| Saturday, 19th June 2021, 5:47 pm

20 ലക്ഷം വിലയുള്ള ഭൂമി ബി.ജെ.പി. നേതാവില്‍ നിന്ന് ട്രസ്റ്റ് വാങ്ങിയത് 2.5 കോടി രൂപയ്ക്ക്; രാമക്ഷേത്ര നിര്‍മാണത്തിന് പിന്നിലെ തട്ടിപ്പുകള്‍ ഒന്നൊന്നായി പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ മറവില്‍ നടന്ന തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 20 ലക്ഷം രൂപയ്ക്ക് വിറ്റ ഭൂമി മൂന്ന് മാസത്തിന് ശേഷം രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് 2.5 കോടി രൂപയ്ക്കാണ് വാങ്ങിയതെന്ന് ന്യൂസ് ലോണ്‍ട്രി റിപ്പോര്‍ട്ട് ചെയ്യുന്നു.

രാമക്ഷേത്ര സമുച്ചയം വരുന്നതിന് തൊട്ടടുത്ത് 890 ചതുരശ്ര മീറ്റര്‍ സ്ഥലമാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. ദേവേന്ദ്ര പ്രസാദാചാര്യ എന്നയാളുടെ കൈവശമായിരുന്നു ഈ ഭൂമിയുടെ ഉടമസ്ഥാവകാശം.

ഫെബ്രുവരി 20 നാണ് ദീപ് നാരായണ്‍ എന്നയാള്‍, ദേവേന്ദ്രയില്‍ നിന്ന് ഭൂമി വാങ്ങിയത്. അയോധ്യ മേയറും ബി.ജെ.പി. നേതാവുമായ ഋഷികേഷ് ഉപാധ്യായയുടെ അനന്തരവനാണ് ദീപ് നാരായണ്‍. ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ താനൊരു സജീവ ബി.ജെ.പി. പ്രവര്‍ത്തകനാണ് എന്നും ചേര്‍ത്തിട്ടുണ്ട്.

മേയ് 11 നാണ് ദീപ് നാരായണ്‍ സ്ഥലം രാമക്ഷേത്ര ട്രസ്റ്റിന് വില്‍ക്കുന്നത്. ഭൂമി വില 35.6 ലക്ഷം മാത്രമായി തുടരുന്ന സമയത്താണ് 2.5 കോടി രൂപയ്ക്ക് ട്രസ്റ്റ് സ്ഥലം വാങ്ങുന്നത്.

ട്രസ്റ്റ് അംഗമായ അനില്‍ മിശ്രയാണ് ഇടപാടിന്റെ സാക്ഷി. ബാങ്ക് വഴിയാണ് നാരായണന് 2.5 കോടി രൂപ നല്‍കിയത്. നാരായണന്‍ ഫെബ്രുവരി 20ന് സ്ഥലം വാങ്ങുമ്പോള്‍ നാരായണ്‍ പാണ്ഡെ, പവന്‍ തിവാരി എന്നിവരായിരുന്നു സാക്ഷികള്‍.

890 ചതുരശ്ര മീറ്റര്‍ സ്വത്ത് പ്രസാദാചാര്യയില്‍നിന്ന് നാരായണന്‍ വാങ്ങിയ ദിവസം, കോട്ട് രാംചന്ദ്രയിലെ മറ്റൊരു സ്ഥലം ക്ഷേത്ര ട്രസ്റ്റിന് ഒരു കോടി രൂപക്ക് ഇദ്ദേഹം വിറ്റിട്ടുണ്ട്. 27.08 ലക്ഷം രൂപ മാത്രമാണ് ഈ സ്ഥലത്തിന്റെ അടിസ്ഥാന വില. അനില്‍ മിശ്ര തന്നെയാണ് ഈ ഇടപാടിലെയും സാക്ഷിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രാമക്ഷേത്ര നിര്‍മാണത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേയും പുറത്തുവന്നിരുന്നു. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം രൂപീകരിച്ച രാമക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിനായി ഭൂമി വാങ്ങിയതില്‍ വന്‍ തട്ടിപ്പ് നടത്തിയെന്നാണ് സമാജ്‌വാദി പാര്‍ട്ടിയും (എസ്.പി.) ആം ആദ്മി പാര്‍ട്ടിയും ആരോപിക്കുന്നത്.

മാര്‍ച്ച് 18ന് ഒരു വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപയ്ക്ക് വാങ്ങിയ 1.208 ഹെക്ടര്‍ ഭൂമി റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ രാമജന്മഭൂമി ട്രസ്റ്റിന് 18.5 കോടിക്ക് മറിച്ചുവിറ്റെന്നാണ് ആരോപണം.

രണ്ട് ഇടപാടുകള്‍ക്കിടയിലെ സമയം 10 മിനിറ്റില്‍ താഴെയാണ്. ബാബാ ഹരിദാസ് എന്നയാളുടെ ഭൂമിയാണ് രവി മോഹന്‍ തിവാരി, സുല്‍ത്താന്‍ അന്‍സാരി എന്നിവര്‍ക്ക് വില്‍പന നടത്തിയത്. ഇവരില്‍ നിന്നാണ് ട്രസ്റ്റ് ഭൂമി ഏറ്റെടുത്തത്.

ക്ഷേത്ര നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നത് ഈ ട്രസ്റ്റാണ്. 70 ഏക്കര്‍ ഭൂമിയാണ് ക്ഷേത്രത്തിനായി അനുവദിച്ചിട്ടുള്ളത്. 15 അംഗ സമിതിയില്‍ 12 പേരും കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തവരാണ്.

Content Highlight: Ayodhya BJP mayor’s nephew bought land for 20 lakh, sold it to Ram temple trust for 2.5 crore

We use cookies to give you the best possible experience. Learn more