സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും അയോധ്യ കമ്മീഷണറും അയോധ്യ വികസന അതോറിറ്റി ചെയര്‍മാനുമായ ഗൗരവ് ദയാല്‍ പറഞ്ഞു. സര്‍ക്കാരിനെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കരാര്‍ ഏറ്റെടുത്ത സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചതായും ഗൗരവ് ദയാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം അയോധ്യ വികസന അതോറിറ്റിയുടെ കരാര്‍ പ്രകാരം ലൈറ്റുകള്‍ സ്ഥാപിച്ച യാഷ് എന്റര്‍പ്രൈസസും കൃഷ്ണ ഓട്ടോമൊബൈല്‍സും ചേര്‍ന്നാണ് വഴിവിളക്കുകള്‍ മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.
തുടര്‍ന്ന് ഓഗസ്റ്റ് ഒമ്പതിന് മോഷണ പരാതിയില്‍ രാമജന്മഭൂമി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍ മെയ് മാസത്തില്‍ തന്നെ മോഷണ വിവരം അറിഞ്ഞുവെന്ന് പറയുന്ന സ്ഥാപനങ്ങള്‍ എന്തുകൊണ്ടാണ് പരാതി നല്‍കാന്‍ ഓഗസ്റ്റ് വരെ കാത്തുനിന്നതെന്ന് ഗൗരവ് ദയാല്‍ ചോദിച്ചു.
ഇതിന് മറുപടിയായി പരാതിക്കാരനില്‍ ഒരാളായ ശേഖര്‍ ശര്‍മ രംഗത്തെത്തി. ക്ഷേത്രത്തിലേക്കുള്ള രാമപാതയില്‍ 6,400 മുള വിളക്കുകളും ഭക്തി പാതയില്‍ 96 പ്രൊജക്ടര്‍ ലൈറ്റുകളുമാണ് സ്ഥാപിച്ചിരുന്നത്. മാര്‍ച്ച് 19 വരെ എല്ലാ ലൈറ്റുകളും ഉണ്ടായിരുന്നു. എന്നാല്‍ മെയ് ഒമ്പതിന് നടത്തിയ പരിശോധനയില്‍ ചില ലൈറ്റുകള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി എന്നാണ് ശേഖര്‍ ശര്‍മ പറഞ്ഞത്.
എഫ്.ഐ.ആര്‍ പ്രകാരം വിളക്കുകള്‍ക്കും പ്രൊജക്ടറിനും കൂടി 50 ലക്ഷം മൂല്യം വരുമെന്നാണ് നിഗമനം. രാമജന്മഭൂമി പൊലീസ് സ്റ്റേഷന് കീഴിലാണ് പരാതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2024 ജനുവരി 22ന് നടന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായാണ് നടപ്പാതകളിലെ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതടക്കമുള്ള നവീകരണ പദ്ധതികള്‍ ആരംഭിച്ചത്.
കഴിഞ്ഞ മാസം അവസാനത്തില്‍ പെയ്ത മഴയില്‍ രാമക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്ത് അഞ്ച് മാസങ്ങള്‍ക്ക് ശേഷം പെയ്ത ആദ്യ മഴയില്‍ തന്നെ ക്ഷേത്രം ചോര്‍ന്നൊലിക്കുകയായിരുന്നു. 1,800 കോടി മുടക്കി നിര്‍മിച്ച അയോധ്യ രാമക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു അയോധ്യയിലെ രാമക്ഷേത്രം. എന്നാല്‍ മോദി തന്നെ നേരിട്ടെത്തി പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തില്‍ നിന്നാണ് അതീവ സുരക്ഷയുണ്ടായിട്ടും വഴിവിളക്കുകള്‍ മോഷണം പോയെന്നും പൂജാരി ഇരിക്കുന്നിടം ചോര്‍ന്നൊലിക്കുകയാണെന്ന പരാതിയും ഉയരുന്നത്.
Content Highlight: Ayodhya administration responds to complaints of theft of street lamps installed on the footpath of Ram temple