| Sunday, 22nd January 2023, 6:04 pm

മഞ്ജുവിനേക്കാള്‍ ഹൃദയം കീഴടക്കുന്ന മാമ്മ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ആയിഷയില്‍ താരത്തിനൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ മറ്റൊരു നടിയാണ് മോണ. മാമ്മ എന്ന കഥാപാത്രത്തെയാണ് മോണ ചിത്രത്തില്‍ അവതരിപ്പിച്ചത്. സൗദി പാലസിലെ പ്രധാനിയായ എല്ലാവരാലും ആദരിക്കപ്പെടുന്ന മോണക്ക് പക്ഷെ ഉള്ളില്‍ ഒരുപാട് വിങ്ങലുകളുണ്ട്. വാര്‍ധക്യത്തിന്റെ അവശതയും സഹതാപ പൂര്‍വമുള്ള മറ്റൊരുള്ളവരുടെ നോട്ടവും പരിചരണവും കാരണം മാനസികമായി അവശയാണ് മാമ്മ.

spoiler alert…

പുറമെ നിന്നും നോക്കുമ്പോള്‍ കര്‍ക്കശക്കാരിയും പിടിവാശിക്കാരിയുമായ മാമ്മക്കുള്ളിലെ ദയയുടെയും പ്രണയത്തിന്റെയും നഷ്ടബോധത്തിന്റെയും മറ്റൊരു മുഖം പ്രേക്ഷകര്‍ കാണുന്നത് കുറച്ച് കഴിഞ്ഞിട്ടാണ്. ആയിഷയായി എത്തിയ മഞ്ജുവിന്റെ സ്‌നേഹത്തിനും പരിഗണനക്കും മുന്നില്‍ മാമ്മ തന്റെ മനസ് തുറക്കുന്നു. അവരില്‍ തന്റെ അമ്മയെ കാണുന്ന ആയിഷക്കും പിന്നീട് വലിയ ആശ്വാസമാവുകയാണ് മാമ്മ.

നിലമ്പൂര്‍ ആയിഷയെന്ന ശക്തയായ സ്ത്രീയുടെ ജീവിതത്തെയാണ് സിനിമയില്‍ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ഒരുവേള പ്രേക്ഷകര്‍ അറിയാതെ പോകുന്നുണ്ട്. കാരണം നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തിലെ കനല്‍ നിറഞ്ഞ ഏടുകളെ തീവ്രതയോടെ അവതരിപ്പിക്കാന്‍ സിനിമക്ക് കഴിഞ്ഞില്ലെങ്കിലും മാമ്മ എന്ന കഥാപാത്രത്തിന്റെ ജീവിതവും നിസഹായവസ്ഥയും പ്രണയവും സിനിമയില്‍ നന്നായി പ്രതിപാദിക്കുന്നുണ്ട്.

പല ഇമോഷണല്‍ രംഗങ്ങളിലും മഞ്ജു വാര്യറിനേക്കാള്‍ മികച്ച പ്രകടമാണ് മോണയുടേത്. അത്രമാത്രം ആഴത്തില്‍ ആയിഷയില്‍ വരച്ചിട്ട കഥാപാത്രമാണ് മാമ്മ. ഒരു വശത്ത് ആയിഷ എന്ന കമ്മ്യൂണിസ്റ്റുകാരിയായ കലാകാരിയുടെ യൗവനത്തിലെ അനുഭവങ്ങളുള്ളപ്പോഴും മറുവശത്ത് കാണിക്കുന്ന സമ്പത്തും പ്രതാപവും സന്താനങ്ങളും ഉണ്ടായിട്ടും വാര്‍ധക്യത്തില്‍ സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന മാമ്മയുടെ ജീവിതമാണ് പ്രേക്ഷകരില്‍ പതിയുന്നത്.

സന്തോഷവും വിരഹവും അവശതയും വളരെ മനോഹരമായി അഭിനയിച്ച് കാണിക്കാന്‍ മോണക്ക് കഴിഞ്ഞിട്ടുണ്ട്. വാര്‍ധക്യത്തിലെ കുട്ടികളുടേത് പോലുള്ള പിടിവാശികളും ദേഷ്യവും പെട്ടെന്നുള്ള ഭാവമാറ്റവും എല്ലാം വളരെ തന്മയത്വത്തോടെയാണ് മോണ അവതരിപ്പിക്കുന്നത്. തന്റെ മരിച്ചുപോയ പാര്‍ട്ണറോടുള്ള പങ്കാളിക്കുള്ള പ്രണയവും അയാളെ നഷ്ടപെട്ടതിന്റെ വേദനയും നന്നായി തന്നെ ചിത്രത്തില്‍ പ്രകടമാണ്.

മഞ്ജുവും മോണയും ഒരുമിച്ചെത്തുന്ന സീനുകളില്‍ മഞ്ജുവിനെ കടത്തിവെട്ടുന്ന അഭിനയമാണ് മോണയുടേത്. ആയിഷയും മാമ്മയും തമ്മിലുള്ള ഇമോഷണല്‍ രംഗങ്ങള്‍ ഹൃദ്യമായാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. പാലസിലെ അവസാന വാക്ക് മാമ്മയുടേതാണ്. ഒരു സമയത്ത് ഭയപ്പെടുത്തി ഭരിക്കാനും അതേസമയം വളരെ സൗമ്യയായി പെരുമാറാനും കഴിയുന്ന സ്ത്രീയുമാണ് ഇവര്‍. മോണ എന്ന നടി കറക്ടായിട്ടുള്ള കാസ്റ്റിങ്ങാണെന്ന് നിസംശം പറയാന്‍ കഴിയും.

നിലമ്പൂര്‍ ആയിഷയെന്ന ശക്തയായ സ്ത്രിയുടെ അതിജീവനത്തേക്കാള്‍ സിനിമ സംസാരിക്കുന്നത് മാമ്മ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ്. നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തെ അതേപോലെ ചിത്രത്തിന് പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഗദ്ദാമ്മയും അവരുടെ ആയയും തമ്മിലുള്ള നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ കഥ പറയാന്‍ ആയിഷ എന്ന ചിത്രത്തിന് സാധിച്ചിട്ടുണ്ട്.

content highlight: ayisha movie charector mamma

We use cookies to give you the best possible experience. Learn more