ടെഹ്‌റാൻ: ഇസ്രഈലിനെതിരെ ഏതെങ്കിലും തരത്തിലുള്ള വിട്ടുവീഴ്ചക്കില്ലെന്ന് വെളിപ്പെടുത്തി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രഈലിനെതിരെ ഇറാൻ പിൻവാങ്ങിയാൽ ദൈവകോപം ഉണ്ടാകുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.
‘തന്ത്രപരമല്ലാത്ത ഏതൊരു പിന്മാറ്റവും അത് സൈനികമോ രാഷ്ട്രീയമോ സാമ്പത്തികമോ ആകട്ടെ വിശുദ്ധ ഖുറാൻ പ്രകാരം അത് ദൈവകോപം ക്ഷണിച്ചുവരുത്തുന്നു,’ ഇറാൻ ഇന്റർനാഷനലിന്റെ റിപ്പോർട്ടിൽ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം ടെഹ്‌റാനിലെ ഔദ്യോഗിക സന്ദർശനത്തിനിടെ കൊല്ലപ്പെട്ട ഹമാസിൻ്റെ രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയയുടെ കൊലപാതകത്തെ തുടർന്ന് ഇറാനും ഇസ്രായേലും തമ്മിൽ വർധിച്ച് വരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പുതിയ പരാമർശം.
ജൂലൈ 31 ന് ഇറാൻ്റെ പുതിയ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് ഹമാസിൻ്റെ രാഷ്ട്രീയ മേധാവി ഇസ്മായിൽ ഹനിയയെ ഇസ്രഈൽ കൊലപ്പെടുത്തിയത്. ഹനിയയെ കൊലപ്പെടുത്തിയത് ഭീരുത്വമാണെന്നും ഹനിയയുടെ രക്തസാക്ഷിത്വം ഉത്തരം കിട്ടാതെ പോകില്ല എന്നും ഹമാസ് പറഞ്ഞിരുന്നു.
ഹമാസിൻ്റെ ഉന്നത നേതാവിൻ്റെ മരണത്തെ തുടർന്ന് ഈ മാസം ആദ്യം ഇസ്രഈലിനെതിരെ നേരിട്ട് ആക്രമണം നടത്താൻ ഖമേനി ഉത്തരവിട്ടിരുന്നു. ഹനിയയെ കൊലപ്പെടുത്തിയതിന് ഇറാനും ഹമാസും ഇസ്രഈലിനെ കുറ്റപ്പെടുത്തി.
ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രഈലിന് അദ്ദേഹം ഇതിന് മുമ്പും മുന്നറിയിപ്പ് നല്കിയിരുന്നു. ഹനിയയുടെ മരണത്തില്‍ ഇസ്രഈലിനെ ശിക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഖമേനി പറഞ്ഞിരുന്നു.
45 വർഷമായി അമേരിക്കയും ഇസ്രഈലും ഇറാനെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ഖമേനി പറഞ്ഞു. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാനെ അടിച്ചമർത്താൻ മൂന്ന് രാജ്യങ്ങളും ശ്രമിച്ചിട്ടുണ്ടെന്നും ഖമേനി പറഞ്ഞു.
കഴിഞ്ഞ ജൂലൈ 31 നാണ് ഹമാസ് തലവൻ ഇസ്മായിൽ ഹനിയയെ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഹനിയക്ക് പുറമെ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു.
2023 ഒക്ടോബർ 9 മുതൽ ഗസയിലെ ഫലസ്തീനികൾക്ക് നേരെ ഇസ്രഈലി സൈന്യം നടത്തുന്ന ആക്രമണങ്ങളെ ഹനിയയുടെ നേതൃത്വത്തിലാണ് ഹമാസ് പ്രതിരോധിച്ചത്. ഇസ്രഈലിന്റെ ആക്രമണത്തിൽ 38000ലധികം ഫലസ്തീനികൾ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഹനിയയുടെ മരണം.
Content Highlight: Ayatollah Khamenei Warns Of “Divine Wrath” If Iran Backs Down Against Israel