| Sunday, 26th July 2020, 8:43 am

അയോധ്യ; 'ഭൂമി പൂജ'യ്ക്ക് പ്രധാനമന്ത്രി, തത്സമയ സംപ്രേഷണത്തിന് ദൂരദര്‍ശന്‍; വെളിപ്പെടുത്തി ക്ഷേത്ര ട്രസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: രാജ്യത്ത് കൊവിഡ് പ്രതിസന്ധി അതി രൂക്ഷമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലും അയോധ്യയില്‍ ‘ഭൂമി പൂജ’യ്ക്ക് പ്രധാനമന്ത്രി നേരിട്ട് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 5 ന് അയോധ്യയിലെ നിര്‍ദ്ദിഷ്ട രാമക്ഷേത്രത്തിനുള്ള ‘ഭൂമി പൂജ’യില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും ‘ഭൂമി പൂജാ’ ചടങ്ങ് പൊതു പ്രക്ഷേപണ ചാനലായ ദൂരദര്‍ശന്‍ തത്സമയം സംപ്രേഷണം ചെയ്യുമെന്നും ക്ഷേത്ര നിര്‍മാണ ട്രസ്റ്റ്.
ട്വിറ്ററിലൂടെയാണ് ശ്രീറാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.

”ശ്രീ രാം ജന്മഭൂമി മന്ദിറിന്റെ നിര്‍മ്മാണം ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ എത്തും. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ചരിത്രപരമായ നിമിഷമായിരിക്കും ഇത്. ഇവന്റ് ദൂരദര്‍ശനില്‍ തത്സമയം സംപ്രേഷണം ചെയ്യും. മറ്റ് ചാനലുകളും ടെലികാസ്റ്റ് പ്രക്ഷേപണം ചെയ്യും,” എന്നാണ് ട്വിറ്ററില്‍ പറഞ്ഞിരിക്കുന്ന വിവരം.

പ്രധാനമന്ത്രിയുടെ മറ്റേതൊരു പരിപാടിപോലെയും ഭൂമി പൂജയും ഉള്‍പ്പെടുത്തുമെന്ന് പ്രസാര്‍ ഭാരതി വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി അയോധ്യയിലുണ്ടാകുമെന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ദേശീയ വക്താവ് വിനോദ് ബന്‍സല്‍ ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയ ആര്‍.ടി.ഐ ആക്ടിവിസ്റ്റ് സാകേത് ഗോഖലെയക്കെതിരെ ഭീഷണിയുമായി ആര്‍.എസ്.എസ്. രംഗത്തെത്തിയിരുന്നു.

രാമക്ഷേത്രത്തിന്റെ ഭൂമി പൂജയുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് അലഹബാദ് ഹൈക്കോടതിയില്‍ സാകേത് ഹരജി നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അപേക്ഷ കോടതി തള്ളുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more