍മിക്കാനുള്ള ഏത് നീക്കത്തെയും പൂര്‍ണമായി പിന്തുണയ്ക്കുമെന്നുമായിരുന്നു കേന്ദ്രമന്ത്രി ഉമാഭാരതിയുടെ പ്രസ്താവന. അയോധ്യതര്‍ക്കഭൂമിക്കേസില്‍ സുപ്രീംകോടതി എത്രയും വേഗം തീരുമാനമെടുക്കണമെന്ന് പറഞ്ഞ കേന്ദ്രനിയമസഹമന്ത്രി പി.പി ചൗധരി, ആവശ്യമെങ്കില്‍ ക്ഷേത്രനിര്‍മാണത്തിനായി നിയമനിര്‍മാണം നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.

ALSO READ: യുവതികളെ കയറ്റാന്‍ സി.പി.ഐ.എം നേതാക്കള്‍ വീടുകള്‍ കയറുന്നെന്ന് ജനം ടി.വിയുടെ വ്യാജ വാര്‍ത്ത; കലാപമുണ്ടാക്കാനുള്ള ശ്രമമെന്ന് സി.പി.ഐ.എം

കോടതി നടപടികള്‍ നീളുന്നതില്‍ ഹിന്ദുക്കളുടെ ഇടയില്‍ ആശങ്കയുണ്ടെന്നായിരുന്നു ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവിന്റെ പ്രതികരണം. രാജ്യത്ത് 1992ന് സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും രാം മാധവ് പറഞ്ഞു.

നേരത്തെ ശബരിമല വിഷയത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത വിധി പുറപ്പെടുവിക്കാന്‍ കോടതികള്‍ ഒരുങ്ങരുതെന്ന് അമിത് ഷാ പറഞ്ഞിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more