| Friday, 8th March 2024, 3:45 pm

'അയിന് ഇപ്പൊ ഇങ്ങൾക്കൊക്കെ എന്താണ്'; വനിതാ ദിനത്തിൽ കിടിലൻ റാപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വനിതാദിനത്തോടനുബന്ധിച്ച്‌ ഫ്ലവേഴ്‌സ് ഒറിജിനൽസിന്റെ ബാനറിൽ 24 സബ് എഡിറ്റർ അനശ്വര കൃഷ്ണദാസ് സംവിധാനം ചെയ്ത ‘അയിന്’ എന്ന റാപ്പ് വീഡിയോ ശ്രദ്ധനേടുന്നു. പെൺകുട്ടികൾക്ക് നേരെയുള്ള ഒളിഞ്ഞ് നോട്ടങ്ങളും സംസാരങ്ങളുമാണ് പാട്ടിന്‍റെ പ്രമേയം. സമൂഹത്തിൽ സ്ത്രീകളെ വിശേഷിപ്പിക്കുന്ന മോശം പേരുകളും പെരുമാറ്റങ്ങളും രസകരമായ് അവതരിപ്പിച്ച ​ഗാനം അനശ്വര കൃഷ്ണദാസ് തന്നെയാണ് വരികൾ എഴുതി ആലപിച്ചിരിക്കുന്നത്.

ഒരു റാപ്പ് രീതിയിൽ ഒരുങ്ങിയ പാട്ടിലൂടെ സ്ത്രീകളുടെ അനീതികളും പ്രശ്നങ്ങളുമാണ് ചർച്ചചെയ്യുന്നത്. ഫോർട്ട് കൊച്ചിയുടെ പശ്ചാത്തലത്തിലാണ് പാട്ട് ചിത്രീകരിച്ചിട്ടുള്ളത്. അഞ്ചു സ്ത്രീകൾ ഒന്നിച്ച് പാടി ഡാൻസ് കളിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. റാപ്പ് രീതിയിൽ പോകുന്ന പാട്ടിലൂടെ സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്ങ്ങളെയും സ്ത്രീകളെ സ്റ്റീരിയോടൈപ്പ് ചെയ്യുന്നതിനെക്കുറിച്ചൊക്കെയാണ് ചർച്ച ചെയ്യുന്നത്.

നിരവധി ചോദ്യങ്ങളാണ് പാട്ടിലൂടെ സമൂഹത്തോട് ഇവർ ചോദിക്കുന്നത്. സ്ത്രീകളെ പലപ്പോഴും പൂവും പാലും ഇലയുമായി താരതമ്യം ചെയ്യുന്നതിനെയെല്ലാം പാട്ടിൽ എടുത്തുപറയുന്നുണ്ട്. ‘ഞാൻ പൂവുമല്ല, ഇലയുമല്ല, പാലുമല്ല’ എന്നാണ് പറയുന്നത്. ഇത്തരത്തിൽ തുടങ്ങി കല്യാണവും, അടുക്കളയും തുടങ്ങി സ്ത്രീയെ അടച്ചിടുന്ന സ്ഥലങ്ങളിലെ പ്രശ്‍നങ്ങളെല്ലാം റാപ്പ് എടുത്തുപറയുന്നുണ്ട്.

ജയൻ കാർത്തികേയൻ, സനു വർഗീസ്, ജിസൺ ജോസ് എന്നിവർ ഛായാഗ്രഹണം നിർവഹിച്ച ​ഗാനത്തിന്റെ ചിത്രസംയോജനം സനു വർഗീസാണ് കൈകാര്യം ചെയ്തത്. ശ്രീലക്ഷ്മി സുഗുണൻ, ക്ലിന്റി സി. കണ്ണാടി, ഷദ ഷാജി, ഹർഷ ഉണ്ണികൃഷ്ണൻ എന്നിവർ ചുവടുവെച്ച ​ഗാനത്തിന്റെ കോറിയോ​ഗ്രഫി ഷഫീഖ് മാസ്റ്ററുടെതാണ്.

എഡിറ്റർ: സാനു വർഗീസ്, മേക്കപ്പ്: രാജേഷ് നെടുങ്കണ്ടം, ഹെയർ സ്റ്റൈലിസ്റ്റ്: ബിസ്മിത, കോസ്റ്റിയൂം: രാജി, സനില കണ്ണൻ, അജികുമാർ എം. കെ , യദു കൃഷ്‌ണൻ & രാജി ചന്ദ്രൻ

Content Highlight: Ayinu rap song out

We use cookies to give you the best possible experience. Learn more